സമുദ്ര ഗതാഗത മേഖലയിൽ 11 ഇ -സർവിസുകൾക്ക് തുടക്കം
text_fieldsദോഹ: ഖത്തറിൽ സമുദ്ര ഗതാഗത മേഖലയിൽ 11 പുതിയ ഇ-സർവിസുകൾക്ക് കൂടി തുടക്കം. സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടി. ഗതാഗത മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി സർവിസുകൾ ഓൺലൈനായി ലഭ്യമാകും. വലിയ കപ്പലുകളുമായി ബന്ധപ്പെട്ട ഇടപാടുകളും നാവിക ജീവനക്കാരുമായും ബന്ധപ്പെട്ട നടപടികളുമാണ് പുതിയ ഡിജിറ്റൽ സേവനങ്ങളിൽ പ്രധാനമായും ഉൾപ്പെടുത്തിയിട്ടുള്ളത്.
കപ്പലിന്റെ കണ്ടിന്യൂസ് സിനോപ്സിസ് റെക്കോർഡ് (സി.എസ്.ആർ), സർട്ടിഫിക്കറ്റ് ഭേദഗതി, കപ്പൽ രജിസ്ട്രിയിൽ നിന്ന് നീക്കം ചെയ്യൽ, ഉടമസ്ഥാവകാശ കൈമാറ്റം, ബാധ്യതാ രഹിത സർട്ടിഫിക്കറ്റ്, മോർട്ട്ഗേജ് അപേക്ഷ, മോർട്ട്ഗേജ് ഒഴിവാക്കൽ തുടങ്ങിയ സേവനങ്ങളാണ് പുതുതായി ഓൺലൈനാക്കിയത്. ഇതോടെ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി ലഭ്യമായ ഇ-സർവിസുകളുടെ എണ്ണം 21 ആയി. ഖത്തർ നാഷണൽ വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി സുഗമവും കാര്യക്ഷമവുമായ സേവന അന്തരീക്ഷം ഉറപ്പാക്കാൻ ഇത് സഹായിക്കും.
ഡിജിറ്റൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കാര്യക്ഷമവും നൂതനവുമായ രീതിയിൽ സമുദ്ര ഗതാഗത മേഖല വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഗതാഗത മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ വർഷം കപ്പൽ രജിസ്ട്രേഷൻ, താൽക്കാലിക രജിസ്ട്രേഷൻ, വാർഷിക ഫീസ്, ഷിപ്പ് സാനിറ്റേഷൻ തുടങ്ങിയ സേവനങ്ങൾ ഓൺലൈനാക്കായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

