മനത്താമ്പ്ര അനുസ്മരണവും യാത്രയയപ്പും സംഘടിപ്പിച്ചു
text_fieldsമനത്താമ്പ്ര കുഞ്ഞമ്മദ് ഹാജിയുടെ അനുസ്മരണ പരിപാടിയിൽ അഡ്വ. ഷിബു മീരാൻ സംസാരിക്കുന്നു
ദോഹ: കെ.എം.സി.സി. ഖത്തർ വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റായിരിക്കെ അന്തരിച്ച മനത്താമ്പ്ര കുഞ്ഞമ്മദ് ഹാജിയുടെ അനുസ്മരണവും ദീർഘകാല പ്രവാസി പി.കെ ഹാഷിമിനുള്ള യാത്രയയപ്പും തുമാമയിലെ കെ.എം.സി.സി ഹാളിൽ നടന്നു. സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുൽ സമദ് ഉദ്ഘാടനം ചെയ്തു. വില്യാപ്പള്ളി പഞ്ചായത്ത് കെ.എം.സി.സി പ്രസിഡന്റ് തിയ്യാറമ്പത്ത് കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. പ്രഭാഷകനും മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ അഡ്വ. ഷിബു മീരാൻ മുഖ്യപ്രഭാഷണം നടത്തി. വരാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇന്ത്യയുടെ ജനാധിപത്യത്തിനും മതേതരത്വത്തിനുമുള്ള വീണ്ടെടുപ്പിനായി ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഇൻഡ്യ മുന്നണിയെ വിജയിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
പി.വി.എ. നാസർ അനുസ്മരണ പ്രഭാഷണം നടത്തി. ഉപദേശക സമിതി വൈസ് ചെയർമാൻ എസ്.എ.എം ബഷീർ, ടി.ടി. കുഞ്ഞമ്മദ്, എൻ.പി. അബ്ദുൽ ഗഫൂർ, യൂനുസ് രാമത്ത് തുടങ്ങിയവർ സംസാരിച്ചു. ഫൈസൽ അരോമ, അത്തീഖ് റഹ്മാൻ, എസ്.എ.എം. ബഷീർ തുടങ്ങിയവർ ഉപഹാരവിതരണം നടത്തി. പി.കെ. ഹാഷിം യാത്രയയപ്പിന് മറുപടിപ്രസംഗം നടത്തി. പ്രത്യേക ഉപഹാരം പ്രസിഡന്റ് തിയ്യാറമ്പത്ത് കുഞ്ഞമ്മദ് നൽകി. ഡോ. കെ.എം. ബഹാഉദ്ദീൻ ഹുദവി പ്രാർഥനക്ക് നേതൃത്വം നൽകി. സംസ്ഥാന ഭാരവാഹികളായ അൻവർ ബാബു വടകര, അജ്മൽ നബീൽ, സൽമാൻ എളയടം തുടങ്ങിയവർ സംബന്ധിച്ചു. സിയാദ് വാഫി ഖിറാഅത്ത് നടത്തി. മുഹമ്മദലി സ്വാഗതവും ശുഐബ് കുറ്റിയിൽ നന്ദിയും പറഞ്ഞു.

