പൊതുഗതാഗതത്തിന് മാസ്റ്റർ പ്ലാൻ
text_fieldsകർവയുടെ ഇലക്ട്രിക് ബസ്
ദോഹ: റോഡിലെ തിരക്ക് കുറച്ചും പാരിസ്ഥിതിക പ്രശ്നങ്ങൾ തടഞ്ഞും പൊതുഗതാഗതം കാര്യക്ഷമമാക്കിയും വിപുലമായ മാസ്റ്റർ പ്ലാൻ ഒരുക്കാൻ ഖത്തർ പൊതുഗതാഗത മന്ത്രാലയം. രാജ്യത്തിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചക്കൊപ്പം സുസ്ഥിരത കൂടി ഉറപ്പാക്കുന്ന മാസ്റ്റര്‍പ്ലാന്‍ തയാറാക്കാനാണ് ഒരുങ്ങുന്നത്.
പൊതുജനങ്ങള്‍ക്ക് മികച്ച യാത്രാ സൗകര്യം ഒരുക്കുക, സേവനം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുക, നൂതന യാത്രാ സംവിധാനങ്ങള്‍ ഉറപ്പാക്കുക തുടങ്ങിയവാണ് ലക്ഷ്യമിടുന്നതെന്ന് ഗതാഗത മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
വര്‍ധിച്ചുവരുന്ന വാഹന ആശ്രിതത്വവും നിരത്തിലെ തിരക്കും പാരിസ്ഥിതിക ആഘാതവുമാണ് പ്രധാന പുതിയ മാസ്റ്റർ പ്ലാന്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍. പൊതു, സ്വകാര്യ വാഹനങ്ങള്‍ പ്രകൃതിയിലുണ്ടാക്കുന്ന ആഘാതവും കാര്‍ബണ്‍ ബഹിര്‍ഗമനവും മാസ്റ്റർ പ്ലാനിന്റെ ഭാഗമായി പഠനവിധേയമാക്കും.ജനങ്ങളുടെ താല്പര്യങ്ങളും പൊതുഗതാഗത സംവിധാനങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങളും ശേഖരിക്കും.
ഈ മാസം മുതല്‍ മെട്രോ, ട്രാം, ബസ് സ്റ്റേഷന്, മാളുകള്‍ തുടങ്ങിയ കേന്ദ്രങ്ങളിലെല്ലാം അഭിപ്രായ സര്‍വേകള്‍ നടത്തും. ആഗസ്റ്റ് വരെ നീണ്ടുനിൽക്കുന്ന സര്‍വേയുമായി സഹകരിക്കണമെന്ന് ഗതാഗത മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
ഏതാനും മിനിറ്റുകൾക്കുള്ളിൽ ഉത്തരം നൽകി പൂർത്തിയാക്കാവുന്നതാണ് സർവേയെന്നും മന്ത്രാലയം അറിയിച്ചു. ഖത്തർ ദേശീയ വിഷൻ 2030 അനുബന്ധമായാണ് രാജ്യത്തെ ഗതാഗത മേഖല പുതിയ കാലത്തിനൊപ്പം മാറ്റുക എന്ന ലക്ഷ്യവുമായി പുതിയ മാസ്റ്റർ പ്ലാൻ
തയാറാക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.