ഇന്ന് മുതൽ മാസ്ക് 'ഫ്രീ ഖത്തർ'
text_fieldsദോഹ: ഇടവേളക്കുശേഷം മാസ്കിൽനിന്ന് വീണ്ടും മോചനം പ്രഖ്യാപിച്ച് ഖത്തർ. അടച്ചിട്ട പൊതുയിടങ്ങളിൽ വ്യാഴാഴ്ച മുതൽ മാസ്ക് നിർബന്ധമല്ലെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. ബുധനാഴ്ച പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.
കോവിഡ് കേസുകൾ വർധിച്ചുതുടങ്ങിയ സാഹചര്യത്തിൽ കഴിഞ്ഞ ജൂലൈ ഏഴ് മുതലാണ് അടച്ചിട്ട പൊതുയിടങ്ങളിൽ വീണ്ടും മാസ്ക് നിർബന്ധമാക്കിയത്. കടകൾ, ഷോപ്പിങ് മാളുകൾ, പള്ളികൾ ഉൾപ്പെടെ പൊതുജനങ്ങൾ കൂടുന്ന എല്ലാ ഇൻഡോർ സ്ഥലങ്ങളിലും മാസ്ക് നിർബന്ധമായിരുന്നു. എന്നാൽ, രോഗവ്യാപനം കുറഞ്ഞു തുടങ്ങിയതോടെയാണ് മാസ്ക് അണിയുന്നതിൽ ഇളവു നൽകാൻ തീരുമാനിച്ചത്. ഇതുപ്രകാരം, സിനിമ ഹാൾ, ഷോപ്പിങ് മാളുകൾ, പള്ളി എന്നിവിടങ്ങളിൽ വ്യാഴാഴ്ച മുതൽ മാസ്ക് അണിയേണ്ടതില്ല. അതേസമയം, ആശുപത്രികൾ, മെട്രോ-കർവ ബസ് ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളിൽ മാസ്ക് നിർബന്ധമാണ്. ഷോപ്പുകളിലും മറ്റും ഉപഭോക്താക്കളുമായി നേരിട്ട് ഇടപെടുന്ന ജീവനക്കാരും തൊഴിൽസമയത്ത് മാസ്ക് അണിയണം.
സെപ്റ്റംബർ ഒന്ന് വ്യാഴാഴ്ച മുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. ദീർഘ നാളുകൾക്കുശേഷം കഴിഞ്ഞ മേയ് 18നായിരുന്നു മാസ്ക് ഒഴിവാക്കിയത്. തുടർന്ന് കോവിഡ് കേസ് വർധിച്ചതിനെ തുടർന്ന് ജൂലൈയിൽ അടച്ചിട്ട പൊതുയിടങ്ങളിൽ മാസ്ക് മാനദണ്ഡം പുനഃസ്ഥാപിക്കുകയായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ആഗസ്റ്റ് 22 മുതൽ 28വരെയുള്ള ആഴ്ചയിലെ കോവിഡ് ശരാശരി 533 ആയിരുന്നു. സമ്പർക്കത്തിലൂടെ 488 പേർക്കും യാത്രക്കാരായി 45 പേരും രോഗബാധിതരാവുന്നുവെന്നാണ് കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

