മലപ്പുറം പെരുമക്ക് പ്രൗഢഗംഭീര സമാപനം
text_fieldsകെ.എം.സി.സി മലപ്പുറം പെരുമ സീസൺ നാല് സമാപനം അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ബഹുസ്വരതയുടെ എല്ലാ അടയാളങ്ങളെയും ഹൃദയത്തോടുചേർത്ത് അഭിമാനത്തോടെ ലോകത്തിനുമുന്നിൽ എഴുന്നേറ്റുനിന്ന പാരമ്പര്യമാണ് മലപ്പുറത്തിനുള്ളതെന്ന് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു.
ഐഡിയൽ ഇന്ത്യൽ സ്കൂളിൽ നടന്ന മലപ്പുറം പെരുമ സീസൺ നാല് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷങ്ങളടക്കമുള്ള ജനവിഭാഗങ്ങൾ സുരക്ഷിതരായിരിക്കുമ്പോഴാണ് ജനാധിപത്യം അർഥപൂർണമാകുന്നത് -അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രമുഖ പ്രഭാഷകൻ പി.എം.എ. ഗഫൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു. വെറുപ്പ് ഉൽപാദിപ്പിക്കുന്ന സകലമാന വേദികളോടും വിടപറയാനുള്ള സന്ദേശമാണ് മലപ്പുറത്തിന്റെ ഇന്നലെകൾ പകർന്നുനൽകുന്നതെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. ചരിത്രമെന്നത് ഒരടഞ്ഞ പുസ്തകമല്ലെന്നും വീണ്ടും വീണ്ടും വായിക്കാനും ആവർത്തിക്കാനുമുള്ളതാണെന്ന് തിരിച്ചറിയണം. ഒരടി പിന്നിലേക്കുപോയി ഇന്നലെകളിൽ നിലനിന്ന സഹവർത്തിത്വത്തിന്റെ ഒരായിരം പുതിയ വകഭേദങ്ങൾ സൃഷ്ടിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ ഉണ്ടാവണം. അത്തരമൊരു ആലോചന പോലും മുന്നോട്ടുള്ള ഗമനത്തിന് ഊർജവും കരുത്തും പകരും -പി.എം.എ. ഗഫൂർ പറഞ്ഞു. മലപ്പുറം പെരുമയിൽ ഓവറോൾ ചാമ്പ്യന്മാരായ മണ്ഡലങ്ങൾക്ക് ചടങ്ങിൽ ട്രോഫികൾ വിതരണം ചെയ്തു. ഏറനാട് മണ്ഡലം ഒന്നാം സ്ഥാനവും തിരൂർ - പെരിന്തൽമണ്ണ മണ്ഡലങ്ങൾ രണ്ടാം സ്ഥാനവും കൊണ്ടോട്ടി - മങ്കട മണ്ഡലങ്ങൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പ്രസിഡന്റ് കെ. മുഹമ്മദ് ഈസ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എസ്.എ.എം. ബഷീർ ആശംസ അർപ്പിച്ചു. സീനിയർ കെ.എം.സി.സി അംഗം അഹ്മദ് മൂസയെ ചടങ്ങിൽ ആദരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അസീസ് നരിക്കുനി, സൈനുൽ ആബിദ് സഫാരി, അബ്ദുൽ നാസർ നാച്ചി തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി അബ്ദുൽ അക്ബർ വേങ്ങശ്ശേരി സ്വാഗതവും ട്രഷറർ അലി മൊറയൂർ നന്ദിയും പറഞ്ഞു. ഭാരവാഹികളായ റഫീഖ് കൊണ്ടോട്ടി, സലാം വണ്ടൂർ, ബഷീർ ചേലേമ്പ്ര, മുഹമ്മദ് ലയിസ് കുനിയിൽ, അബ്ദുൽ മജീദ് പുറത്തൂർ, യൂനുസ് കടമ്പോട് തുടങ്ങിയ പെരുമ ഓർഗനൈസിങ് ടീം പരിപാടികൾക്ക് നേതൃത്വം നൽകി. മൂസ താനൂർ, ഫിറോസ് പുളിക്കൽ പരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

