മലയാളോത്സവം -മുഖ്യമന്ത്രിയുടെ ഖത്തർ പര്യടനം; സ്വാഗതസംഘം രൂപവത്കരണ യോഗം
text_fieldsമലയാളോത്സവം -കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ഖത്തർ പര്യടനത്തിന്റെ ഭാഗമായി
സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടിയുടെ സ്വാഗതസംഘം രൂപവത്കരണ യോഗം
ദോഹ: മലയാളോത്സവം -ഗൾഫ് പര്യടനത്തിന്റെ ഭാഗമായി ഒക്ടോബർ 30ന് ഖത്തറിലെത്തുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയനും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും അടങ്ങിയ സംഘത്തിന് വിപുലമായ സ്വീകരണമൊരുക്കാൻ ഖത്തർ മലയാളി പ്രവാസികൾ.
ലോക കേരളസഭ, മലയാളം മിഷൻ എന്നിവയുടെ ആഭിമുഖ്യത്തിലാണ് ഗൾഫ് നാടുകളിൽ സ്വീകരണം സംഘടിപ്പിക്കുന്നത്. ഇന്ത്യൻ കൾച്ചറൽ സെന്റർ അശോകാ ഹാളിൽ നടന്ന സ്വാഗതസംഘ രൂപവത്കരണയോഗത്തിൽ പ്രവാസി മലയാളി സമൂഹത്തിലെ വിവിധ മേഖലകളിൽനിന്നുള്ളവരുടെ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.
ഒക്ടോബർ 30ന് വൈകുന്നേരം ആറുമണി മുതൽ അബു ഹമൂറിലുള്ള ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ ആകും ‘മലയാളോത്സവം 2025’എന്ന സ്വീകരണ പരിപാടി നടക്കുക. ചടങ്ങിൽ വിവിധ സ്വാഗതസംഘ കമ്മിറ്റികളുടെ പാനൽ കേരള പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടറും ലോക കേരള സഭ അംഗവുമായ ഇ.എം. സുധീർ അവതരിപ്പിച്ചു.
എം.എ. യൂസഫലി മുഖ്യ രക്ഷധികാരിയായും നോര്‍ക്ക റൂട്ട്സ് ഡയറക്ടറും ലോക കേരള സഭ അംഗവുമായ സി.വി. റപ്പായി ചെയർമാനും ഇ.എം. സുധീർ ജനറൽ കൺവീനറുമായി, ഖത്തറിലെ വിവിധ സംഘടനാ പ്രതിനിധികളെയും പൗരപ്രമുഖരെയും ഉൾപ്പെടുത്തിയിട്ടുള്ള വിപുലമായ സംഘാടക സമിതിക്കാണ് രൂപം നൽകിയത്. സി.വി. റപ്പായി അധ്യക്ഷതവഹിച്ച ചടങ്ങിൽ നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍ ജെ.കെ. മേനോന് സ്വാഗതസംഘം രൂപവത്കരണ യോഗം ഉദ്ഘാടനം ചെയ്തു. പ്രവാസി ഭാരതീയ സമ്മാൻ ജേതാവും പ്രമുഖ സമൂഹ്യപ്രവർത്തകനുമായ ഡോ. മോഹൻ തോമസ്, ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠന്, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാന്, ഐ.ബി.പി.സി പ്രസിഡന്റ് താഹ അബ്ദുൾ കരീം തുടങ്ങി ഖത്തറിലെ മലയാളി സാമൂഹ്യ- സാംസ്കാരിക വാണിജ്ജ്യ രംഗത്തെ പ്രമുഖര്‍ പ്രസംഗിച്ചു.
സംസ്കൃതി സെക്രട്ടറിയും മലയാളം മിഷൻ സംസ്കൃതി ഖത്തർ ചാപ്റ്റർ സെക്രട്ടറിയുമായ ബിജു പി. മംഗളം സ്വാഗതവും ലോക കേരള സഭ അംഗവും മുൻ സംസ്കൃതി പ്രസിഡന്റുമായ അഹമ്മദ് കുട്ടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

