മാഴ്സലോ വന്നു; ബ്രസീൽ ആരാധക ആഘോഷത്തിന് തുടക്കം
text_fieldsബ്രസീൽ ഫാൻസ് ലോഗോ പ്രകാശനം മാഴ്സലോ നിർവഹിക്കുന്നു
ദോഹ: കാനറിപ്പട പറന്നിറങ്ങും മുമ്പേ ലോകകപ്പിന്‍റെ മണ്ണിൽ ആവേശം പടർത്തി ഖത്തറിലെ ബ്രസീൽ ആരാധകക്കൂട്ടം. ലോകകപ്പിനൊരുങ്ങുന്ന ബ്രസീൽ ഫാൻ ഗ്രൂപ്പിന്‍റെ ആഘോഷങ്ങൾക്ക് കിക്കോഫ് കുറിച്ചത് സാക്ഷാൽ മാഴ്സലോ. ബുധനാഴ്ച രാത്രിയിൽ മാൾ ഒഫ് ഖത്തറിലെ പരിപാടികളിൽ മുഖ്യാതിഥി ആയെത്തിയ മാഴ്സലോ, ഖത്തറിലെ ബ്രസീൽ ആരാധക കൂട്ടായ്മയുടെ ലോഗോയും പ്രകാശനം ചെയ്തു.
കിരീട പ്രതീക്ഷയോടെയെത്തുന്ന നെയ്മറിന്‍റെയും വിനീഷ്യസ് ജൂനിയറിന്‍റെയും ബ്രസീലിനെ വരവേൽക്കാനുള്ള ഒരുക്കങ്ങൾക്ക് തുടക്കമെന്ന നിലയിലാണ് ബ്രസീൽ ഫാൻസ് ഖത്തറിന്‍റെ പ്രവർത്തനം സജീവമാക്കിയത്. ഖത്തറിലെ പ്രവാസികളായ ബ്രസീലുകാർ മുതൽ മലയാളികൾ ഉൾപ്പെടെ 15,000ത്തോളം ആരാധകരുടെ കൂട്ടായ്മയായി സാമൂഹിക മാധ്യമങ്ങളിൽ സജീവമായ ഫാൻ ഗ്രൂപ്പ്, ലോകകപ്പിന് മുന്നോടിയായി വിവിധ പരിപാടികളോടെയാണ് ഒരുങ്ങുന്നത്.
വിവിധ വാട്സ്ആപ് ഗ്രൂപ്പുകളിലും ആരാധകസംഘം സജീവമാണ്. അതിന്റെ ഭാഗമായി വെള്ളിയാഴ്ച വൈകുന്നേരം ദോഹ കോർണിഷിലെ കൗണ്ട്ഡൗൺ ക്ലോക്കിന് സമീപം സംഗമവും നടത്തുന്നതായി സംഘാടകർ പറഞ്ഞു.
മഞ്ഞക്കുപ്പായത്തിൽ 58 മത്സരങ്ങളിലും റയൽ മഡ്രിഡിന്‍റെ വിശ്വസ്തനായ ലെഫ്റ്റ് ബാക്കുമായി തിളങ്ങിയ മാഴ്സലോയുടെ വരവിനെ ആഘോഷമാക്കാൻ നേരത്തേതന്നെ ആരാധകർ മാൾ ഓഫ് ഖത്തറിൽ നിറഞ്ഞിരുന്നു. മാളിലെ സ്വകാര്യ പ്രമോഷനൽ പരിപാടിക്കെത്തിയ താരം, തങ്ങളുടെ രാജ്യത്തിന്‍റെ ആരാധകരെ ഒട്ടും നിരാശരാക്കിയില്ല. സംഗീതവും ദൃശ്യവിസ്മയവും തീർത്ത അന്തരീക്ഷത്തിൽ ലിഫ്റ്റിൽ നിന്നും ഉയർന്നുവന്ന മാഴ്സലോ, 'ബ്രസീൽ ഫാൻസ് ഖത്തർ' എന്ന ബോർഡുയർത്തി ആരാധകരുടെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
തുടർന്ന്, പന്തുകൾ സമ്മാനിച്ചും ഫോട്ടോക്ക് പോസ് ചെയ്തും ഓട്ടോഗ്രാഫ് നൽകിയുമാണ് താരം മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

