മർമി അന്താരാഷ്ട്ര ഫാൽക്കൺറി ഫെസ്റ്റിവലിന് ആവേശത്തുടക്കം
text_fieldsമർമി അന്താരാഷ്ട്ര ഫാൽക്കൺറി ഫെസ്റ്റിവലിൽനിന്ന്
ദോഹ: മർമി അന്താരാഷ്ട്ര ഫാൽക്കൺറി ആൻഡ് ഹണ്ടിങ് ഫെസ്റ്റിവലിന് (മർമി) പുതുവർഷ പുലരിയിൽ പ്രൗഢമായ തുടക്കം. ഫാൽക്കണുകൾ പ്രാവുകളെ വേട്ടയാടി പിടിക്കുന്ന ഹദ്ദ് അൽ തഹാദി മത്സരത്തോടെയാണ് മർമി ഫെസ്റ്റിന് തുടക്കം കുറിച്ചത്.ശൈഖ് ജുആൻ ബിൻ ഹമദ് ആൽ ഥാനിയുടെ നേതൃത്വത്തിൽ സോഷ്യൽ ആൻഡ് സ്പോർട്സ് ആക്റ്റിവിറ്റീസ് സപ്പോർട്ട് ഫണ്ടിന്റെ സഹകരണത്തോടെയാണ് 17ാമത് മർമി അന്താരാഷ്ട്ര ഫാൽക്കൺറി ആൻഡ് ഹണ്ടിങ് ഫെസ്റ്റിവൽ സീലൈനിലെ മർമി സബ്ഖയിൽ വേദിയാകുന്നത്. വിവിധ വിഭാഗങ്ങളിലായി പ്രധാന മത്സരങ്ങൾ ജനുവരി 24 വരെ നീണ്ടുനിൽക്കും.
മർമി അന്താരാഷ്ട്ര ഫാൽക്കൺറി ഫെസ്റ്റിവലിന്റെ ഉദ്ഘാടന പരിപാടിയിൽനിന്ന്
ഹദ്ദ് അൽ തഹാദി മത്സരത്തിൽ ആദ്യം ഒരു ഹോമിങ് പ്രാവിനെ പറത്തിവിടുകയും പിന്നാലെ ഫാൽക്കണിനെ വേട്ടക്കായി തുറന്നുവിടുകയും ചെയ്യുന്നു. ഒരു നിശ്ചിത സ്ഥലത്തുവെച്ച് പ്രാവിനെ പിടികൂടുകയോ വേട്ടയാടി പിടിക്കാനോ ഫാൽക്കണിന് സാധിച്ചാൽ, വിജയിയായി പ്രഖ്യാപിക്കും. ഇത്തവണ 18 ഗ്രൂപ്പുകളാണ് ഈ വിഭാഗത്തിൽ മത്സരരംഗത്തുണ്ടായിരുന്നത്.ഇന്നലെ നടന്ന ആദ്യ ഗ്രൂപ് ഘട്ടത്തിൽ അഞ്ച് ഫാൽക്കണർമാർ യോഗ്യത നേടി. അൽ ശംസി ടീം (യു.എ.ഇ), അൽ ഗർബിയ, അൽ മിശ്ഗർ, അൽ നസ്രാനിയ, മുഹമ്മദ് അഹ്മദ് അൽ ഹർബി (യു.എ.ഇ) എന്നിവരാണ് വിജയികളായത്. വിജയികൾക്ക് ഒരു ലക്ഷം ഖത്തർ റിയാൽ സമ്മാനമായി ലഭിക്കും.
കൂടാതെ, ഫൈനലിൽ ലെക്സസ് കാറിനായി മത്സരിക്കാനും അവസരം ലഭിക്കും. മർമി ഫെസ്റ്റിവൽ ചെയർമാൻ മുതൈബ് മുബാറക് അൽ ഖഹ്താനി, ഡെപ്യൂട്ടി ചെയർമാൻ അബ്ദുൽ വഹാബ് ഉമൈർ അൽ നുഐമി എന്നിവർ ചേർന്ന് വിജയികൾക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു.ഫാൽക്കണുകളുടെ കാഴ്ചശക്തി പരിശോധിക്കുന്ന അൽ തലാ മത്സരം, യുവ ഫാൽക്കണർമാർക്കുള്ള മത്സരം എന്നിവ വിവിധ ദിവസങ്ങളിലായി നടക്കും. ഖത്തറിന്റെ ഫാൽക്കൺറി പൈതൃകം സംരക്ഷിക്കുന്നതിലും ഭാവി തലമുറക്ക് കൈമാറുന്നതിലും മർമി അന്താരാഷ്ട്ര ഫാൽക്കൺറി ആൻഡ് ഹണ്ടിങ് ഫെസ്റ്റിവൽ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് ഫെസ്റ്റിവൽ ഔദ്യോഗിക വക്താവ് മുഹമ്മദ് ബിൻ മുബാറക് അൽ അലി പറഞ്ഞു.
ഫെസ്റ്റിവലിന്റെ 17ാം പതിപ്പ് അതിന്റെ സംഘാടനത്തിലും മത്സര നിയമങ്ങളിലും വലിയ പുരോഗതിയും മുന്നേറ്റവും കൈവരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.യുവ തലമുറയിൽ താൽപര്യം വളർത്തുന്നതിനായി ഇത്തവണ യുവ ഫാൽക്കണർമാർക്കായി പ്രത്യേക റൗണ്ടുകളും മത്സരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ഖത്തർ ന്യൂസ് ഏജൻസിയോട് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

