മാച്ച് ഫോർ ഹോപ്; സൂപ്പർതാരങ്ങൾ മാറ്റുരക്കുന്ന കളി ഇന്ന്
text_fieldsദോഹ: ലോകത്തിെൻറ വിവിധ ഭാഗങ്ങളിലെ വിദ്യാർഥികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കുന്നതിെൻറ ഭാഗമായി എജുക്കേഷൻ എബൗവ് ഓൾ സംഘടിപ്പിക്കുന്ന ചാരിറ്റി ഫുട്ബാൾ മാച്ച് ഇന്ന്. മാച്ച് ഫോർ ഹോപ് എന്ന പേരിൽ ഡിജിറ്റൽ ലോകത്തെ താരങ്ങളും കളിക്കളത്തിലെ സൂപ്പർതാരങ്ങളുമെല്ലാം ഒന്നിക്കുന്ന പ്രദർശന മത്സരത്തിൽ ഫുട്ബാളിലെ ഇതിസാഹ താരങ്ങളും അണിനിരക്കും. അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. സൗഹൃദ മത്സരത്തിലൂടെ 10 ലക്ഷം ഡോളർ സമാഹരിക്കാനാണ് സംഘാടകർ ലക്ഷ്യമിടുന്നത്.
സമൂഹ മാധ്യമ ലോകത്ത് ദശലക്ഷം പേർ പിന്തുടരുന്ന താരങ്ങളായ ചങ്ക്സ്, അബൂഫ്ല എന്നിവർ നയിക്കുന്ന ടീമുകളിൽ ബ്രസീൽ ഇതിഹാസം കകാ, േക്ലാഡ് മെക്ലെലെ, ഡേവിഡ് വിയ്യ, റോബർട്ടോ കാർലോസ്, എഡൻ ഹസാഡ്, ആദിൽ ഖാമിസ് തുടങ്ങിയ ഫുട്ബാൾ താരങ്ങൾ ബൂട്ടുകെട്ടും. ഇവർക്കൊപ്പം ഫ്രീസ്റ്റൈൽ ഫുട്ബാളേഴ്സ്, സോഷ്യൽ മീഡിയ താരങ്ങളുമുണ്ട്. അേൻറാണിയോ കൊൻെറ, ആഴ്സൻ വെങ്ങർ എന്നിവരാണ് പരിശീലകർ.

