മെട്രാഷിന് സ്വീകാര്യതയേറുന്നു
text_fieldsദോഹ: ആഭ്യന്തര മന്ത്രാലയവുമായി സംവദിക്കുന്നതിനും ആശയവിനിമയം നടത്തുന്നതിനുമായി രാജ്യത്തെ അധികപേരും തിരഞ്ഞെടുക്കുന്നത് മെട്രാഷ്-2 ആപ്ലിക്കേഷനെന്ന് സർവേ റിപ്പോർട്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ സേവനങ്ങളിൽ കാര്യക്ഷമതയും ജനപ്രീതിയുമുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമായി മെട്രാഷ് രണ്ട് ഇതിനകം സ്വീകാര്യത നേടിയതായും അഭിപ്രായപ്പെടുന്നു.
ട്രാഫിക് സേവനങ്ങൾ, വിസിറ്റ് വിസ സേവനങ്ങൾ, റെസിഡൻറ് പെർമിറ്റ് സേവനങ്ങൾ തുടങ്ങി നിരവധി ആവശ്യങ്ങൾക്കാണ് പൗരന്മാരും താമസക്കാരും മെട്രാഷ് രണ്ട് ഉപയോഗിക്കുന്നത്. ആഭ്യന്തര മന്ത്രാലയം വെബ്സൈറ്റ് വഴി ഈയിടെ നടത്തിയ ഒാൺലൈൻ സർവേയിൽ പങ്കെടുത്തവരിൽ 41 ശതമാനം പേരും മന്ത്രാലയവുമായി ആശയവിനിമയം നടത്തുന്നതിന് മെട്രാഷ് ഇഷ്ടപ്പെടുന്നുവെന്ന് രേഖപ്പെടുത്തി.
5608 പേർ പങ്കെടുത്ത സർവേയിൽ 2283 പേർ മെട്രാഷ് തിരഞ്ഞെടുത്തപ്പോൾ 1294(23 ശതമാനം) പേർ ഇ–മെയിൽ വഴി ആഭ്യന്തര മന്ത്രാലയവുമായി ആശയവിനിമയം നടത്താൻ താൽപര്യപ്പെടുന്നു. 18 ശതമാനം (989 പേർ) മാത്രമാണ് ആഭ്യന്തര മന്ത്രാലയത്തിൽ നേരിട്ടുള്ള സന്ദർശനത്തിൽ മുൻഗണന നൽകുന്നതെന്ന് അഭിപ്രായപ്പെട്ടത്. സർവേയിൽ പങ്കെടുത്ത 756 പേർ (13 ശതമാനം) ടെലിഫോൺ വഴി ആശയവിനിമയം നടത്താൻ താൽപര്യപ്പെടുമ്പോൾ അഞ്ച് ശതമാനം പേർ (286) ആഭ്യന്തര മന്ത്രാലയത്തിന്റെ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകൾ ഉപയോഗപ്പെടുത്തുന്നതിലാണ് താൽപര്യം പ്രകടിപ്പിക്കുന്നത്. പൊതുജനങ്ങളുടെ അഭിപ്രായവും നിർദേശങ്ങളും അറിയുന്നതിനായി പ്രവർത്തിക്കുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ പബ്ലിക് ഒപീനിയൻ സർവേ സെൻററാണ് അഭിപ്രായം സ്വരൂപിച്ചത്.
ആഭ്യന്തര മന്ത്രാലയത്തിലെ വിവിധ വകുപ്പുകൾക്ക് കീഴിലുള്ള സേവനങ്ങളുടെ ഗുണമേന്മയും കാര്യക്ഷമതയും ഉറപ്പുവരുത്തുന്നതിൽ പൊതുജനങ്ങളുടെ അഭിപ്രായം വലിയ പങ്കുവഹിക്കുന്നുവെന്ന് മന്ത്രാലയം വ്യക്തമാക്കി. ഈയിടെ സമാപിച്ച 14ാമത് മിലിപോൾ ഖത്തർ പ്രദർശനത്തോടനുബന്ധിച്ച് 17 പുതിയ ഇലക്േട്രാണിക് സേവനങ്ങളാണ് ആഭ്യന്തര മന്ത്രാലയം മെട്രാഷിൽ അവതരിപ്പിച്ചത്. റെഡിസൻറ് പെർമിറ്റുമായി ബന്ധപ്പെട്ട് ആറ് സർവിസുകളാണ് പുതുതായി ചേർക്കപ്പെട്ടത്. ഈ സേവനങ്ങൾക്കായി നേരേത്ത മന്ത്രാലയത്തിന് കീഴിലെ എക്സ്പാട്രിയറ്റ് അഫേഴ്സ് വിഭാഗത്തിൽ നേരിട്ടെത്തി രേഖകൾ സമർപ്പിക്കേണ്ടതുണ്ടായിരുന്നു. പുതിയ നടപടിപ്രകാരം ഈ സേവനങ്ങൾക്ക് മെട്രാഷ് 2നെ ആശ്രയിച്ചാൽ മതി. 2022 മാർച്ചിലെ കണക്കുകൾ പ്രകാരം മെട്രാഷ് ആപ്പ് ആരംഭിച്ചത് മുതൽ 26 മില്യൻ ഇടപാടുകളാണ് ആപ്പ് വഴി പൂർത്തിയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

