Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപരിസ്ഥിതി സൗഹൃദ പാതയിൽ...

പരിസ്ഥിതി സൗഹൃദ പാതയിൽ ലുസൈൽ സർക്യൂട്ട്

text_fields
bookmark_border
പരിസ്ഥിതി സൗഹൃദ പാതയിൽ ലുസൈൽ സർക്യൂട്ട്
cancel
camera_alt

ലുസൈൽ ഇന്റർനാഷനൽ സർക്യൂട്ട്

ദോഹ: ഖത്തറിലെ മുൻനിര മോട്ടോർസ്പോർട്ട്സ്, വിനോദ വേദിയായ ലുസൈൽ ഇന്റർനാഷനൽ സർക്യൂട്ട് കൂടുതൽ പരിസ്ഥിതി സൗഹൃദമാകുന്നു. ഇതുസംബന്ധിച്ച ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന കൺവെൻഷൻ (യു.എൻ.എഫ്സി.സി.സി) സ്പോർട്സ് ഫോർ ക്ലൈമറ്റ് ആക്ഷൻ ഫ്രെയിംവർക്കിൽ ലുസൈൽ സർക്യൂട്ട് ഔദ്യോഗികമായി ഒപ്പുവെച്ചു.

ഖത്തർ നാഷനൽ വിഷൻ 2030 ന്റെ ഭാഗമായി സുസ്ഥിര വികസന നയങ്ങളുടെ തുടർച്ചയായാണ് ലൂസൈൽ സർക്യൂട്ട് അധികൃതരുടെ പുതിയ നീക്കം. കായികരംഗത്തെ പ്രമുഖ ആഗോള സംഘടനകൾ അണിനിരക്കുന്ന ഈ യു.എൻ കൂട്ടായ്മയിൽ ചേരുന്നതിലൂടെ പരിസ്ഥിതി സംരക്ഷണവും ഉത്തരവാദിത്തവും പ്രോത്സാഹിപ്പിക്കുക, കായിക മത്സരങ്ങൾ മൂലമുണ്ടാകുന്ന കാലാവസ്ഥാ ആഘാതം കുറക്കുക, കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ബോധവത്കരണം ഊർജിതമാക്കുക, സുസ്ഥിര ഉപഭോഗ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുക, പരിസ്ഥിതി സംരക്ഷണത്തിനായി വേദിയൊരുക്കുക തുടങ്ങി അഞ്ച് തത്വങ്ങൾ ലുസൈൽ ഇന്റർനാഷനൽ സർക്യൂട്ട് പിന്തുടരും.

കരാറിന്റെ ഭാഗമായി ഭാവിയിൽ നടപ്പാക്കേണ്ട സമഗ്ര പരിസ്ഥിതി -കാലാവസ്ഥാ സംരംക്ഷണ പ്ലാൻ ലുസൈൽ സർക്യൂട്ട് തയാറാക്കും. 2030ഓടെ ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം 50 ശതമാനമായി കുറക്കാനും, 2040ഓടെ പൂർണമായും കാർബൺ രഹിത സർക്യൂട്ടായി മാറാനുമാണ് ലക്ഷ്യമിടുന്നത്. ഇതിനായി ലുസൈൽ സർക്യൂട്ടിൽ നടക്കുന്ന ഓരോ മത്സരങ്ങളിലും മറ്റ് പ്രവർത്തനങ്ങളിലും ഉണ്ടാകുന്ന പരിസ്ഥിതി ആഘാതം കൃത്യമായി അളക്കുകയും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യും.

കഴിഞ്ഞ വർഷം അന്താരാഷ്ട്ര ഓട്ടോമൊബൈൽ ഫെഡറേഷന്റെ (എഫ്.ഐ.എ) പരിസ്ഥിതി പുരസ്കാരമായ 'ത്രീ സ്റ്റാർ എൻവയോൺമെന്റൽ അക്രഡിറ്റേഷൻ' ലൂസൈൽ സർക്യൂട്ട് സ്വന്തമാക്കിയിരുന്നു. പുനരുപയോഗ ഊർജത്തിന്റെ ഉപയോഗം, ഇലക്ട്രിക് വാഹനങ്ങളുടെ പ്രോത്സാഹനം, മികച്ച മാലിന്യ സംസ്കരണം എന്നിവയിലെ മികവിനാണ് പുരസ്കാരം സ്വന്തമാക്കിയത്.

യു.എൻ.എഫ്സി.സി.സി ഫ്രെയിംവർക്കിൽ ചേരാൻ സാധിച്ചത് ലൂസൈൽ ഇന്റർനാഷനൽ സർക്യൂട്ടിനെ സംബന്ധിച്ച് സുപ്രധാനമായ ചുവടുവെപ്പാണെന്ന് സി.ഇ.ഒ അബ്ദുൽ അസീസ് അലി അൽ മുഹന്നദി അഭിപ്രായപ്പെട്ടു. ജനങ്ങളെ ഒരുമിച്ച് കൊണ്ടുവരാനും നല്ല മാറ്റങ്ങൾ സൃഷ്ടിക്കാനും കായികമേഖലക്ക് വലിയ പങ്കുവഹിക്കാൻ കഴിയും.

ഖത്തർ നാഷണൽ വിഷൻ 2030ന് അനുസൃതമായി, കൂടുതൽ സുസ്ഥിരമായ ഭാവി കെട്ടിപ്പടുക്കാൻ ലുസൈൽ സർക്യൂട്ട് പ്ലാറ്റ്‌ഫോം ഉപയോഗിക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇനിമുതൽ ലുസൈൽ സർക്യൂട്ടിലെ ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം കുറക്കാനുള്ള നടപടികൾ സ്വീകരിക്കും.

ആരാധകരെയും പങ്കാളികളെയും ഉൾപ്പെടുത്തി വലിയ രീതിയിലുള്ള പരിസ്ഥിതി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും അബ്ദുൽ അസീസ് അലി അൽ മുഹന്നദി വിശദീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Lusail Circuit on an eco-friendly path
Next Story