ലുലു ഹൈപ്പർമാർക്കറ്റിന് ഖത്തർ സി.എസ്.ആർ പുരസ്കാരം
text_fieldsഖത്തർ സി.എസ്.ആർ സമ്മിറ്റിന്റെ റിട്ടെയിൽ സി.എസ്.ആർ പുരസ്കാരം ലുലു ഹൈപ്പർമാർക്കറ്റ് ഖത്തർ റീജനൽ ഡയറക്ടർ പി.എം ഷാനവാസ് ഏറ്റുവാങ്ങിയപ്പോൾ
റീട്ടെയിൽ മേഖലയിലെ മികച്ച സി.എസ്.ആർ പ്രവർത്തനങ്ങൾക്കുള്ള പുരസ്കാരം ഏറ്റുവാങ്ങി
ദോഹ: ചെറുകിട വിൽപന മേഖലയിലെ ഏറ്റവും മികച്ച സി.എസ്.ആർ പ്രവർത്തനങ്ങൾക്കുള്ള ഖത്തർ സി.എസ്.ആർ സമ്മിറ്റ് അവാർഡ് ലുലു ഹൈപ്പർമാർക്കറ്റിന്. പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനിയുടെ രക്ഷാകർതൃത്വത്തിൽ ഖത്തർ യൂനിവേഴ്സിറ്റിയിൽ കഴിഞ്ഞയാഴ്ച നടന്ന സി.എസ്.ആർ ഉച്ചകോടിയിലായിരുന്നു പുരസ്കാര പ്രഖ്യാപനവും വിതരണവും. ഖത്തർ സി.എസ്.ആർ നാഷനൽ പ്രോഗ്രാം സി.ഇ.ഒ ഡോ. സൈഫ് അലി അൽ ഹാജരിയിൽനിന്ന് ലുലു ഹൈപ്പർമാർക്കറ്റ് ഖത്തർ റീജനൽ ഡയറക്ടർ പി.എം. ഷാനവാസ് പുരസ്കാരം ഏറ്റുവാങ്ങി. വ്യാപാര മേഖലക്കൊപ്പം ദേശീയ വികസനത്തിന് സംഭാവന നൽകുന്ന സാമൂഹികവും പരിസ്ഥിതി മൂല്യങ്ങളിൽ അധിഷ്ഠിതവുമായ ലുലു ഹൈപ്പർമാർക്കറ്റിന്റെ സമർപ്പണത്തിനുള്ള അംഗീകാരമായാണ് രാജ്യത്തെ ശ്രദ്ധേയ പുരസ്കാരം സമ്മാനിച്ചത്. ഭക്ഷ്യസുരക്ഷ, വിദ്യാഭ്യാസം, പരിസ്ഥിതി സംരക്ഷണം, സമൂഹികക്ഷേമം എന്നിവയുൾപ്പെടെ നിരവധി സംരംഭങ്ങളിലൂടെ ലുലു നൽകുന്ന സാമൂഹിക ഉത്തരവാദിത്ത നിർവഹണം ശ്രദ്ധയമാണ്.
ഫ്രോസൺ ഉൽപന്നങ്ങൾ കേന്ദ്രീകൃത സംവിധാനങ്ങളിലൂടെ തണുപ്പിച്ച്, വിതരണം ചെയ്യുന്ന സംവിധാനം കാർബൺ ബഹിർഗമനം കുറക്കുന്നതിന്റെ ഭാഗമായി ഏറെ പ്രശംസ നേടി. ഏകീകൃത ലോജിസ്റ്റിക് പ്രവർത്തനങ്ങൾ ഇന്ധന ഉപഭോഗവും വാഹന തേയ്മാനവും കാർബൺ ബഹിർഗമനവും കുറക്കാനും വഴിയൊരുക്കുന്നു. നൂതനമായ ഈ ചുവടുവെപ്പുകൾ പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനൊപ്പം പരിസ്ഥിതി ഉത്തരവാദിത്തത്തോടുള്ള ലുലു ഹൈപ്പർമാർക്കറ്റിന്റെ ദീർഘവീക്ഷണമുള്ള സമീപനത്തെയും പ്രതിഫലിപ്പിക്കുന്നതായി വാർത്താ കുറിപ്പിൽ അറിയിച്ചു. എജുക്കേഷൻ എബൗവ് ഓൾ ഫൗണ്ടേഷന്റെ ‘എജുക്കേറ്റ് എ ചൈൽഡ്’ പദ്ധതിയുമായി കൈകോർത്ത് വിദ്യാഭ്യാസമേഖലയിലും പിന്തുണ നൽകുന്നു. ഖത്തർ ചാരിറ്റി, ഖത്തർകാൻസർ സൊസൈറ്റി, ഖത്തർ ഓട്ടിസം സൊസൈറ്റി എന്നിവയിലൂടെ ജീവകാരുണ്യ രംഗത്തും സജീവമാകുന്നു. മണ്ണിൽ അലിയുന്നതും പുനരുപയോഗിക്കാവുന്നതുമായ ബാഗുകൾ, പ്ലാസ്റ്റിക് റീസൈക്ലിങ് മെഷീനുകൾ സ്ഥാപിക്കൽ തുടങ്ങിയ ദൗത്യവുമായി പരിസ്ഥിതി സൗഹൃദ സംസ്കാരവും ലുലു ഉപഭോക്താക്കളിൽ പകരുന്നു.
ചെറുകിട വിൽപനക്കപ്പുറം ഉത്തരവാദിത്തം വ്യാപിക്കുന്നുവെന്ന് ഞങ്ങൾ വിശ്വസിക്കുന്നതായി ലുലു റീജനൽ ഡയറക്ടർ ഷാനവാസ് പറഞ്ഞു. സമൂഹിക പ്രതിബദ്ധത നിലനിർത്തുകയും പരിസ്ഥിതി സംരക്ഷിക്കുകയും ചെയ്യുക എന്നത് ലുലുവിന്റെ മൂല്യങ്ങളുടെ പ്രധാന ഘടകമാണ്. സി.എസ്.ആർ വഴിയുള്ള ശ്രമങ്ങൾക്കുള്ള അഭിമാനകരമായ അംഗീകാരമാണ് ഈ അവാർഡ്. കൂടാതെ ഞങ്ങളുടെ പ്രവർത്തനങ്ങളുടെ എല്ലാ മേഖലകളിലും സുസ്ഥിരവും സാമൂഹിക ഉത്തരവാദിത്തമുള്ളതുമായ രീതികൾ പ്രോത്സാഹിപ്പിക്കുന്നതിന് പ്രതിജ്ഞാബദ്ധരാണ് -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

