300 പള്ളികൾ കൂടി തുറക്കുമെന്ന് ഔഖാഫ്
text_fieldsദോഹ: കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിെൻറ മൂന്നാംഘട്ടത്തോടനുബന്ധിച്ച് രാജ്യത്തെ 300 പള്ളികൾ കൂടി പ്രാർഥനക്കായി തുറന്നു കൊടുക്കുമെന്ന് ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ന് സുബഹി നമസ്കാരത്തോടെയായിരിക്കും പള്ളികൾ തുറക്കുക. കോവിഡ് സാഹചര്യത്തിൽ അധികൃതർ നിർദേശിച്ചിട്ടുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ചായിരിക്കും പള്ളികൾ തുറക്കുന്നത്.
അധികമായി തുറക്കുന്ന പള്ളികളുടെ പട്ടിക ഔഖാഫ് മന്ത്രാലയം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജൂലൈ 28 പ്രഭാത നമസ്കാരം മുതൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിെൻറ മൂന്നാം ഘട്ടത്തിൽ 300 പള്ളികൾ കൂടി പ്രാർഥനക്കായി തുറക്കുമെന്ന് മന്ത്രാലയം ട്വീറ്റ് ചെയ്തു. പള്ളികളിൽ പ്രാർഥനക്കായെത്തുന്ന വിശ്വാസികൾ നിർബന്ധമായും മുൻകരുതൽ നടപടികൾ സ്വീകരിക്കണം. മുതിർന്ന പൗരന്മാർക്ക് പ്രാർഥനക്ക് എത്താൻ അനുമതിയുണ്ടെങ്കിലും മാറാരോഗങ്ങളാൽ പ്രയാസപ്പെടുന്നവർ വീടുകളിൽനിന്ന് നമസ്കരിക്കുകയാണ് വേണ്ടത്.
തെരഞ്ഞെടുത്ത പള്ളികളിൽ വെള്ളിയാഴ്ചകളിൽ ജുമുഅ നമസ്കാരവും പെരുന്നാൾ പ്രാർഥനയും നടക്കും. ബലിപെരുന്നാളിന് തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ ഈദ്ഗാഹുകളുമുണ്ടാകും. എല്ലാ സാഹചര്യങ്ങളിലും ആളുകൾ ഒന്നര മീറ്റർ ശാരീരിക അകലം പാലിക്കണം. പള്ളികളിൽ എത്തുന്നവർ സ്വന്തമായി നമസ്കാരപ്പടം കരുതണം. ഖുർആനും കരുതണം. അല്ലെങ്കിൽ ഫോണുകളിൽ ഖുർആൻ വായിക്കണം. 60 വയസ്സിന് മുകളിലുള്ളവർ, കുട്ടികൾ, ദീർഘകാലരോഗികൾ എന്നിവർ വീടുകളിൽ തന്നെ നമസ്കരിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.