റമദാൻ ജീവകാരുണ്യം; ഖത്തർ ചാരിറ്റിയുമായി കൈകോർത്ത് ലുലു
text_fieldsഖത്തർ ചാരിറ്റിയും ലുലു ഹൈപ്പർ മാർക്കറ്റും റമദാൻ ചാരിറ്റി പാർട്ണർ കരാറിൽ ഒപ്പുവെച്ചപ്പോൾ
ദോഹ: ഖത്തർ ചാരിറ്റിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി കൈകോർത്ത് ലുലു ഹൈപ്പർമാർക്കറ്റ് ഖത്തർ. വ്രതവിശുദ്ധിയുടെ റമദാനിൽ ഖത്തർ ചാരിറ്റിയുടെ ചാരിറ്റി പാർട്ണർ പ്രോഗ്രാമായ ‘ഗിവിങ് ലൈവ്സ് ഓൺ’ ഭാഗമായി ഷോപ് ആൻഡ് ഡൊണേറ്റ് കാമ്പയിനാണ് ലുലു ഹൈപ്പർമാർക്കറ്റുകളിൽ തുടക്കം കുറിച്ചത്.
ജീവകാരുണ്യ പ്രവർത്തനങ്ങളും ദാനധർമങ്ങളും റമദാനിൽ ഊർജിതമാക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക കൂടി പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നു. കരാറിലൂടെ, ചാരിറ്റി പാർട്ണർ പ്രോഗ്രാമിനെക്കുറിച്ച് പൊതുജനങ്ങൾക്കും ഉപഭോക്താക്കൾക്കുമിടയിൽ അവബോധം വർധിപ്പിക്കുന്നതിന് ഖത്തർ ലുലു ഹൈപ്പർമാർക്കറ്റ് വിപുലമായ മാർക്കറ്റിങ് പ്ലാറ്റ്ഫോമുകൾ ഉപയോഗപ്പെടുത്തും. റമദാൻ കാമ്പയിന്റെ ഭാഗമായി ഷോപ് ആൻഡ് ഡൊണേറ്റ് പദ്ധതി വഴി സമാഹരിക്കുന്നത് ഉൾപ്പെടെ തുക ലുലു ഹൈപ്പർമാർക്കറ്റ് ഖത്തർ ചാരിറ്റിക്ക് സംഭാവനയായും നൽകും. ഖത്തറിലെ സൂപ്പർമാർക്കറ്റുകളും ഡിപ്പാർട്മെന്റ് സ്റ്റോറുകളും ഉൾപ്പെടെ 1200ഓളം വാണിജ്യ സ്ഥാപനങ്ങളുമായി ചേർന്നാണ് ഖത്തർ ചാരിറ്റി ‘ഗിവിങ് ലൈവ്സ് ഓൺ’ ഡ്രൈവ് റമദാനിൽ തുടരുന്നത്. ലുസൈലിലെ ആസ്ഥാനത്തു നടന്ന ചടങ്ങിൽ ഖത്തർ ചാരിറ്റി ചീഫ് മാർക്കറ്റിങ് ഓഫിസർ അഹമ്മദ് യൂസുഫ് ഫഖ്റു, ലുലു ഹൈപ്പർമാർക്കറ്റ് ഖത്തർ റീജനൽ മാനേജർ ഷാനവാസ് പടിയത്ത് എന്നിവർ ചേർന്ന് കരാറിൽ ഒപ്പുവെച്ചു.
റമദാൻ ഉൾപ്പെടെ സമയങ്ങളിൽ ലുലു ഗ്രൂപ്പിന്റെ വലിയ പിന്തുണയെ ഖത്തർ ചാരിറ്റി പ്രതിനിധി അഹമ്മദ് യൂസുഫ് ഫഖ്റു അഭിനന്ദിച്ചു. ഖത്തറിലും പുറത്തുമുള്ള കമ്പനികൾ അവരുടെ വരുമാനത്തിന്റെ ഒരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഐക്യത്തിന്റെയും ദാനധർമങ്ങളുടെയും കാലമായ റമദാനിൽ ഖത്തർ ചാരിറ്റിയുടെ മാതൃകാപരമായ ദൗത്യങ്ങളിൽ പങ്കുചേരാൻ കഴിഞ്ഞത് അഭിമാനകരമാണെന്ന് ഷാനവാസ് പടിയത്ത് പറഞ്ഞു. ‘ഷോപ് ആൻഡ് ഡൊണേറ്റ്’ കാമ്പയിനിലൂടെ മഹത്തായ ഉദ്യമത്തിൽ പങ്കുചേരാൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

