സുരക്ഷക്കായി വലിയ മുന്നൊരുക്കങ്ങൾ
text_fieldsഅറബ്-ഇസ്ലാമിക് ഉച്ചകോടി നടന്ന ഷറാട്ടൻ ഹോട്ടൽ
ദോഹ: ഹമാസ് നേതാക്കൾ താമസിച്ചിരുന്ന റെസിഡൻഷ്യൽ കെട്ടിടങ്ങൾക്കു നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് അടിയന്തര തീരുമാനങ്ങളെടുക്കുന്നതിന് അറബ്-ഇസ്ലാമിക് ഉച്ചകോടി പ്രഖ്യാപിച്ചതുമുതൽ ലോകത്തിന്റെ ശ്രദ്ധ ആതിഥേയത്വമരുളുന്ന ദോഹയിലേക്കായിരുന്നു. ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നതിനാൽ വലിയ മുന്നൊരുക്കങ്ങളാണ് ഖത്തർ സ്വീകരിച്ചിരുന്നത്. രാജ്യവ്യാപകമായ സുരക്ഷ നടപടികളുടെ ഭാഗമായി തുറമുഖ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
ഹമദ് വിമാനത്താവളം മുതൽ ലുസൈൽ വാട്ടർ ഫ്രണ്ട് വരെയാണ് ശനിയാഴ്ച രാത്രി ഒമ്പതു മുതൽ തിങ്കളാഴ്ച രാത്രി ഒമ്പതുവരെ വിലക്കേർപ്പെടുത്തിയത്. കൂടാതെ, തിങ്കളാഴ്ച ഉച്ചകോടി നടക്കുന്ന പരിസരങ്ങളിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു. ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെട്ടതിനാൽ, നിരവധി പ്രാദേശിക-അന്തർദേശീയ മാധ്യമങ്ങളും ന്യൂസ് റിപ്പോർട്ട് ചെയ്യാനെത്തി. 200ലധികം മാധ്യമപ്രവർത്തകരാണ് ഉച്ചകോടി റിപ്പോർട്ട് ചെയ്യാനെത്തിയത്.
സമ്മേളനം നടന്ന ഷറാട്ടൻ ഹോട്ടൽ പരിസരത്തും കനത്ത സുരക്ഷയാണ് ഒരുക്കിയത്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അറബ് രാജ്യങ്ങളുടെ നേതാക്കൾ പങ്കെടുക്കുന്ന യോഗത്തിൽ ഇസ്രായേലിനെതിരെ നിർണായകമായ ചർച്ചകളാണ് ഉരുത്തിരിഞ്ഞത്. അതുകൊണ്ടുതന്നെ അടച്ചിട്ട മുറിയിലായിരുന്നു രണ്ടുദിവസവും സമ്മേളനം നടന്നത്. ഞായറാഴ്ച അറബ് -ഇസ്ലാമിക രാഷ്ട്രങ്ങളിലെ വിദേശകാര്യ മന്ത്രിമാർ ദോഹയിലെ റിറ്റ്സ് കാൾട്ടൺ ഹോട്ടലിലാണ് സമ്മേളിച്ചത്. ഇസ്രായേൽ ആക്രമണത്തിനെതിരെ തയാറാക്കിയ കരടു പ്രമേയമാണ് മന്ത്രിമാർ ചർച്ചചെയ്തത്.
ഞായറാഴ്ചയും തിങ്കളാഴ്ച രാവിലെയുമായി വിവിധ രാജ്യങ്ങളുടെ തലവന്മാർ ദോഹയിലെത്തിത്തുടങ്ങിയിരുന്നു. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് നാലോടെയാണ് ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ സാന്നിധ്യത്തിൽ അറബ് -ഇസ്ലാമിക് ഉച്ചകോടി ആരംഭിച്ചത്. തുടർന്ന് വൈകീട്ടോടെ സമാപിച്ച യോഗത്തിനുശേഷം നേതാക്കൾ വാർത്തസമ്മേളനത്തിൽ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

