താരങ്ങളിറങ്ങും; മാച്ച് ഫോർ ഹോപ് ഇന്ന്
text_fieldsദോഹ: വിദ്യാഭ്യാസത്തിനുവേണ്ടി കളിയിലൂടെ കൈകോർക്കാം എന്ന സന്ദേശവുമായി എജുക്കേഷൻ എബൗ ഓൾ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ‘മാച്ച് ഫോർ ഹോപ്’ പ്രദർശന മത്സരത്തിന് ഇന്ന് പന്തുരുളും.
ലോകകപ്പ് വേദികളിലൊന്നായ 974 സ്റ്റേഡിയത്തിൽ രാത്രി എട്ടിനാണ് മത്സരത്തിന്റെ കിക്കോഫ്.
ലോകഫുട്ബാൾ മുൻകാല താരങ്ങൾ, സോഷ്യൽ മീഡിയ താരങ്ങൾ ഉൾപ്പെടെ അണിനിരക്കുന്ന രണ്ട് ടീമുകളാണ് മാറ്റുരക്കുന്നത്.
മുൻ ഫ്രഞ്ച് ഇതിഹാസം തിയറി ഒൻറി, സ്പാനിഷ് താരങ്ങളായ ആന്ദ്രെ ഇനിയേസ്റ്റ, ഡേവിഡ് സിൽവ, ഇറ്റാലിയൻ സൂപ്പർതാരം അലസാന്ദ്രോ ഡെൽപിയറോ, ആന്ദ്രെ പിർലോ, മുൻ ഖത്തരി താരം മുബാറക് മുസ്തഫ എന്നിവർക്കൊപ്പം, സോഷ്യൽമീഡിയയിൽ ആരാധകരേറെയുള്ള കെ.എസ്.ഐ, ചങ്ക്സ്, ആഡം വഹീദ്, അബുഫലാഹ് കൂടി ചേരുന്നതോടെ കളി വേറെ ലെവലായി മാറും.
പി.എസ്.ജി മുൻ കോച്ച് മൗറിസിയോ പൊച്ചട്ടിനോ, ആഴ്സണൽ ഇതിഹാസം ആഴ്സൻ വെങ്ങർ എന്നിവരാണ് പരിശീലകർ.ഫുട്ബാളും സംഗീതവും വിനോദവുമെല്ലാം ഒന്നിപ്പിച്ചാണ് അപൂർവമായ കളിയാവേശത്തിന് ഇ.എ.എ നേതൃത്വം നൽകുന്നത്. റഷ റിസ്ക്, മകൾമോർ തുടങ്ങിയ കലാകാരന്മാരുടെ പ്രകടനത്തിനും വേദിയാകും.
കളിക്കൊപ്പം ആരാധകർക്കായി വൈവിധ്യമാർന്ന ഭക്ഷ്യമേളയും ഒരുക്കുന്നുണ്ട്. മത്സരം ബീൻ സ്പോർട്സ് വഴി സൗജന്യമായി സംപ്രേഷണം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

