മമ്മൂട്ടിയും മോഹൻലാലും; താര ഷോ നവംബറിൽ ദോഹയിൽ
text_fieldsഖത്തറിൽ സംഘടിപ്പിക്കുന്ന താര ഷോ സംബന്ധിച്ച് കേരള ഫിലിം പ്രൊഡ്യൂസേഴ്സ്
അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ വിശദീകരിക്കുന്നു
ദോഹ: മലയാള ചലച്ചിത്ര ലോകത്തെ സൂപ്പർ താരങ്ങളെല്ലാം ഒന്നിച്ച് അവതരിക്കുന്ന വമ്പൻ താര ഷോയുമായി മലയാള ചലച്ചിത്ര നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഖത്തറിലെത്തുന്നു. സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെ അണിനിരക്കുന്ന പരിപാടിക്ക് നവംബറിൽ ദോഹ വേദിയാവുമെന്ന് കെ.എഫ്.പി.എ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ചലച്ചിത്ര താരസംഘടനയായ അമ്മയുമായി കൈകോർത്താണ് ഖത്തറിലെ 91 ഇവന്റ്സുമായി സഹകരിച്ച് താര ഷോ സംഘടിപ്പിക്കുന്നത്. 2014നുശേഷം ഖത്തറിൽ കെ.എഫ്.പി.എയുടെ ആദ്യ താര ഷോ ആണ് ഇത്തവണ സംഘടിപ്പിക്കുന്നതെന്ന് പ്രസിഡന്റ് ആന്റോ ജോസഫ് അറിയിച്ചു.
പുതിയ തലമുറയുടെ അഭിരുചികളും വിനോദങ്ങളും ഉൾക്കൊണ്ട് ആധുനിക സാങ്കേതിക വിദ്യകളുടെ സാധ്യതകൂടി ഉൾക്കൊള്ളിച്ചായിരിക്കും ഏറ്റവും മികച്ച താര ഷോ സംഘടിപ്പിക്കുകയെന്ന് ഭാരവാഹികൾ വിശദീകരിച്ചു. ജയറാം, ദിലീപ്, ബിജു മേനോൻ, സിദ്ദീഖ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ആസിഫലി, മനോജ് കെ. ജയൻ, പ്രിയദർശിനി കല്യാണി, ഐശ്വര്യ ലക്ഷ്മി, ശ്വേത മേനോൻ തുടങ്ങിയ താരനിരയാണ് ഖത്തറിലെത്തുന്നത്.
അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു, കെ.എഫ്.പി.എ ജനറൽ സെക്രട്ടറി ബി. രാകേഷ്, ട്രഷറർ ലിസ്റ്റിൻ സ്റ്റീഫൻ, വൈസ് പ്രസിഡന്റ് ജി. സുരേഷ് കുമാർ, സിയാദ് കോക്കർ, പ്രോഗ്രാം ഡയറക്ടർ എം. രഞ്ജിത്ത്, മമ്മി സെഞ്ച്വറി, ഹാരിസ്, മുസ്തഫ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

