ലോകത്തിന്റെ കണ്ണാവാൻ ലുസൈൽ
text_fieldsലുസൈലിലെ മറിന ട്വിൻ ടവർ
തലയെടുപ്പോടെ സ്വപ്നനഗരം
ദോഹ: ഖത്തറിന്റെ സ്വപ്നങ്ങളെയെല്ലാം അന്വർഥമാക്കി ലുസൈൽ നഗരം ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകാനുള്ള അവസാന തയാറെടുപ്പിലാണ്. രാജ്യത്തിന്റെ ചരിത്രത്തിൽ സവിശേഷപ്രാധാന്യമുള്ള ഈ അത്യാധുനിക നഗരം, ഭൂമിയിലെ വലിയ ഫുട്ബാൾ മത്സരത്തിന് വേദിയൊരുങ്ങാൻ കാത്തിരിക്കുന്നു. 19ാം നൂറ്റാണ്ടിൽ ആധുനിക ഖത്തറിന്റെ സ്ഥാപകനായ ശൈഖ് ജാസിം ബിൻ മുഹമ്മദ് ആൽഥാനിയുടെ വീട് നിലനിന്നിരുന്ന സ്ഥലമായിരുന്നു ലുസൈൽ. തലസ്ഥാനമായ ദോഹയിൽനിന്ന് 23 കി.മീ. അകലെ ലുസൈൽ കോട്ട നിർമിച്ച് ശൈഖ് ജാസിം നഗരത്തിന്റെ സ്ഥാനം അടയാളപ്പെടുത്തി.
ഇതിനാൽതന്നെ ആധുനിക ഖത്തറിന്റെ ചരിത്രവുമായി അടുത്തുനിൽക്കുന്ന നഗരംകൂടിയാണ് ലുസൈൽ. പ്രദേശത്തെ അപൂർവ സസ്യത്തിന്റെ അറബി നാമമെന്ന് പറയപ്പെടുന്ന അൽ വാസൈൽ എന്ന വാക്കിൽനിന്നാണ് ലുസൈൽ നഗരത്തിന് ആ പേര് ലഭിച്ചത്. ശൈഖ് ജാസിമിന്റെ കാലശേഷം ഒരു നൂറ്റാണ്ടിനിപ്പുറം പ്രദേശത്തെ ഒരു അൾട്രാ മോഡേൺ നഗരമാക്കാൻ പദ്ധതിയുണ്ടായിരുന്നു. 2005 മുതൽ ആ സ്വപ്നം ഘട്ടംഘട്ടമായി യാഥാർഥ്യമാകുകയാണ്.
2022 ലോകകപ്പിലെ നിരവധി മത്സരങ്ങൾക്ക് വേദിയാകുന്ന ലുസൈൽ നഗരം, നവംബർ 22ന് ഗ്രൂപ്-സിയിൽ അർജൻറീന-സൗദി അറേബ്യ മത്സരത്തിനാണ് ആദ്യം വേദിയാകുന്നത്. അതിന് മുന്നോടിയായി ഈ വരുന്ന വെള്ളിയാഴ്ച ലുസൈൽ സൂപ്പർ കപ്പിന് സ്റ്റേഡിയം ആതിഥ്യം വഹിക്കും. സൗദി പ്രോ ലീഗിലെയും ഈജിപ്ഷ്യൻ പ്രീമിയർ ലീഗിലെയും ജേതാക്കളാണ് ഏറ്റുമുട്ടുക. സ്റ്റേഡിയം പൂർണശേഷിയിൽ 80,000 പേർക്ക് ഇരിപ്പിടമൊരുക്കും. ഈജിപ്ഷ്യൻ സംഗീത സാമ്രാട്ട് അംറ് ദിയാബ് നയിക്കുന്ന പ്രത്യേക സംഗീതക്കച്ചേരിയും നടക്കും.
ആസൂത്രണ മികവിന്റെ നഗരം
നഗരമെന്ന നിലയിൽ ലുസൈലിൽ താമസ യൂനിറ്റുകളുൾപ്പെടുന്ന കെട്ടിടങ്ങൾ, ഹോട്ടലുകൾ, കായിക സൗകര്യങ്ങൾ, അത്യാധുനിക പൊതുഗതാഗത ശൃംഖല എന്നിവ സജ്ജമായി. ഒരു മറീനയും ഈന്തപ്പനകളാൽ സമ്പുഷ്ടമായ കടലിനോട് ചേർന്ന നടപ്പാതയും ലുസൈലിന്റെ സവിശേഷതയാണ്.
ഖത്തറിന്റെ സമ്പദ് വ്യവസ്ഥക്ക് പിന്തുണയേകാൻ സ്ഥാപിതമായ ഖത്തരി ദിയാറിന്റെ നേതൃത്വത്തിലാണ് നഗരം സ്ഥാപിച്ചത്. 2010ൽ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവകാശം നേടിയെടുക്കുന്നതിനും ഏറെ മുമ്പുതന്നെ നാല് ലക്ഷത്തിലധികം ആളുകളെ ഉൾക്കൊള്ളുന്ന അത്യാധുനിക സൗകര്യങ്ങളോടെയുള്ള ലുസൈൽ നഗരം സ്ഥാപിക്കാൻ പദ്ധതിയിട്ടിരുന്നതായി ഖത്തരി ദിയാർ ചീഫ് പ്രോജക്ട് ഡെലിവറി ഓഫിസർ ഫഹദ് അൽ ജഹംരി പറഞ്ഞു.
താമസക്കാർക്കും സന്ദർശകർക്കും ഒഴിവുസമയം പ്രയോജനപ്പെടുത്തുന്നതിനും വിനോദത്തിനും സൗകര്യമൊരുക്കുന്ന ഹബ്ബായിരുന്നു ലക്ഷ്യം. 2022 ലോകകപ്പ് അവകാശം ഖത്തറിനെ തേടിയെത്തിയതോടെ നഗരനിർമാണം വേഗത്തിലാക്കിയെന്നും പുതിയ റോഡുകളും ദോഹ മെട്രോയും ഇതോടൊപ്പം സ്ഥാപിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംയോജിത പൊതുഗതാഗത മാസ്റ്റർ പ്ലാനിനോടൊപ്പം പാർക്ക് ആൻഡ് റൈഡ് സ്റ്റേഷനുകൾ, മെട്രോ ശൃംഖലയുമായി ബന്ധിപ്പിച്ച ട്രാംലൈറ്റ് റെയിൽ ഗതാഗത സംവിധാനം, ജലഗതാഗത സൗകര്യം, 75 കി.മീ. ദൈർഘ്യമുള്ള സൈക്കിൾ പാത എന്നിവ സവിശേഷതയാണ്. നിലവിലെ ഗതാഗത സംവിധാനങ്ങളുടെ വൈവിധ്യവും അവ പരസ്പര യോജിപ്പിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്നതുമാണ് ലുസൈലിന്റെ മറ്റൊരു പ്രത്യേകതയെന്നും നഗരത്തിലെത്തുന്ന ഒരാൾക്ക് കാർ ഉപയോഗിക്കാതെതന്നെ നഗരം ചുറ്റാൻ സാധിക്കുമെന്നത് സുസ്ഥിര കാഴ്ചപ്പാടുകളുടെ ഭാഗമാണെന്നും അൽ ജഹംരി വ്യക്തമാക്കി.
2015ൽ ലോക ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്, കഴിഞ്ഞ വർഷത്തെ പ്രഥമ ഫോർമുല വൺ ഗ്രാൻഡ് പ്രിക്സ് തുടങ്ങി ഈയിടെ നിരവധി സുപ്രധാന കായിക ചാമ്പ്യൻഷിപ്പുകൾക്കും മത്സരങ്ങൾക്കുമാണ് ലുസൈൽ ആതിഥേയത്വം വഹിച്ചത്. ഫിഫ ലോകകപ്പ് വേദികളിൽ വലിയതായ ലുസൈൽ ഐക്കണിക് സ്റ്റേഡിയം നഗരത്തിൽ തലയുയർത്തി നിൽക്കുകയാണ്. ഡിസംബർ 18ന് ഖത്തർ ദേശീയദിനത്തിൽ ലോക ഫുട്ബാളിന്റെ രാജാക്കന്മാരെ നിർണയിക്കുന്ന കലാശപ്പോരിന് വേദിയാകുമ്പോൾ ലോകത്തിന്റെ കണ്ണും കാതും ലുസൈൽ നഗരത്തിലേക്കായിരിക്കും.
കതാറ ഇരട്ട ടവർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

