പഠനത്തിൽ മിടുക്കർ; അമീറിന്റെ ഗോൾഡ് മെഡലുമായി മലയാളികൾ
text_fieldsജയകാന്ത് കുഞ്ഞോത്ത് അമീർ ശൈഖ് തമീം ബിൻ ഹമദ്
ആൽഥാനിയിൽ നിന്നും സ്വർണമെഡൽ ഏറ്റുവാങ്ങുന്നു
ദോഹ: ഖത്തർ സർവകലാശാല ബിരുദദാന ചടങ്ങിൽ തിളങ്ങി മലയാളി വിദ്യാർഥികൾ. ബുധനാഴ്ച ഖത്തർ യൂനിവേഴ്സിറ്റിയിൽ നടന്ന 48ാമത് ബിരുദാന ചടങ്ങിൽ ഏറ്റവും മികച്ച വിജയത്തോടെ പഠനം പൂർത്തിയാക്കിയവർക്ക് രാഷ്ട്രത്തലവൻ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സ്വർണമെഡൽ സമ്മാനിച്ചപ്പോൾ അവരിൽ മലയാളികൾക്ക് അഭിമാനിക്കാൻ ഏറെ വകയുണ്ടായിരുന്നു. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ഗവേഷണം ബിരുദം പൂർത്തിയാക്കിയ കാസർകോട് കാഞ്ഞങ്ങാട് സ്വദേശി ജയകാന്ത് കുഞ്ഞോത്ത്, കെമിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ മലപ്പുറം അരീക്കോട് സ്വദേശി നഹർ അൻവറു കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ അമീറിൽ നിന്നും സ്വർണ മെഡൽ സ്വന്തമാക്കി. പെരിന്തൽമണ്ണ ശാന്തപുരം സ്വദേശി മിഷാൽ അൻവർ, ഗവേഷണ ബിരുദം നേടിയ കടവന്ത്ര സ്വദേശി തോമസ് ബോണി ജെയിംസ് എന്നിവരും ഉന്നത വിജയത്തിന് അമീറിന്റെ ഗോൾഡ് മെഡൽ നേടിയിരുന്നു.
സ്വന്തം ഗവേഷണത്തിന് പാറ്റന്റ് നേടിയ ജയകാന്ത്; ഒപ്പം അമീറിന്റെ സ്വർണമെഡലും
ഖത്തർ യൂനിവേഴ്സിറ്റിയിൽ കമ്പ്യൂട്ടർ എൻജിനീയറിങ് വിഭാഗത്തിൽ ഗവേഷകനായി 2018ൽ ദോഹയിലെത്തിയ ജയകാന്ത് ജോലിക്കിടയിലാണ് പിഎച്ച്.ഡി ഗവേഷണത്തിനായി പ്രവേശിക്കുന്നത്. ഖത്തർ യൂനിവേഴ്സിറ്റി കോളജ് ഓഫ് എൻജിനീയറിങ് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് മേധാവി പ്രഫ. സുമയ്യ അൽ മഅദീദിനു കീഴിലായിരുന്നു ജയകാന്തിന്റെ ഗവേഷണം. നാലു വർഷം നീണ്ടുനിന്ന ഗവേഷണ കാലയളവിൽ മികച്ച പ്രകടനം കാഴ്ചവെച്ച് പഠനം പൂർത്തിയാക്കിയാണ് ഈ കാഞ്ഞങ്ങാട് സ്വദേശി അമീറിന്റെ കൈയിൽ നിന്നും മികച്ച വിദ്യാർഥി പ്രതിഭക്കുള്ള ഗോൾഡ് മെഡൽ ഏറ്റുവാങ്ങിയത്. എറണാകുളം കുസാറ്റ്, മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവിടങ്ങളിൽ നിന്നും ബി.ടെക്കും എം.ടെക്കും പൂർത്തിയാക്കിയ ശേഷമായിരുന്നു ഖത്തറിലെത്തിയത്. മകന്റെ സ്വർണമെഡൽ നേട്ടത്തിന് സാക്ഷിയാവാൻ പിതാവ് റിട്ട. ബാങ്ക് മാനേജറായ ചന്ദ്രനും, അമ്മ മാലിനിയും ദോഹയിലെത്തിയിരുന്നു. ഖത്തർ സർവകലാശാലാ സ്പോർട്സ് ആൻഡ് ഇവന്റസ് കോംപ്ലക്സ് വേദിയിൽ നടന്ന ചടങ്ങിൽ ഭാര്യ പൂജ, മകൾ, സഹോദരി ഉൾപ്പെടെ കുടുംബ സമേതം പങ്കെടുക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ജയകാന്ത്.
പഠനവൈകല്യമുള്ള കുട്ടികളെ സഹായിക്കാൻ നിർമിത ബുദ്ധി ഉപയോഗിച്ച് സാങ്കേതിക സംവിധാനങ്ങൾ വികസിപ്പിക്കുന്നതിലായിരുന്നു ജയകാന്തിന്റെ പിഎച്ച്.ഡി ഗവേഷണം. പഠനവൈകല്യമുള്ള കുട്ടികൾ നേരിടുന്ന പ്രശ്നമായ ഡിസ്ഗ്രാഫിയക്ക് പ്രതിവിധിയായി ജയകാന്ത്, പ്രഫ. സുമയ്യ അൽ മഅദീദുമായി ചേർന്ന് വികസിപ്പിച്ച നിർമിത ബുദ്ധിയിലധിഷ്ഠിതമായ പ്രത്യേക പേനക്ക് പാറ്റന്റിനായി ശ്രമിക്കുകയാണ് ഇവർ. സ്വന്തം പേരിലെ പാറ്റന്റിനായി അമേരിക്കയിൽ അപേക്ഷിച്ച് കാത്തിരിക്കുന്നതിനിടെയാണ് ഈ വിജയമെത്തുന്നത്. ലോകം ആദരിക്കുന്ന രാഷ്ട്രത്തലവനിൽ നിന്നും മികച്ച വിജയത്തിനുള്ള അംഗീകാരം നേടിയെന്നത് അഭിമാനകരമായ അനുഭവമായിരുന്നുവെന്ന് അദ്ദേഹം ‘ഗൾഫ് മാധ്യമ’ത്തോട് പ്രതികരിച്ചു.
ഗോൾഡൻ തിളക്കത്തിൽ നഹർ അൻവർ
ഖത്തർ പെട്രോകെമിക്കൽ കമ്പനി ജീവനക്കാരൻ മുഹമ്മദ് അൻവറിന്റെയും വണ്ടൂർ സ്വദേശിനി ഹഫ്സയുടെയും മകനായ നഹർ കെമിക്കൽ എൻജിനീയറിങ്ങിൽ 98 ശതമാനം മാർക്കിന്റെ വിജയവുമായാണ് അമീറിന്റെ കൈയിൽ നിന്നും സ്വർണ മെഡൽ സ്വന്തമാക്കിയത്. സ്കൂൾ തലത്തിലും മിന്നും ജയങ്ങൾ സ്വന്തമാക്കിയ നഹർ ബിരുദ പഠനത്തിലും ഈ പതിവ് തെറ്റിച്ചില്ല. മിസൈദ് ഇന്റർനാഷനൽ സ്കൂളിൽ നിന്നും, ആൽഫ കേംബ്രിഡ്ജ് സ്കൂളിൽ ടോപ്പറായാണ് സെക്കൻഡറി, ഹയർസെക്കൻഡറി പഠനം പൂർത്തിയാക്കിയത്.
അൻവർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയിൽ നിന്നും സ്വർണമെഡൽ ഏറ്റുവാങ്ങുന്നു
സർവകലാശാലയിൽ നിന്ന് ഓരോ വർഷവും പുറത്തിറങ്ങുന്ന ആയിരത്തോളം വിദ്യാർഥികളിൽ നിന്ന് ഏറ്റവും മികച്ച വിജയം നേടിയ ഏതാനും പേർക്ക് മാത്രമാണ് അമീർ നേരിട്ട് സ്വർണമെഡൽ സമ്മാനിക്കുന്നത്. അവരിൽ ഒരാളായതിന്റെ സന്തോഷത്തിലാണ് നഹറും കുടുംബവും. പഠന കാലയളവിൽ എല്ലാ സെമസ്റ്ററുകളിലും മികച്ച മാർക്കു വാങ്ങിയ നഹർ വൈസ് പ്രസിഡന്റ് ആൻഡ് ഡീൻ ലിസ്റ്റിൽ ഇടം നേടിയിരുന്നു. നഹറിന്റെ സഹോദരി ഫാത്തിമ ഫർഹാ അൻവർ കഴിഞ്ഞ ദിവസമായിരുന്നു എച്ച്.ബി.കെ യൂനിവേഴ്സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദം നേടിയത്. ഖത്തറിലുള്ള നിഹാൽ അൻവർ, ഫാദി അൻവർ എന്നിവർ സഹോദരങ്ങളാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.