ഖത്തർ കാൻസർ സൊസൈറ്റിക്ക് ലുലു ഹൈപ്പർമാർക്കറ്റിന്റെ സഹായം
text_fieldsഷോപ് ആൻഡ് ഡൊണേറ്റ്’ കാമ്പയിനിലൂടെ സ്വരൂപിച്ച തുക ഖത്തർ കാൻസർ സൊസൈറ്റി
പബ്ലിക് റിലേഷൻസ് മാനേജർ അമ്മാർ അൽ മഷദാനിക്ക് ലുലു ഹൈപ്പർമാർക്കറ്റ് ഖത്തർ
റീജിനൽ ഡയറക്ടർ ഷാനവാസ് പാടിയത്ത് കൈമാറുന്നു
ദോഹ: പ്രമുഖ റീട്ടെയിൽ ശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റ് ‘ഷോപ്പ് ആൻഡ് ഡൊണേറ്റ്’ കാമ്പയിനിലൂടെ സ്വരൂപിച്ച തുക ഖത്തർ കാൻസർ സൊസൈറ്റിക്ക് കൈമാറി. സ്തനാർബുദ ബോധവത്കരണ പ്രവർത്തനങ്ങളുടെ തുടർച്ചയായി ‘ഷോപ്പ് ആൻഡ് ഡൊണേറ്റ്’ കാമ്പയിനിലൂടെ സ്വരൂപിച്ച 1,25,000 ഖത്തർ റിയാലാണ് കൈമാറിയത്. ലുലു സ്റ്റോറുകളിൽ തിരഞ്ഞെടുത്ത ഉൽപന്നങ്ങൾ വാങ്ങുന്നതിലൂടെ സാമൂഹിക ഉത്തരവാദിത്തത്തിൽ പങ്കാളികളാകാൻ ഉപഭോക്താക്കൾക്കും പ്രോത്സാഹനമായി. വിൽപനയിലൂടെ ലഭിച്ച വരുമാനത്തിന്റെ ഒരു ഭാഗം ഖത്തർ കാൻസർ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്കായി മാറ്റിവെക്കുകയായിരുന്നു. ലുലു റീജനൽ ഓഫിസിൽ നടന്ന ചടങ്ങിൽ ഖത്തർ കാൻസർ സൊസൈറ്റി പബ്ലിക് റിലേഷൻസ് മാനേജർ അമ്മാർ അൽ മഷദാനിക്ക് ലുലു ഹൈപ്പർമാർക്കറ്റ് ഖത്തർ റീജിനൽ ഡയറക്ടർ ഷാനവാസ് പാടിയത്ത് ചെക്ക് കൈമാറി.
സംഭാവനകളും സാമൂഹിക പങ്കാളിത്തത്തവും ഉറപ്പാക്കി പ്രവർത്തിക്കുന്ന നോൺ പ്രോഫിറ്റബ്ൾ ചാരിറ്റി സ്ഥാപനമാണ് ഖത്തർ കാൻസർ സൊസൈറ്റി.
കാൻസർ പ്രതിരോധം, നേരത്തെയുള്ള രോഗനിർണയം, രോഗി പിന്തുണ, ചികിത്സ നേടേണ്ടതിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് അവബോധം വളർത്തുക എന്നതാണ് ക്യു.സി.എസിന്റെ ലക്ഷ്യം. കൂടാതെ, രോഗികൾക്കും അതിജീവിച്ചവർക്കും അവരുടെ കുടുംബങ്ങൾക്കും സാമ്പത്തികവും മാനസികവും സാമൂഹികവുമായ പിന്തുണ നൽകുന്നതിനും, കാൻസർ മേഖലയിലെ ഗവേഷണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
കാൻസറിനെതിരായ പോരാട്ടത്തിൽ ലുലുവിന്റെ നിരന്തരമായ സഹകരണത്തിനും സംഭാവനകൾക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി. ലുലു ഹൈപ്പർമാർക്കറ്റ് ക്യു.സി.എസിന്റെ വിവിധ ബോധവൽക്കരണ -ഫണ്ട് ശേഖരണ കാമ്പയിനുകൾക്ക് തുടർച്ചയായി പിന്തുണ നൽകുന്നുണ്ടെന്ന് അമ്മാർ അൽ മഷദാനി പറഞ്ഞു. കാൻസർ പ്രതിരോധം, നേരത്തെയുള്ള രോഗനിർണയം, രോഗി പിന്തുണ, വിദ്യാഭ്യാസം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പരിപാടികൾക്ക് നേതൃത്വം നൽകുന്നതിലൂടെ ക്യു.സി.എസ് സമൂഹത്തിൽ ഒരു നിർണായക പങ്ക് വഹിക്കുന്നു. ആവശ്യമുള്ള രോഗികൾക്ക് വൈദ്യസഹായം, ബോധവത്കരണ പ്രവർത്തനങ്ങൾ, ഖത്തറിലുടനീളം ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംരംഭങ്ങൾ തുടങ്ങിയ അവശ്യ സേവനങ്ങൾ തുടർച്ചയായി നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹിക ഉത്തരവാദിത്തത്തോടും ആരോഗ്യ അവബോധത്തോടുമുള്ള ലുലുവിന്റെ ദീർഘകാല പ്രതിബദ്ധത അടിവരയിടുന്നതാണ് ഷോപ്പ് ആൻഡ് ഡൊണേറ്റ്' കാമ്പയിനെന്ന് ലുലു ഹൈപ്പർമാർക്കറ്റ് റീജിനൽ ഡയറക്ടർ ഷാനവാസ് പാടിയത്ത് പറഞ്ഞു. ഇതിനു പുറമെ, ആരോഗ്യ -വിദ്യാഭ്യാസ പരിപാടികൾ, സർക്കാർ സ്ഥാപനങ്ങളുമായുള്ള സഹകരണം, പോഷകാഹാരത്തെക്കുറിച്ചും രോഗപ്രതിരോധത്തെക്കുറിച്ചും ഉപഭോക്താക്കൾക്ക് അറിവ് നൽകുന്നതിനായി രൂപകൽപന ചെയ്ത ആരോഗ്യ പാചക ഷോകൾ പോലുള്ള നൂതന സംരംഭങ്ങൾ ഉൾപ്പെടെ നിരവധി സി.എസ്.ആർ പ്രവർത്തനങ്ങളിൽ ലുലു ഹൈപ്പർമാർക്കറ്റ് സജീവമായി പങ്കെടുക്കുന്നു.
ഫലപ്രദമായ പങ്കാളിത്തത്തിലൂടെയും ഉപഭോക്തൃ ഇടപെടലിലൂടെയും സ്വകാര്യമേഖലയിലെ സ്ഥാപനങ്ങൾക്ക് ദേശീയ ആരോഗ്യ മേഖലയെ പിന്തുണക്കാൻ കഴിയും എന്നതിന്റെ മാതൃകയാണ് ‘ഷോപ്പ് ആൻഡ് ഡൊണേറ്റ്’ കാമ്പയിൻ. സമൂഹത്തിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കുകയും സംഭാവന നൽകുകയും ചെയ്യുന്ന ഉത്തരവാദിത്തമുള്ള സ്ഥാപനമാണ് ലുലു ഹൈപ്പർമാർക്കറ്റെന്നും സമൂഹത്തോടുള്ള ഞങ്ങളുടെ പ്രതിബദ്ധത ഇതിൽ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

