മാസ്ക്വേണം, രോഗലക്ഷണമുള്ളവർ വരരുത്
text_fieldsദോഹ: എല്ലാ യാത്രക്കാരുടെയും വിമാനത്താവള ജീവനക്കാരുടെയും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന് വിമാനത്താവളത്തിൽ നിന്നുള്ള യാത്രക്കാർ സുരക്ഷാ മുൻകരുതലുകൾ പാലിക്കുന്നതിൽ സൂക്ഷ്മത പാലിക്കണമെന്ന് ഹമദ് രാജ്യാന്തര വിമാനത്താവളം അറിയിച്ചു. ഹമദ് രാജ്യാന്തര വിമാനത്താവളത്തിെൻറ വെബ്സൈറ്റിലാണ് സുരക്ഷാമുൻകരുതലുകൾ ഓർമപ്പെടുത്തിക്കൊണ്ടുള്ള നിർദേശങ്ങൾ പ്രസിദ്ധീകരിച്ചത്. പനി, വരണ്ട ചുമ, ശ്വാസ തടസ്സം, രുചിക്കാനും മണക്കാനുമുള്ള ശേഷി നഷ്ടമാകുക തുടങ്ങിയ രോഗങ്ങളും രോഗലക്ഷണങ്ങളുമുള്ളവർ ഒരിക്കലും വിമാനത്തവാളത്തിലേക്ക് പ്രവേശിക്കരുതെന്നും ഹമദ് വിമാനത്താവള അധികൃതർ നിർദേശിച്ചു. ഹമദ് വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്നവർ നിർബന്ധമായും ഫേസ് മാസ്ക് ധരിച്ചിരിക്കണം. അല്ലാത്തവർക്ക് വിമാനത്താവളത്തിനുള്ളിലേക്ക് പ്രവേശനം നിഷേധിക്കപ്പെടും.മാസ്കുകളുടെ ഉപയോഗവും ഉപയോഗം കഴിഞ്ഞ് ഉപേക്ഷിക്കുന്നതും കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം.
യാത്രയിലുടനീളം ഉപയോഗിക്കുന്നതിനാവശ്യമായ മാസ്കുകളും ആൾക്കഹോൾ അടങ്ങിയ സാനിറ്റൈസറും യാത്രക്കാർ കൈവശം കരുതണം. വ്യക്തി ശുചിത്വം പാലിക്കുന്നതോടൊപ്പം ഇടവിട്ട് കൈകൾ അണുവിമുക്തമാക്കുന്നതിലും ശ്രദ്ധിക്കണം. ടെർമിനലിലുടനീളം സാനിറ്റൈസിംഗ് സ്റ്റേഷനുകൾ സജ്ജീകരിച്ചിട്ടുണ്ട്.യാത്രക്കാർ ഒരിക്കലും യാത്രയുടെ മൂന്നുമണിക്കൂർ മുമ്പ് വിമാനത്താവളത്തിലെത്തരുത്. എല്ലാ യാത്രക്കാരും തെർമൽ സ്ക്രീനിങിന് വിധേയമാകണം. യാത്രക്കാരായവർക്ക് മാത്രമേ ടെർമിനലിനുള്ളിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. വിമാനത്താവളത്തിനുള്ളിൽ സാമൂഹിക അകലവും അധികൃതർ നൽകുന്ന നിർദേശങ്ങളും പാലിക്കണം.കോവിഡ്–19ന് ശേഷം ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ അത്യാധുനിക സാങ്കേതിക സംവിധാനങ്ങളാണ് ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്. അണുവിമുക്ത റോബോട്ടുകളും തെർമൽ ഇമേജിംഗ് ഹെൽമറ്റുകളും യു വി ടണലുകളുമുൾപ്പെടെയുള്ള പകർച്ചവ്യാധി പ്രതിരോധ നടപടികളാണ് വിമാനത്താവളം സ്വീകരിച്ചിരിക്കുന്നത്.
വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ തെർമൽ സ്ക്രീനിങിന് വിധേയമാക്കുന്നുണ്ട്. ഇതിനായി അത്യാധുനിക സാങ്കേതികവിദ്യയുപയോഗിച്ചുള്ള സ്മാർട്ട് തെർമൽ ഹെൽമറ്റുകളാണ് ഉപയോഗിക്കുന്നത്. ഏറെ സുരക്ഷിതവും കൊണ്ട് നടക്കാൻ കഴിയുന്നവയും ഉപയോഗിക്കാൻ എളുപ്പവും ഫലപ്രദവുമാണ് ഇവയുടെ സവിശേഷത. യാത്രക്കാരുമായി സമ്പർക്കം പുലർത്താതെ തന്നെ ശരീരോഷ്മാവ് പരിശോധിക്കാൻ ഇത് സഹായിക്കും. സുരക്ഷ ഉറപ്പാക്കുന്നതിന് ഉപയോഗിക്കുന്ന മറ്റൊരു സംവിധാനം അണുകളെ നശിപ്പിക്കുന്ന റോബോട്ടുകളാണ്. പൂർണമായും സ്വയം പ്രവർത്തിക്കുന്ന റോബോട്ടുകൾ യുവി–സി വെളിച്ചം പുറത്തുവിട്ടാണ് അണുനശീകരണം സാധ്യമാക്കുക. വിമാനത്താവളത്തിലെ പ്രധാന ഇടങ്ങളിലെല്ലാം യാത്രക്കാർക്കും ജീവനക്കാർക്കുമായി ഹാൻഡ് സാനിറ്റൈസറുകൾ സ്ഥാപിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. കൂടാതെ കോവിഡ്–19ന് ശേഷവും ആളുകൾ തമ്മിൽ 1.5 മീറ്റർ സാമൂഹിക അകലം പാലിക്കുന്നതും തുടരും. ആപ്പ് വഴിയോ ഒാൺലൈൻ വഴിയോ ഉള്ള പർച്ചേസിംഗിനും പ്രാമുഖ്യം നൽകും.
ഇതിന് പുറമേ യാത്രക്കാരുടെ ചെക്കിൻ ബാഗേജുകൾ അണുവിമുക്തമാക്കുന്നതിനായി യു വി ടണലുകളുമുണ്ട്. ഡിപ്പാർച്ചർ, അറൈവൽ, ട്രാൻസ്ഫർ എന്നിവിടങ്ങളിലെല്ലാം യാത്രക്കാരുടെ ബാഗേജുകൾ പ്രസ്തുത അണുവിമുക്ത തുരങ്കങ്ങളിലൂടെയാണ് കടന്നുപോകുന്നത്. എല്ലാ ബാഗേജ് േട്രാളികളും ടബ്ബുകളുമെല്ലാം പതിവായി അണുവിമുക്തമാക്കുന്നതും തുടരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
