മസാദ് അൽ ജംറോക്; ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ 100 ലോട്ട് ചരക്കുകൾ ലേലം ചെയ്തു
text_fieldsദോഹ: സർക്കാർ സേവനങ്ങളുടെ ഡിജിറ്റൽ പരിവർത്തനം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയവും ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസും (ജി.എ.സി) സംയുക്തമായി ‘മസാദ് അൽ ജംറോക്’ എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ 100 ലോട്ട് ചരക്കുകൾ ലേലം ചെയ്തു. വ്യാഴാഴ്ച വരെയാണ് ലേലം നടന്നത്.ഇതിലൂടെ പൗരന്മാർക്കും ബിസിനസുകൾക്കും സുരക്ഷിതമായും സുതാര്യമായും ഡിജിറ്റൽ പ്ലാറ്റ് ഫോം വഴി ലേലങ്ങളിൽ പങ്കെടുക്കാൻ അവസരമൊരുക്കി. ടാസ്മു സ്മാർട്ട് ഖത്തർ പ്രോഗ്രാമിന്റെ ഭാഗമായി കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ നിർണായക പങ്കോടെ രൂപകൽപന ചെയ്ത ഡിജിറ്റൽ പ്ലാറ്റ്ഫോം ആണ് ‘മസാദ് അൽ ജംറോക്’.
ഉപഭോക്താക്കൾക്ക് ലിസ്റ്റിങ്ങിനും ബിഡുകൾ നൽകാനും ഇടപാടുകൾ പൂര്ത്തിയാക്കാനും കഴിയുന്ന ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോമാണിത്.ഉൽപന്ന മൂല്യനിർണയം മുതൽ പേമെന്റ് വരെയുള്ള മുഴുവൻ കസ്റ്റംസ് പ്രവൃത്തികളും ഓട്ടോമേറ്റ് ചെയ്യുന്നതിലൂടെ, കാര്യക്ഷമത മെച്ചപ്പെടുത്താനും ചെലവുകൾ കുറക്കാനും പൊതുജനപങ്കാളിത്തം വർധിപ്പിക്കാനും പ്ലാറ്റ്ഫോം സഹായിക്കുന്നു.ഖത്തറിന്റെ ഡിജിറ്റൽ അജണ്ട 2030ന്റെ ഭാഗമായി സർക്കാർ സേവനങ്ങൾ മെച്ചപ്പെടുത്താനും പൗരന്മാരുമായുള്ള ഇടപെടലുകൾ ശക്തമാക്കാനും ഡിജിറ്റൽ സമ്പദ് വ്യവസ്ഥയെ പിന്തുണക്കാനും മസാദ് അൽ ജംറോക് സഹായകമാകും. വെയർഹൗസ് മാനേജ്മെന്റ്, അൽ നദീബ് ക്ലിയറൻസ് സിസ്റ്റം തുടങ്ങിയ ദേശീയ സംവിധാനങ്ങളുമായി പ്ലാറ്റ്ഫോം പൂർണമായും സംയോജിപ്പിച്ചിട്ടുണ്ട്.
ജി.എ.സിയുടെ നവീകരണത്തിനും ഖത്തറിലെ കസ്റ്റംസ് ലേലങ്ങളിൽ സുതാര്യത ഉറപ്പാക്കാനും കൂടുതൽ ആളുകളിലേക്ക് വ്യാപിപ്പിക്കാനും പ്ലാറ്റ്ഫോമിലൂടെ സാധിക്കുമെന്ന് മസാദ് അൽ ജംറോക് പ്ലാറ്റ്ഫോം മേധാവി അബ്ദുൽറഹ്മാൻ അഹമ്മദ് അൽ ഒബൈദ് ലി പറഞ്ഞു.പൗരന്മാർക്കും ബിസിനസുകൾക്കും ലോഗിൻ ചെയ്ത ശേഷം, ലിസ്റ്റിംഗുകൾ പരിശോധിക്കാനും അലർട്ടുകൾ സജ്ജമാക്കാനും ബിഡ് ചെയ്യാനും ഇടപാടുകൾ നിയന്ത്രിക്കാനും കഴിയുന്ന വ്യക്തിഗത ഡാഷ്ബോർഡുകൾ പ്ലാറ്റ്ഫോം ഒരുക്കുന്നു. ലേലപ്രക്രിയ കൂടുതൽ കൃത്യതയോടെ നടക്കുന്നതിനും ഇതു സഹായകമാണ്.മസാദ് അൽ ജംറോക് മൊബൈൽ ആപ്ലിക്കേഷൻ ആപ് സ്റ്റോറിലും ഗൂഗ്ൾ പ്ലേ സ്റ്റോറിലും ലഭ്യമാണ്. ഇതിനുപുറമേ ഔദ്യോഗിക വെബ്സൈറ്റ് വഴിയും ലേലത്തിൽ പങ്കെടുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

