മികച്ച സേവനത്തിനുള്ള ഫിഫ വളന്റിയർ അവാർഡിൽ മലയാളി തിളക്കം
text_fieldsഅണ്ടർ 17 വേൾഡ് കപ്പിലെ മികച്ച സേവനത്തിനുള്ള പുരസ്കാരം സിദ്ദീഖ് നമ്പിടി ഏറ്റുവാങ്ങുന്നു
മികച്ച വളന്റിയർമാരെ ലുസൈൽ ഫാൻസോണിൽ നടന്ന വിജയാഘോഷ ചടങ്ങിൽ അനുമോദിച്ചപ്പോൾ
-ദോഹ: 2025ൽ ഖത്തറിലെ മികച്ച വളന്റിയർ സേവനത്തിനുള്ള ഫിഫ അവാർഡിൽ മലയാളിക്ക് അഭിമാനമായി കാസർകോടുകാരൻ സിദ്ദീഖ് നമ്പിടി. വെള്ളിയാഴ്ച ലുസൈൽ ഫാൻസോണിൽ നടന്ന ആഘോഷ പരിപാടിയിലാണ് അണ്ടർ 17 വേൾഡ് കപ്പ് വിഭാഗത്തിൽ മികച്ച സേവനത്തിനുള്ള അവാർഡ് സിദ്ദീഖ് കരസ്ഥമാക്കിയത്.
ഫിഫ അണ്ടർ 17 വേൾഡ് കപ്പ്, അറബ് കപ്പ്, ഇന്റർ കോണ്ടിനെന്റൽ കപ്പ് എന്നീ മൂന്ന് അന്താരാഷ്ട്ര ടൂർണമെന്റുകൾക്കായി ഫിഫ നേരത്തേ വളന്റിയർ അപേക്ഷ ക്ഷണിച്ചിരുന്നു. 25,000 അപേക്ഷകരിൽനിന്ന് 3500ഓളം വളന്റിയർമാരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇതിലെ ഓരോ വിഭാഗത്തിലും ഓരോ സ്റ്റേഡിയത്തിലെയും മികച്ച വളന്റിയർമാരെയാണ് ലുസൈൽ ഫാൻസോണിൽ നടന്ന വിജയാഘോഷ ചടങ്ങിൽ അനുമോദിച്ചത്. അണ്ടർ 17 വേൾഡ് കപ്പിലെ മികച്ച സേവനത്തിനാണ് സിദ്ദീഖ് അവാർഡിന് അർഹനായത്. അവാർഡ് അർഹരിലെ ഏക ഇന്ത്യക്കാരനും സിദ്ദീഖ് ആണ്. ലൊക്കൽ ഓർഗനൈസിങ് കമ്മിറ്റി സി.ഇ.ഒ ജാസിം അൽ ജാസിം, അഡ്മിനിസ്ട്രേറ്റിവ് എക്സിക്യൂട്ടിവ് ഡയറക്ടർ ഹയ മുഹമ്മദ് അൽ നഈമി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഖത്തറിലെ വിവിധ ദേശീയ അന്തർദേശീയ പരിപാടികളിൽ സേവനരംഗത്ത് നിറസാന്നിധ്യമാണ് സിദ്ദീഖ്. കഴിഞ്ഞവർഷം ഖത്തറിൽ നടന്ന ദോഹ എക്സ്പോയിൽ ഏറ്റവും കൂടുതൽ ഷിഫ്റ്റിൽ സേവനമനുഷ്ഠിച്ചതിനുള്ള അവാർഡും സിദ്ദീഖ് ആണ് നേടിയത്. 2022 ഫിഫ വേൾഡ് കപ്പ്, 2023 ഏഷ്യ കപ്പ്, ഫോർമുല വൺ, ദോഹ മാരത്തൺ തുടങ്ങിയ കായിക മേളകളിലും സിദ്ദീഖ് വളന്റിയറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കാസർകോട് ബോംബ്രണ സ്വദേശിയായ സിദ്ദീഖ് കഴിഞ്ഞ പതിനഞ്ച് വർഷമായി ഖത്തറിൽ പ്രവാസിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

