മമ്മൂട്ടിയും മോഹൻലാലും പങ്കെടുക്കാനിരുന്ന ഖത്തറിലെ മെഗാ ഷോ റദ്ദാക്കി
text_fieldsദോഹ: മമ്മൂട്ടിയും മോഹൻ ലാലും ഉൾപ്പെടെ മലയാള ചലച്ചിത്ര ലോകത്തെ സൂപ്പർതാരങ്ങളെ പങ്കെടുപ്പിച്ച് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഖത്തറിൽ സംഘടിപ്പിക്കാനിരുന്ന ‘മേളിവുഡ് മാജിക്’ അവസാന നിമിഷം റദ്ദാക്കി. ലോകകപ്പ് ഫുട്ബാൾ വേദിയായ 974 സ്റ്റേഡിയത്തിൽ വ്യാഴാഴ്ച രാത്രി ഖത്തർ സമയം ഏഴിന് തുടങ്ങിനിരുന്ന പരിപാടിയാണ് ഏതാനും മണിക്കൂർ മുമ്പ് റദ്ദാക്കിയത്.
സാങ്കേതിക പ്രശ്നങ്ങളും കാലാവസ്ഥ വെല്ലുവിളിയും കാരണം പരിപാടി റദ്ദാക്കിയതായി സംഘാടകരായ ‘നയൺ വൺ ഇവന്റ്സ്’ സോഷ്യൽ മീഡിയ പേജ് വഴി അറിയിച്ചു. കാണികൾക്ക് ടിക്കറ്റ് തുക 60 ദിവസത്തിനുള്ളിൽ തിരികെ നൽകുമെന്ന് സംഘാടകർ വ്യക്തമാക്കി. tickets.9one@gmail.com എന്ന ഇ മെയിൽ വഴി ബന്ധപ്പെടാമെന്നും അറിയിച്ചു. ‘മോളിവുഡ് മാജിക് ഷോ’യിൽ പങ്കെടുക്കാനായി മമ്മൂട്ടി, മോഹൻ ലാൽ, ദിലീപ്, ജയസൂര്യ, സുരാജ് വെഞ്ഞാറമൂട്, ശ്വേത മേനോൻ, സ്വാസിക, അനാർകലി മരക്കാർ ഉൾപ്പെടെ നടീനടന്മാർ കഴിഞ്ഞ ദിവസങ്ങളിലായി ദോഹയിലെത്തിയിരുന്നു.
ആഴ്ചകൾ മുമ്പ് കൊച്ചിയിൽ റിഹേഴ്സൽ ഉൾപ്പെടെ തയാറെടുപ്പുകൾ നടത്തിയിരുന്നു. നേരത്തെ നവംബറിൽ നടക്കുമെന്ന് പ്രഖ്യാപിച്ച പരിപാടി പിന്നീട് മാറ്റിവെക്കുകയും ജനുവരി അവസാന വാരത്തിൽ പുതിയ തീയതി പ്രഖ്യാപിക്കുകയുമായിരുന്നു. വ്യാഴാഴ്ച നടക്കുന്ന പരിപാടിക്കായി ചൊവ്വ, ബുധൻ ദിവസങ്ങളിലായി താരങ്ങളെത്തിയിരുന്നു. ദോഹയിലെത്തിയ ശേഷവും പരിശീലനം നടത്തി. വ്യാഴാഴ്ച ഉച്ചയോടെ കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കാനിരിക്കെയാണ് പരിപാടി റദ്ദാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

