മലയാളി സമാജം ക്വിസ്, ഭവൻസ് പബ്ലിക് സ്കൂളിന് ഹാട്രിക് ജയം
text_fieldsമലയാളി സമാജം ക്വിസിൽ ഒന്നാം സ്ഥാനം നേടിയ ഭവൻസ് പബ്ലിക് സ്കൂൾ വിദ്യാർഥികൾക്ക്
അടൂർ പ്രകാശ് എം.പി ട്രോഫി സമ്മാനിക്കുന്നു
ദോഹ: ഖത്തറിൽ നടക്കുന്ന ഏറ്റവും വലിയ മലയാളം പ്രശ്നോത്തരി മത്സരമായ മലയാളി സമാജം സംഘടിപ്പിക്കുന്ന ‘ഭാഷാരത്ന പുരസ്കാരം’ ക്വിസിൽ ഭവൻസ് പബ്ലിക് സ്കൂൾ തുടർച്ചയായ മൂന്നാം വർഷവും ഒന്നാം സ്ഥാനം നേടി. മാളവിക ഉണ്ണികൃഷ്ണൻ, സാൻവി ബിജീഷ് എന്നിവർ അടങ്ങിയ സംഘമാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. മലയാള ഭാഷയിലും സാഹിത്യത്തിലും വിദ്യാർഥിനികൾ പ്രകടിപ്പിച്ച അസാധാരണമായ അറിവും മികവുമാണ് വിജയത്തിന് വഴിവെച്ചത്. ഖത്തറിലെ 17 സ്കൂളുകൾ പങ്കെടുത്ത മത്സരത്തിൽ മികച്ച പോയന്റുമായാണ് ഭവൻസ് ഉജ്ജ്വല വിജയം നേടിയത്. ഐ.സി.സിയിൽ നടന്ന മത്സരത്തിൽ വിജയികളെ അടൂർ പ്രകാശ് എം.പി ട്രോഫിയും സമ്മാനങ്ങളും നൽകി ആദരിച്ചു. വിദ്യാർഥിനികളുടെ പ്രതിഭയെ അഭിനന്ദിച്ച അദ്ദേഹം, അക്കാദമികവും സാംസ്കാരികവുമായ മേഖലകളിൽ മികവ് പുലർത്താൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
വിദ്യാർഥികളുടെയും അധ്യാപകരുടെയും നിരന്തരമായ പരിശ്രമവും സമർപ്പണവും മാർഗനിർദേശവുമാണ് ഹാട്രിക് വിജയത്തിന് പിന്നിലെന്നും സ്കൂളിന്റെ മികവിന്റെ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്നതിൽ വിദ്യാർഥികൾ വലിയ പങ്കുവഹിച്ചെന്നും സ്കൂൾ മാനേജ്മെന്റ് അറിയിച്ചു. മികച്ച വിജയം നേടിയ ഭവൻസ് വിദ്യാർഥികളെ സ്കൂൾ ചെയർമാൻ ജെ.കെ. മേനോൻ, പ്രസിഡന്റ് പി.എൻ. ബാബുരാജൻ, ഡയറക്ടർ അഡ്മിനിസ്ട്രേറ്റർ അഞ്ജന മേനോൻ എന്നിവർ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

