ദോഹ: ശരീരത്തെ അർബുദം കാർന്നുതിന്നാൻ തുടങ്ങിയാൽ റേഡിയേഷൻ നൽകുകയെന്നത് ചികിൽസയിൽ സുപ്രധാനമാണ്. ഇതോടെ രോഗിയുടെ തലമുടി പൂർണമായി കൊഴിയും. എന്നാൽ മുടി കൊഴിഞ്ഞ തങ്ങളുടെ കുഞ്ഞുതലകളാൽ സൗന്ദര്യത്തിെൻറ പുതിയ ചിത്രം രചിക്കുകയാണ് ഇൗ കുരുന്നുകൾ.
ഹമദ് മെഡിക്കൽ കോർപറേഷെൻറ കാൻസർ റിസർച്ച് ആശുപത്രിയിലെ കുഞ്ഞുമക്കളാണ് ശരീരത്തിെൻറ ഒാരോ കോണും കുത്തിപ്പറിക്കുന്ന കാൻസറിനെ ചിത്രങ്ങളാലും കവിതകളാലും മറികടക്കുന്നത്. എന്തുസുന്ദരമാണ്, ആശയസമ്പുഷ്ടമാണ് ഇൗ ചിത്രങ്ങൾ.
തലമുടി കൊഴിഞ്ഞ മുഖത്തിെൻറ പ്രതലത്തിൽ ഒരു കുഞ്ഞുരോഗി വരച്ച ചിത്രത്തിൽ അവൾ കുറിച്ചിട്ടത് ഇങ്ങനെ ‘കാൻസറിന് എെൻറ സൗന്ദര്യത്തെ ഇല്ലാതാക്കാനാകും, പക്ഷേ എെൻറ ഉൗർജത്തെ ഇല്ലാതാക്കാൻ കഴിയില്ല’. ഒറ്റവള്ളിയുള്ള ഫ്രോക്ക് ധരിച്ച തന്നെ കറുത്ത പ്രതലത്തിൽ ആലേഖനം ചെയ്ത മറ്റൊരു ചിത്രകാരിയുടെ വാക്കുകൾക്ക് മാധുര്യവും നോവും ഏറും. അതിങ്ങനെ... ‘കഷണ്ടിക്ക് എന്തൊരു സൗന്ദര്യമാണ്’... കുഞ്ഞുപ്രായത്തിലേ ആ തലയിലെ നനുത്ത രോമങ്ങളെല്ലാം കാൻസർ കൊണ്ടുപോയിട്ടും അതിനെ സൗന്ദര്യമായി കാണുകയാണിവൾ.
ഹമദിെൻറ കാൻസർ ആശുപത്രിയുടെ ‘രോഗികളുടെ നല്ല ജീവിതം’ എന്ന പദ്ധതിയുെട ഭാഗമായ ടാലൻറ് ഷോ കഴിഞ്ഞ മേയ് രണ്ട് മുതൽ അഞ്ചുവരെ ലാൻറ്മാർക്കിൽ നടന്നു. ഹെമറ്റോളജി വിഭാഗം തലവൻ ഡോ. ഹിശാം ഹംസിയാണ് ഉദ്ഘാടനം ചെയ്തത്. 25 വയസിന് താഴെയുള്ള 40ഒാളം രോഗികളാണ് പെങ്കടുത്തത്. ഇന്ത്യക്കാരടക്കം വിവിധ രാജ്യങ്ങളിലുള്ളവർ ഉണ്ടായിരുന്നു. മലയാളികളായ രോഗികളും എത്തി. പത്ത് വയസിന് താഴെയുള്ള പത്തോളം കുഞ്ഞുങ്ങളും രക്ഷിതാക്കൾക്കൊപ്പം എത്തി. വരച്ച ചിത്രങ്ങളും കൈകളിലുണ്ടായിരുന്നു. കുഞ്ഞുരോഗികളുടെ സ്വപ് നങ്ങൾക്ക് നിറമേറെയുണ്ടായിരുന്നു. ‘ഒരു ചിരിയോടെ കാൻസറിനെതിരെ പൊരുതുക’ എന്ന് കോറിവെച്ച ചിത്രത്തിലുള്ളത് പുഞ്ചിരിക്കുന്ന മുഖം. ചികിൽസയിൽ തലമുടി പോയെങ്കിലും ആ പുഞ്ചിരിക്ക് ഏഴഴകാണ്. താൻ കഴിക്കുന്ന കാഠിന്യമേറിയ മരുന്നുകളുടെ പേര്വിവരങ്ങൾ ചേർത്താണ് അഞ്ചുവയസുകാരൻ തെൻറ ചിത്രം പൂർത്തിയാക്കിയത്.