കടൽ സുരക്ഷക്കും എണ്ണ നീക്കം ചെയ്യാനുമായി ചെറുബോട്ടുകൾ സ്വന്തമാക്കി മവാനി ഖത്തർ
text_fieldsകടലിലെ എണ്ണ നീക്കംചെയ്യാനുള്ള അൽജുറുല ബോട്ട്
ദോഹ: തുറമുഖങ്ങളിലെ എണ്ണച്ചോർച്ചകൾ വൃത്തിയാക്കാനും നാവിഗേഷൻ സഹായങ്ങൾക്കുമായി ചെറു ബോട്ടുകൾ സ്വന്തമാക്കി മവാനി ഖത്തർ. ഗതാഗത മന്ത്രാലയത്തിന്റെ സമ്മേളനത്തിന്റെ ഭാഗമായാണ് രണ്ട് ചെറു ബോട്ടുകൾ അവതരിപ്പിച്ചത്. ദോഹ തുറമുഖം, ഹമദ് തുറമുഖം, അൽ റുവൈസ് തുറമുഖം എന്നിവിടങ്ങളിലെ പരിസ്ഥിതി സംരക്ഷണം മുൻനിർത്തിയാണ് കടലിൽ ചോർന്ന എണ്ണ നീക്കംചെയ്യാനും മാലിന്യങ്ങൾ ശേഖരിക്കാനും കഴിയുന്ന അൽ ജുറുല ബോട്ട് പുറത്തിറക്കിയത്. 12.6 മീറ്റർ നീളമുള്ള ഈ ബോട്ട് തുറമുഖങ്ങളിൽ നിന്നും എണ്ണയും മറ്റു മാലിന്യങ്ങളും സൂക്ഷ്മമായി നീക്കം ചെയ്യും. 25,000 ലിറ്ററാണ് ശേഷി. 200 മീറ്ററോളം പ്രദേശത്ത് ചോർന്ന എണ്ണകൾ ശേഖരിക്കാൻ ഇതിന് കഴിയും. ഡ്രാഫ്റ്റിന് ഒരു മീറ്റർ ആഴമുണ്ട്.
അൽസംലഹ് എന്നപേരിലുള്ള ചെറു ബോട്ട് ഖത്തർ സമുദ്ര മേഖലകളിലെ സുരക്ഷിതമായ കപ്പൽ യാത്രക്കുള്ള വഴികാട്ടിയായാണ് ഉപയോഗിക്കുന്നത്. കടലിൽ കപ്പലുകൾക്ക് സൂചനയായി നിലയുറപ്പിക്കുന്ന ‘ബോയ്’കളുടെ അറ്റകുറ്റപ്പണി, വാണിജ്യ-ടൂറിസം തുറമുഖങ്ങളുടെ അറ്റകുറ്റപ്പണി എന്നിവക്കും 32.7 മീറ്റർ നീളമുള്ള അൽ സംലഹ് ഉപയോഗപ്പെടുത്താം.
ഖത്തറിന്റെ കടൽ പരിസ്ഥിതിയും കടലിലെ ഗതാഗതവും സുരക്ഷിതമാക്കുക എന്ന മന്ത്രാലയത്തിന്റെ ലക്ഷ്യങ്ങളുടെ ഭാഗമാണ് രണ്ട് ചെറു ബോട്ടുകളും പുറത്തിറക്കിയത്.ഖത്തർ ടൂറിസം ഡെപ്യൂട്ടി ചെയർപേഴ്സൻ സഅദ് ബിൻ അലി അൽഖജ്റി, തുറമുഖ വിഭാഗം മാനേജ്മെന്റ് കമ്മിറ്റി ചെയർപേഴ്സൻ ബ്രി. ഡോ. അബ്ദുൽ ഹാദി മുഹമ്മദ് സബിൻ അൽ ദൂസരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

