ഖത്തർ സമ്പദ്‌വ്യവസ്ഥ ശക്തമാക്കാൻ 60 ബില്യൺ ഡോളറിന്റെ വമ്പൻ നിക്ഷേപ പദ്ധതികൾ
text_fieldsദോഹ: സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ ഖത്തറിന്റെ സാമ്പത്തിക വളർച്ചയും അടിസ്ഥാന സൗകര്യ വികസനവും ലക്ഷ്യമിട്ട് 60 ബില്യൺ ഡോളറിന്റെ വമ്പൻ നിക്ഷേപ പദ്ധതികൾക്ക് തുടക്കമിടുന്നു. ന്യൂയോർക്കിൽ ഖത്തർ ഇക്കണോമിക് ഫോറത്തിൽ സംസാരിക്കുവെ ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയാണ് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തുനടക്കുന്ന നിക്ഷേപ പദ്ധതികൾ വ്യക്തമാക്കിയത്.
ഖത്തറിന്റെ ഭാവി സാമ്പത്തിക വികസന മാതൃക വിശദീകരിച്ച പ്രധാനമന്ത്രി, സമീപകാലത്തുണ്ടായ പ്രാദേശിക വിതരണ ശൃംഖലയിലെ തടസ്സങ്ങളെ എങ്ങനെ മറികടന്നു എന്ന് വ്യക്തമാക്കുകയും ചെയ്തു. അടിസ്ഥാന സൗകര്യ വികസനം, റിയൽ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലാണ് നിക്ഷേപം നടത്തുന്നത്.
രാജ്യത്തിന്റെ സ്വകാര്യ മേഖലയുടെ പങ്കാളിത്തം വിപുലീകരിക്കാനും ആഗോള തലത്തിൽ ഖത്തരി കമ്പനികളുടെ മത്സരക്ഷമത ഉറപ്പാക്കാനുമായി 'ദോഹ ഇൻവെസ്റ്റ്‌മെന്റ്' എന്ന പുതിയ സാമ്പത്തിക പ്ലാറ്റ്‌ഫോം ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി വ്യക്തമാക്കി. ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ മേൽനോട്ടം ഈ പ്ലാറ്റ്‌ഫോമിനായിരിക്കും. ഖത്തരി ബിസിനസുകൾക്ക് ആഗോളതലത്തിൽ കൂടുതൽ പിന്തുണ നൽകാനും തദ്ദേശീയ മൂലധന വിപണികൾ ശക്തമാക്കാനും ഈ പ്ലാറ്റ്‌ഫോം സഹായിക്കും.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഏകദേശം 38.5 ബില്യൺ ഡോളറിന്റെ പുതിയ ഇൻഫ്രാസ്ട്രക്ചർ പദ്ധതികൾ ടെൻഡർ ചെയ്യും. പൊതു -സ്വകാര്യ പങ്കാളിത്തത്തോടെയായിരിക്കും ഇവ നടപ്പാക്കുക. റിയൽ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി മേഖലകളിൽ 22.5 ബില്യൺ ഡോളറിന്റെ സ്വകാര്യ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ 5.8 ബില്യൺ ഡോളറിന്റെ 'സിമൈസ്മ ബീച്ച്' വികസന പദ്ധതി പ്രധാന ആകർഷണങ്ങളിലൊന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

