കുഞ്ഞുമർയമിന് കൂടപ്പിറപ്പുകളായി....! അവൾ ഇനി ‘അനാഥയല്ല’
text_fieldsമർയം സഹോദരങ്ങൾക്കും അമ്മാവൻ യാർ മുഹമ്മദ് നിയാസിക്കുമൊപ്പം
ദോഹ: വാരിപ്പുണർന്ന സഹോദരങ്ങളുടെ കണ്ണുകളിലേക്ക് തന്നെയായിരുന്നു കുഞ്ഞു മർയമിന്റെ നോട്ടം... അപരിചിതത്വം പൊതിഞ്ഞുവെച്ച മുഖത്തിനുള്ളിൽനിന്ന് അവൾ പതിയെ പുഞ്ചിരി വിടർത്തി. അരികിലായി ഉയർന്നുപറന്ന ബലൂണുകൾക്കും കളിപ്പാട്ടങ്ങൾക്കുമിടയിൽ കളിച്ചുരസിച്ച് 21 മാസം മാത്രം പ്രായമുള്ള മർയം തന്റെ കൂടപ്പിറപ്പുകളുമായി അടുത്തുതുടങ്ങി... നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി കുരുന്നുകളുടെ പുനഃസമാഗമം കൺനിറയെ കാണുകയായിരുന്നു യാർ മുഹമ്മദ് നിയാസി എന്ന അവരുടെ അമ്മാവൻ.
കഴിഞ്ഞ ദിവസം ദോഹയിലെ ദ്രിയാമ അനാഥാലയമായിരുന്നു അപൂർവമായൊരു കൂടിച്ചേരലിന് സാക്ഷിയായത്. രണ്ടുവയസ്സ് തികയാൻ ഇനിയും മാസങ്ങൾ ബാക്കിയുള്ള മർയമും അവളുടെ രണ്ട് സഹോദരങ്ങളും അമ്മാവനും ഒന്നര വർഷത്തിനുശേഷം ഒന്നായ നിമിഷം.
മർയമിന്റെയും സഹോദരങ്ങളുടെ കഥ പറഞ്ഞു തുടങ്ങുമ്പോൾ മുഹമ്മദ് നിയാസിയുടെ ശബ്ദമിടറും. ചോരചിന്തിയ ഓർമകളിൽ വാക്കുകൾ പതറുകയും മുറിഞ്ഞുപോവുകയും ചെയ്യും. 2021 ആഗസ്റ്റ് 26 ആയിരുന്നു ആ ദിനം. സംഘർഷബാധിതമായ നാളുകൾക്കൊടുവിൽ അഫ്ഗാനിന്റെ ഭരണം താലിബാൻ പിടിച്ചെടുത്തതിനു പിന്നാലെ, നാടുവിടാൻ കാബൂളിലെ വിമാനത്താവളത്തിലെത്തിയ ആയിരക്കണക്കിന് അഫ്ഗാൻ കുടുംബങ്ങളിൽ ഒന്നായിരുന്നു ഇവരുടേതും. മൂന്നാഴ്ച മാത്രം പ്രായമുള്ള മർയമിനെയും (അന്നവളെ അലിസ എന്നായിരുന്നു വിളിച്ചത്) മൂന്ന് സഹോദരങ്ങളെയും കൂട്ടിയെത്തിയ മാതാപിതാക്കൾക്കും ലക്ഷ്യം രാജ്യം വിടലായിരുന്നു. എന്നാൽ, എല്ലാ സ്വപ്നവും ഒരു ചാവേർ പൊട്ടിത്തെറിയിൽ തകർന്നു.
അമേരിക്കൻ സൈനിക വിമാനത്തിൽ കയറി അഫ്ഗാന് പുറത്തെത്താം എന്ന പ്രതീക്ഷയോടെ ഓടിക്കൂടിയ ആയിരങ്ങൾക്കിടയിലേക്ക് പൊട്ടിത്തെറിച്ച ചാവേർ കൊലപ്പെടുത്തിയ 183 പേരിൽ മർയമിന്റെ മാതാപിതാക്കളുമുണ്ടായിരുന്നു. ദുരന്തനിമിഷത്തിൽ എല്ലാരും നാലുപാടും ചിതറിയോടി. ഈ ഓട്ടത്തിനിടയിൽ ഒരുമാസം പ്രായമില്ലാത്ത കുഞ്ഞുമർയമിനെ മാറോടണച്ച് ഒരു കൗമാരക്കാരൻ അമേരിക്കൻ സൈനിക വിമാനത്തിലേക്കാണ് ഓടിക്കയറിയത്. കാബൂളിൽനിന്ന് പറന്നുയർന്ന ആ വിമാനം ദോഹയിലായിരുന്നു നിലംതൊട്ടത്. അങ്ങനെ അഭയാർഥികളായെത്തിയ അഫ്ഗാനികളിൽ ഏറ്റവും പ്രായം കുറഞ്ഞവളായി മർയം ഖത്തറിന്റെ ഓമനയായി. പരിചരണവും ചികിത്സയും നൽകി അധികൃതർ അവളെ വളർത്തി. ശൈഖ മൗസ ബിൻത് നാസറിന്റെ രക്ഷാകർതൃത്വത്തിൽ ഖത്തർ ഫൗണ്ടേഷനു കീഴിലുള്ള ഡ്രീമ അനാഥാലയം അവളുടെ പുതിയ വീടായി മാറി.
അഫ്ഗാനിലെ, സംഘർഷ സാഹചര്യമെല്ലാം അടങ്ങിയശേഷം കുഞ്ഞു മർയമിന്റെ കുടുംബത്തെ തേടുകയായിരുന്നു അധികൃതർ. ഐക്യരാഷ്ട്ര സഭയുടെ യുനിസെഫുമായി സഹകരിച്ച് അഫ്ഗാനിൽ നഷ്ടമായ കുട്ടികളെക്കുറിച്ചുള്ള അന്വേഷണമായി.
ഇതിനിടയിൽ, സ്ഫോടനത്തിനു പിന്നാലെ മാതാപിതാക്കളെ നഷ്ടമായ മൂന്ന് മക്കളുമായി അമ്മാവൻ നിയാസി കാബൂളിൽ അലച്ചിലിലായിരുന്നു. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞെങ്കിലും കുഞ്ഞു മർയമിനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. ആശുപത്രികളും മറ്റും കയറിയിറങ്ങിയിട്ടും അവളെ കണ്ടില്ല. രണ്ടുമാസത്തോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ് യു.എൻ ഏജൻസിയിൽ റിപ്പോർട്ട് ചെയ്യുന്നത്. അവർ ഖത്തർ അധികൃതരെ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പിന്നെ തിരിച്ചറിയലിനുള്ള ശ്രമങ്ങളായി. സഹോദരങ്ങളുടെ ഡി.എൻ.എ പരിശോധന നടത്തുകയായിരുന്നു ദൗത്യം. അതിന് കുട്ടികളെ ദോഹയിലെത്തിക്കണം. പുതുതായി അധികാരത്തിലെത്തിയ താലിബാൻ സർക്കാറിൽനിന്ന് പാസ്പോർട്ടും മറ്റു രേഖകളും സ്വന്തമാക്കി കുട്ടികൾ ദോഹയിലെത്താൻ പിന്നെയും സമയമെടുത്തു.
ഇപ്പോൾ, ഭാര്യക്കും തന്റെ നാല് മക്കൾക്കുമൊപ്പം മർയമിന്റെ സഹോദരിമാരെയും കൂട്ടി നിയാസി ദോഹയിലേക്ക് പറന്നു. ഇവിടെ ഡി.എൻ.എ പരിശോധനയിൽ സാംപിൾ സാമ്യത ഉറപ്പാക്കിയതോടെ മർയമിന്റെ സഹോദരങ്ങളെ തിരിച്ചറിഞ്ഞു. പിന്നെ, കുട്ടികൾക്ക് പരസ്പരം ഇണങ്ങിച്ചേരാൻ സമയം നൽകുകയായിരുന്നു. സാമൂഹിക പ്രവർത്തകരുടെയും കൗൺസിലർമാരുടെയും സഹായത്താൽ പതിയെ അവർ ഉറ്റവരായി മാറി. മാതാപിതാക്കൾക്കൊപ്പം നഷ്ടപ്പെട്ടെന്ന് കരുതിയ കുഞ്ഞുസഹോദരിയെ കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ് അവരിപ്പോൾ. ബലൂണും കളിപ്പാട്ടങ്ങളും നൽകി കുറുമ്പുകാരിയെ കളിപ്പിക്കുന്ന തിരക്കിലാണ്.
നിയാസി ഇനി അഫ്ഗാനിലേക്ക് ഒരു മടക്കം ആഗ്രഹിക്കുന്നില്ല. അനാഥരായ നാലുപേർ ഉൾപ്പെടെ എട്ടുമക്കളുമായി സ്വസ്ഥമായി ജീവിക്കാവുന്ന ഒരിടത്തേക്ക് പോകും. എല്ലാവർക്കും സുരക്ഷിതമായി കഴിയാവുന്ന നാട്ടിലെത്തണം -വാർത്ത ഏജൻസിയായ എ.എഫ്.പിയോട് നിയാസി പറയുന്നു. ഖത്തറിന്റെ സംരക്ഷണയിൽ കഴിയുന്ന നിരവധി കുരുന്നുകളാണ് മാതാപിതാക്കൾക്കും ബന്ധുക്കൾക്കുമൊപ്പം ഒന്നിച്ചത്. കഴിഞ്ഞ വർഷമായിരുന്നു മൂന്നു വയസ്സുകാരൻ കാനഡയിലുള്ള പിതാവിനൊപ്പമെത്തിയത്.
അനാഥാലയത്തിലെ കുട്ടികളിൽ ഏറെയും എട്ട് വയസ്സിന് മുകളിലുള്ളവരായിരുന്നു. അവരിൽ ഏറെയും ബന്ധുക്കൾക്കൊപ്പമെത്തി. മറ്റു ചിലരെ കാനഡ, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ കുടുംബങ്ങൾ ദത്തെടുത്തു. 2021 ആഗസ്റ്റിനുശേഷം, പതിനായിരത്തോളം അഫ്ഗാനി കുടുംബങ്ങളാണ് ഖത്തറിൽ അഭയം തേടിയത്. ഇപ്പോൾ അവരെല്ലാം വിവിധ രാജ്യങ്ങളിലെത്തിച്ചേർന്നു.
മർയമിനെ ഓമനിക്കുന്ന സഹോദരി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

