ഖത്തർ യൂനിവേഴ്സിറ്റിയിൽ സ്വർണമെഡൽ നേട്ടവുമായി മലയാളി വിദ്യാർഥിനികൾ
text_fieldsമനാൽ മുഹമ്മദ് റഫീഖ്, ലിയ മറിയം
പഠന മികവിന് സ്വർണത്തിളക്കം
ഖത്തർ യൂനിവേഴ്സിറ്റി ബി.എസ്.സി കെമിക്കൽ എൻജിനീയറിങ്ങിൽ സ്വർണമെഡൽ നേട്ടവുമായി മനാൽ മുഹമ്മദ് റഫീഖ്. യൂണിവേഴ്സിറ്റിയിൽനിന്നും ഡിസ്റ്റിങ്ഷനോടെ ഉയർന്ന വിജയം കരസ്ഥമാക്കിയ 525 വിദ്യാർഥിനികൾക്ക് ശൈഖ ജവഹർ ബിൻത് ഹമദ് ബിൻ സുഹൈം ആൽഥാനിയാണ് ബിരുദം വിതരണം ചെയ്തത്. ഇതിൽ പ്രവാസി ഇന്ത്യക്കാർക്ക് അഭിമാനമായി മനാൽ മുഹമ്മദ് റഫീഖും ഇടംപിടിച്ചു.
എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ നിന്ന് സ്കൂൾ പഠനത്തിനുശേഷമാണ് ഖത്തർ യൂണിവേഴ്സിറ്റിയിൽ യു.ജി പഠനത്തിന് ചേർന്നത്. ദോഹയിൽ ഇലക്ട്രിക്കൽ എൻജിനീയറായി ജോലി ചെയ്യുന്ന കോഴിക്കോട് കൊയിലാണ്ടി കൊല്ലം സ്വദേശിയായ മുഹമ്മദ് റഫീഖ് -റസിയ റഫീഖ് ദമ്പതികളുടെ മകളാണ്. പഠനം തുടരണമെന്നും മാസ്റ്റേഴ്സ് ബിരുദം എടുക്കണമെന്നുമാണ് ആഗ്രഹം. മികച്ച വിജയം കൈവരിക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്നും സൃഹൃത്തുക്കളും കുടുംബക്കാരും വിളിച്ച് സന്തോഷം പങ്കുവെക്കുന്നുണ്ടെന്നും മനാൽ ഗൾഫ് മാധ്യമത്തോട് പറഞ്ഞു. അൻഫാൽ മുഹമ്മദ് റഫീഖ് (ആർക്കിടെക്റ്റ്), മിഫ്സൽ എന്നിവർ സഹോദരങ്ങളാണ്.
ഹാപ്പിയാണ് ലിയ മറിയം
ഖത്തർ യൂണിവേഴ്സിറ്റിയിൽനിന്നും ബി.ആർക്കിൽ ഡിസ്റ്റിങ്ഷനോടെ സ്വർണമെഡൽ നേട്ടവുമായി മലയാളി വിദ്യാർഥിനി ലിയ മറിയം. പഠനമികവിനുള്ള അംഗീകാരമായി ലിയ മറിയത്തിന് ലഭിച്ച സ്വർണ മോഡൽ നേട്ടം പ്രവാസി മലയാളി സമൂഹത്തിനും അഭിമാനമായി. മികച്ച വിജയം കരസ്ഥമാക്കാൻ യൂണിവേഴ്സിറ്റിയുടെയും അധ്യാപകരുടെയും വലിയ പിന്തുണയാണ് ലഭിച്ചതെന്ന് ലിയ മറിയം പറഞ്ഞു.
അക്കാദമിക് കാര്യങ്ങളിലും അക്കാദമികേതര പ്രവർത്തനങ്ങളിലും ഒരുപോലെ പ്രോത്സാഹനം ലഭിച്ചു. പഠനകാലയളവിൽ അക്കാദമിക് മേഖലയിലെ പ്രമുഖരുമായി സംവദിക്കാനും മികച്ച ബന്ധങ്ങൾ സ്ഥാപിക്കാനും കഴിഞ്ഞത് വലിയൊരു എക്സ്പ്ലോഷറായെന്നും, ഇത് പ്രൊഫഷണൽ കാഴ്ചപ്പാടുകൾക്ക് ഗുണകരമായെന്നും ലിയ കൂട്ടിച്ചേർത്തു. തുടർപഠനത്തിനാണ് മുൻഗണന നൽകുന്നത്. ആർക്കിടെക്ചറിൽ തന്നെ മാസ്റ്റേഴ്സ് ബിരുദം നേടണമെന്നാണ് ഈ മിടുക്കിയുടെ ആഗ്രഹം.
ദോഹ ഐഡിയൽ ഇന്ത്യൻ സ്കൂളിൽനിന്ന് സ്കൂൾ പഠനം പൂർത്തിയാക്കിയ ലിയ, അൽ സദ്ദ് ട്രാവൽസിൽ ജോലി ചെയ്യുന്ന മുഹമ്മദ് അൻസാരിയുടെയും എം.ഇ.എസ് ഇന്ത്യൻ സ്കൂൾ ഇസ് ലാമിക് എഡ്യൂക്കേഷൻ അധ്യാപിക ഷമീന അൻസാരിയുടെയും മകളാണ്. മകളുടെ ഉന്നത വിജയത്തിന്റെ സന്തോഷത്തിലാണ് കുടുംബവും സുഹൃത്തുക്കളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

