വീണ്ടുമൊരു വേഗപ്പോരിന് ഒരുങ്ങി ലുസൈൽ
text_fieldsമോട്ടോ ജി.പി വേദിയായ ലുസൈൽ ഇന്റർനാഷനൽ സർക്യൂട്ട്, ജോർജ് മാർട്ടിൻ
ദോഹ: മോട്ടോർ സൈക്കിൽ റേസിങ്ങിലെ വേഗപ്പോരാളികൾ മാറ്റുരക്കുന്ന മോട്ടോ ജി.പി ഖത്തർ ഗ്രാൻഡ്പ്രിക്ക് വേദിയൊരുക്കി ഖത്തർ. ലോകമെങ്ങുമുള്ള റേസിങ് പ്രേമികളുടെ പ്രിയപ്പെട്ട പോരാട്ടമായി മോട്ടോ ജി.പിയുടെ സീസണിലെ നാലാം റൗണ്ട് മത്സരങ്ങൾക്ക് ലുസൈൽ ഇന്റർനാഷനൽ സർക്യൂട്ട് ഈയാഴ്ച വേദിയൊരുക്കും. തായ്ലൻഡ്, അർജന്റീന, അമേരിക്ക ഗ്രാൻഡ്പ്രികൾക്കു ശേഷമാണ് മോട്ടോർ റേസിങ്ങിലെ ലോകോത്തര താരങ്ങൾ ഖത്തറിലേക്ക് വിമാനം കയറുന്നത്.
ഏപ്രിൽ 11 മുതൽ 13 വരെയാണ് ലുസൈലിലെ 5.38 കി.മീ ദൈർഘ്യമുള്ള മനോഹരമായ സർക്യൂട്ടിൽ മത്സരം നടക്കുന്നത്. രാത്രിയിലാണ് മത്സരമെന്ന സവിശേഷതയും ഇത്തവണ മോട്ടോ ജി.പി ഗ്രാൻഡ്പ്രിക്കുണ്ട്.
സ്പ്രിന്റ് റേസ്, ബി.എം.ഡബ്ല്യ; എം ലാപ്സ്, ഹീറോ വാക്സ്, ഏഷ്യ ടാലന്റ് കപ്പ് എന്നിവയും അനുബന്ധമായി അരങ്ങേറും. ഉദ്ഘാടന, സമാപന ചടങ്ങുകളും വെടിക്കെട്ടുമായി കളർഫുൾ ചാമ്പ്യൻഷിപ്പാണ് ഇത്തവണ ഖത്തർ ആരാധകർക്കായി ഒരുക്കുന്നത്. പ്രാക്ടീസ്, യോഗ്യതാ റേസുകൾ ആദ്യ ദിവസങ്ങളിലായി നടക്കും.
ഏപ്രിൽ 11ന് ഉച്ചക്ക് 12.30ന് ലുസൈൽ സർക്യൂട്ടിലേക്ക് ആരാധകർക്ക് പ്രവേശനം അനുവദിക്കും. രാത്രി 10 വരെയാണ് മത്സരങ്ങളും അനുബന്ധ പരിപാടികളും. സമാപന ദിനമായ 13 ന് ഉച്ച 1.30 മുതൽ രാത്രി 10 വരെയാണ് പരിപാടികൾ. മൂന്നു ദിനങ്ങളിൽ ആരാധകർക്ക് ആസ്വദിക്കാൻ മത്സരങ്ങൾക്ക് പുറമെ, വിവിധ വിനോദ പരിപാടികളും സംഘാടകർ സജ്ജമാക്കിയിട്ടുണ്ട്.
ഡി.ജെ, മ്യൂസിക്കൽ പരേഡ്, പരമ്പരാഗത വാദ്യോപകരണമായ ഊദ് പ്രകടനവുമായി സാംസ്കാരിക വേദികൾ എന്നിവയുമായി ഫാൻസോൺ സജീവമാകും. കുട്ടികൾക്ക് സയൻസ് ഷോ, മാജിക് ഉൾപ്പെടെ വിനോദ പരിപാടികളും ഗ്രാൻഡ്പ്രീ റേസിനോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
ആരാധകർ താരങ്ങളുമായി സംവദിക്കാനും ഓട്ടോഗ്രാഫും ചിത്രങ്ങൾ പകർത്താനും അവസരം നൽകുന്ന ഹീറോ വാക് ശനിയാഴ്ച നടക്കും. വേദിയിൽ ആദ്യം പ്രവേശിക്കുന്ന 400 പേർക്കായിരിക്കും അവസരം. മോേട്ടാ 2, മോേട്ടാ 3 മത്സരങ്ങൾക്കും ശനിയാഴ്ച വേദിയാകും. ഞായറാഴ്ചയാണ് മോട്ടോ ജി.പി മത്സരങ്ങളുടെ ഫൈനൽ.
ചാമ്പ്യൻ ജോർജ് മാർട്ടിൻ മത്സരിക്കും
ദോഹ: നിലവിലെ മോട്ടോ ജി.പി ലോകചാമ്പ്യൻ ജോർജ് മാർട്ടിൻ ഖത്തർ ഗ്രാൻഡ്പ്രിയിൽ മാറ്റുരക്കാനെത്തും. പരിക്കുകാരണം സീസണിലെ ആദ്യ മൂന്ന് റേസുകളും നഷ്ടമായ താരം ഫിറ്റ്നസ് വീണ്ടെടുത്ത് മത്സര സജ്ജമായതായി അദ്ദേഹത്തിന്റെ ടീമായ ഏപ്രിലിയ അറിയിച്ചു. സീസൺ തയാറെടുപ്പിന്റെ ഭാഗമായി ഫെബ്രുവരിയിൽ മലേഷ്യയിൽ നടന്ന പ്രീ സീസൺ ടെസ്റ്റിനിടെ അപകടത്തിൽപെട്ടാണ് സ്പാനിഷ് താരത്തിന്റെ വലതു കൈക്കും കാൽപാദത്തിനും പരിക്കേറ്റത്. സീസണിലെ ആദ്യ രണ്ട് റേസുകളിൽ ജേതാക്കളായ ഡുകാടിയുടെ സഹോദരങ്ങളായ അലക്സ് മാർക്വസും മാർക് മാർക്വസുമാണ് പോയന്റ് നിരയിൽ മുന്നിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

