ഓട്ടിസം സൊസൈറ്റിക്ക് ലുലു ഹൈപ്പർ മാർക്കറ്റിന്റെ കൈത്താങ്ങ്
text_fieldsഖത്തരി ഓട്ടിസം സൊസൈറ്റിക്കുള്ള ലുലു ഹൈപ്പർമാർക്കറ്റിന്റെ സാമ്പത്തിക സഹായം ലുലു ഗ്രൂപ് റീജനൽ ഡയറക്ടർ
എം.ഒ. ഷൈജാൻ കൈമാറുന്നു
ദോഹ: ഖത്തറിലെ സാമൂഹിക-ജീവകാരുണ്യ സേവനങ്ങൾക്ക് കൈത്താങ്ങുമായി ലുലു ഹൈപ്പർമാർക്കറ്റ്. കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി പദ്ധതികളുടെ ഭാഗമായി ഖത്തരി ഓട്ടിസം സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്കായി ലുലു ഹൈപ്പർമാർക്കറ്റ് ഒരു ലക്ഷം റിയാൽ സംഭാവന ചെയ്തു.
നിശ്ചിത തുകയുടെ ചെക്ക് ലുലു ഗ്രൂപ് റീജനൽ ഡയറക്ടർ എം.ഒ. ഷൈജാൻ ഖത്തരി ഓട്ടിസം സൊസൈറ്റി എക്സിക്യൂട്ടിവ് ഡയറക്ടർ മുഹമ്മദ് ഫൈസലിന് കൈമാറി. ഡി റിങ് റോഡിലെ ലുലു ഹൈപ്പർമാർക്കറ്റ് റീജനൽ ആസ്ഥാനത്ത് നടന്ന ചടങ്ങിലായിരുന്നു കൈമാറിയത്. മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു.
ഖത്തർ ഓട്ടിസം സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ഏപ്രിൽ രണ്ടുമുതൽ മേയ് രണ്ടുവരെ നീണ്ടു നിന്ന ഓട്ടിസംദിന കാമ്പയിനും ലുലു ഹൈപ്പർമാർക്കറ്റ് നേതൃത്വം നൽകിയിരുന്നു. ഓരോ ലുലു ലേബൽ ഉൽപന്നങ്ങൾ വാങ്ങുന്നതുവഴി ഒരു റിയാൽ വീതം ഓട്ടിസം സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്ക് സംഭാവനയായി നൽകുന്ന കാമ്പയിൻ ഏറെ ശ്രദ്ധേയവുമായി. ഒപ്പം, സമൂഹത്തിൽ ഓട്ടിസത്തിനെതിരായ ബോധവത്കരണത്തിനും വഴിയൊരുക്കി.
ബോധവത്കരണം എന്നതിനൊപ്പം ഓട്ടിസം ബാധിച്ച വ്യക്തികൾക്കും അവരുടെ കുടുംബത്തിനുമുള്ള ലുലു ഹൈപ്പർമാർക്കറ്റിന്റെ ഐക്യദാർഢ്യം കൂടിയായിരുന്നുവെന്ന് എം.ഒ. ഷൈജാൻ പറഞ്ഞു.
ഓട്ടിസം സൊസൈറ്റിയുമായുള്ള ഞങ്ങളുടെ പങ്കാളിത്തം, ഓട്ടിസം ബാധിച്ചവരുടെ അവകാശങ്ങൾക്കും ക്ഷേമത്തിനും വേണ്ടിയുള്ള പ്രതിബദ്ധത കൂടിയാണ് -അദ്ദേഹം വിശദീകരിച്ചു.
ഓട്ടിസം ബാധിച്ചവരുടെ കുടുംബാംഗങ്ങൾക്കുള്ള പിന്തുണക്കും പരിശീലനത്തിനുമായി ഈ സംഭാവന ഉപയോഗപ്പെടുത്തും.
പ്രത്യേക പരിശീലന സെമിനാറുകളും മറ്റും ഒരുക്കി ഈ മേഖലയിലെ സ്പെഷലിസ്റ്റുകളുടെയും പ്രാക്ടീഷണർമാരുടെയും മികവ് വർധിപ്പിക്കുന്നതിലും ഓട്ടിസം ബാധിതരെ സമൂഹത്തിന്റെ ഭാഗമായി ഉൾക്കൊള്ളിക്കുന്നത് പ്രോത്സാഹിപ്പിക്കുന്ന വിവിധ പരിപാടികൾ, കോഴ്സുകൾ, പ്രവർത്തനങ്ങൾ എന്നിവയുടെ നിർവഹണത്തിനും ഇത്തരത്തിലുളള ഫണ്ടുകൾ വിനിയോഗിക്കപ്പെടും.
ലുലു ഹൈപ്പർമാർക്കറ്റിന്റെ ദൗത്യത്തെ ഖത്തർ ഓട്ടിസം സൊസൈറ്റി അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

