സൂഖ് വാഖിഫിൽ ഇനി മാമ്പഴക്കാലം
text_fieldsസൂഖ് വാഖിഫിൽ ആരംഭിച്ച ഇന്ത്യൻ മാമ്പഴമേളയുടെ ഉദ്ഘാടന ചടങ്ങിൽ അംബാസഡർ വിപുൽ വിവിധ രാജ്യങ്ങളുടെ പ്രതിനിധികൾക്കൊപ്പം
ദോഹ: സൂഖ് വാഖിഫിൽ ഇനി മാമ്പഴമധുരത്തിന്റെ പത്തുനാൾ. ഇന്ത്യൻ എംബസിയും സൂഖ് വാഖിഫും ചേർന്ന് സംഘടിപ്പിക്കുന്ന രണ്ടാമത് ഹംബാ ഇന്ത്യൻ മാമ്പഴമേളക്ക് വ്യാഴാഴ്ച തുടക്കം കുറിച്ചു. സൂഖ് വാഖിഫിലെ ഈസ്റ്റേൺ സ്ക്വയറിൽ ആരംഭിച്ച മാമ്പഴമേളയുടെ ഉദ്ഘാടനം ഇന്ത്യൻ അംബാസഡർ വിപുൽ നിർവഹിച്ചു. വിവിധരാജ്യങ്ങളുടെ അംബാസഡർമാർ, നയതന്ത്ര പ്രതിനിധികൾ, പ്രൈവറ്റ് എൻജിനീയറിങ് ഓഫിസ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. വ്യാഴാഴ്ച ആരംഭിച്ച മാമ്പഴമേള ജൂൺ 21 വരെ നീണ്ടുനിൽക്കും. ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്ത 50ൽ ഏറെ ഇനം മാമ്പഴങ്ങളുടെ പ്രദർശനത്തിനും വിൽപനക്കുമാണ് മേള സാക്ഷ്യം വഹിക്കുന്നത്. ദിവസവും വൈകുന്നേരം നാല് മുതൽ രാത്രി ഒമ്പത് വരെയാണ് മേള. വാരാന്ത്യ ദിവസങ്ങളിൽ രാത്രി 10 വരെ തുടരും.
വൈവിധ്യമാർന്ന മാമ്പഴങ്ങൾക്കൊപ്പം, ജ്യൂസുകൾ, ഐസ്ക്രീം, അച്ചാറുകൾ, മധുരങ്ങൾ ഉൾപ്പെടെ പരമ്പരാഗത മാമ്പഴവിഭവങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ദുഷേരി, ലംഗ്ദ, അൽഫോൺസോ, കേസർ, ഹാപസ്, നീലം, രാജ്പുരി, മൽഗോവ, ബദാമി തുടങ്ങി വ്യത്യസ്തയിനം മാമ്പഴങ്ങളാണ് മേളയിലുള്ളത്. 95ഓളം സ്റ്റാളുകളിലായി ഖത്തറിലെ ഇന്ത്യൻ മാമ്പഴ ഇറക്കുമതിക്കാർ, ഹൈപ്പർമാർക്കറ്റുകൾ, റസ്റ്റോറന്റ്, കഫേ എന്നിവയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

