'ഞങ്ങളുടെ സ്നേഹനിധിയായ ഉപ്പ'
text_fieldsപീർ മുഹമ്മദിെൻറ മകൻ സമീർ ദോഹ ഹിലാലിലെ വീട്ടിൽ
ദോഹ: ലോകമെങ്ങുമുള്ള മാപ്പിളപ്പാട്ട് ആസ്വാദകരുടെ മനസ്സിൽ ഒരുപിടി നോവുകൾ ബാക്കിയാക്കി അനശ്വര ഗായകൻ പീർ മുഹമ്മദ് വളപട്ടണം മന്ന ജുമാമസ്ജിദ് ഖബർസ്ഥാനിയിലെ മണ്ണോടു ചേരുേമ്പാൾ പ്രിയ പിതാവിെൻറ വേർപാടിെൻറ വേദനയിൽ ദോഹ ഹിലാലിലെ വീട്ടിലാണ് മൂത്ത മകൻ സമീർ. രണ്ടുമാസം അവധിക്ക് നാട്ടിലെത്തി പിതാവിനൊപ്പം കഴിഞ്ഞ്, ഏതാനും ആഴ്ച മുമ്പാണ് സമീർ ദോഹയിൽ തിരിച്ചെത്തിയത്. ചൊവ്വാഴ്ച പുലർച്ച രണ്ടുമണിയോടെയാണ് പിതാവിെൻറ മരണവാർത്ത സമീർ അറിയുന്നത്. കഴിഞ്ഞ ഏതാനും ദിവസമായി ശാരീരിക അവശതകൾ കാരണം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന പിതാവിനോട് തലേദിവസവും സമീർ വിഡിയോ കാളിൽ സംസാരിച്ചിരുന്നു. അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ നാട്ടിെലത്താൻ കഴിഞ്ഞില്ലെങ്കിലും മനസ്സുകൊണ്ട് പിതാവിനൊപ്പമായിരുന്നു സമീർ.
ആറു പതിറ്റാണ്ടിലേറെ കാലമായി മലയാളികൾ മൂളിനടക്കുന്ന ഒരുപിടി പാട്ടുകൾ സമ്മാനിച്ച അനശ്വര ഗായകെൻറ സ്മരണകളിലും പ്രാർഥനകളിലുമായിരുന്നു മകെൻറ കഴിഞ്ഞ ദിവസത്തെ പകൽ.
'നാട്ടുകാർക്കെല്ലാം അദ്ദേഹം വലിയ പാട്ടുകാരനാണെങ്കിൽ, ഞങ്ങൾക്ക് സ്നേഹനിധിയായ ഉപ്പയായിരുന്നു . മൂത്തമകൻ എന്ന നിലയിൽ വലിയ അടുപ്പവും സ്നേഹവും കരുതലും എനിക്ക് കൂടുതലായി അനുഭവിക്കാനായി. കുടുംബം, മക്കൾ എന്നത് കഴിഞ്ഞേ ഉപ്പക്ക് എന്തുമുണ്ടായിരുന്നുള്ളൂ. എവിടെയാണെങ്കിലും വീട്ടിലെത്തും. വീട്ടിലെത്തിയ ശേഷം മാത്രമേ ഭക്ഷണവും കഴിക്കുമായിരുന്നുള്ളൂ. എന്ത് തിരക്കിനിടയിലും ഞങ്ങളുടെ കുഞ്ഞുകാര്യങ്ങളിലും തമാശകളിലും എല്ലാം ഉപ്പയുണ്ടാവുമായിരുന്നു'-പീർ മുഹമ്മദ് എന്ന സ്നേഹസമ്പന്നനായ പിതാവിനെ അനുസ്മരിക്കുകയാണ് മകൻ സമീർ.
'പ്രവാസികളുമായി വലിയ സ്നേഹ ബന്ധമായിരുന്നു ഉപ്പക്ക്. അതുകൊണ്ടുതന്നെയാണ് പാട്ടുകളിൽ ഏറെയും പ്രവാസവും മരുഭൂമിയും അറേബ്യൻ കഥകളുമൊക്കെയായത്. എവിടെയെത്തുേമ്പാഴും വലിയ ആദരവാണ് ലഭിച്ചത്. ഖത്തറിലും ദുബൈയിലും സൗദിയിലും ഉൾപ്പെടെ എല്ലാ ഗൾഫ് രാജ്യങ്ങളിലും ഉപ്പ സംഗീതപരിപാടികളുമായി സഞ്ചരിച്ചിരുന്നു. ഈ സ്നേഹം മക്കളായ ഞങ്ങളും ഏറെ അനുഭവിച്ചു. എവിടെ എത്തുേമ്പാഴും പീർ മുഹമ്മദിെൻറ മകൻ എന്ന് പരിചയപ്പെടുേമ്പാൾ ജനങ്ങൾ നൽകുന്ന ആദരവിലൂെട ഉപ്പ ഞങ്ങൾക്ക് എപ്പോഴും അഭിമാനം പകർന്നു' -സമീർ ഓർക്കുന്നു.
'ചെറുപ്പത്തിൽ ഞങ്ങളെയും പാട്ടുപാടിക്കുമായിരുന്നു. സ്കൂൾ കലോത്സവങ്ങളിലും മറ്റും പങ്കെടുപ്പിച്ചു. ഞങ്ങൾ നാലു മക്കളും പാട്ടുപാടി. അനിയൻ നിസാം ഉപ്പയുടെ വഴിയേ നല്ലൊരു പാട്ടുകാരനായി മാറി. ഉപ്പക്കൊപ്പം പല വേദികളിലും അവൻ സഞ്ചരിച്ചിരുന്നു. രണ്ടു സഹോദരിമാരും പാട്ടുപാടും'-സമീർ പിതാവിനെ ഓർക്കുന്നു.
ഖത്തറിൽ മെയിൻറനൻസ് സ്ഥാപനം നടത്തുന്ന സമീർ ഹിലാലിലാണ് താമസം. ഭാര്യ ഹനാനും ഇളയ മകൻ ഹാതിമും ഖത്തറിലുണ്ട്. മൂത്തമകൾ അസിൻ നാട്ടിലാണുള്ളത്.
'പുതുമാരൻ സമീറിെൻറ....'-
പാട്ടുവരികളിലെ സമീർ
ഖാഫ് മല കണ്ട പൂങ്കാേറ്റ..., ഒട്ടകങ്ങൾ വരിവരി വരിയായ്... തുടങ്ങിയ എണ്ണമറ്റ ഗാനങ്ങൾക്കിടയിൽ മലബാറിലെ കല്യാണ സദസ്സുകളിലെ ഹിറ്റായിരുന്നു 'പുതുമാരൻ സമീറിെൻറ.. പൂമാല ചൂടിയ പെണ്ണേ...'എന്ന് തുടങ്ങുന്ന ഗാനം.
പി.ടി. അബ്ദുറഹ്മാെൻറ വരികൾ പീർ മുഹമ്മദിെൻറ സ്വരമാധുരിയിൽ ആസ്വാദകലോകം ഏറ്റെടുത്തു. എന്നാൽ ആ പാട്ടിലെ സമീർ ഗായകെൻറ ആദ്യത്തെ കൺമണിയായിരുന്നുവെന്ന് പലർക്കും അറിയില്ലായിരുന്നു. മൂത്തമകനായി സമീർ പിറന്നതിനു പിന്നാലെയാണ് മകെൻറ വരവുവെച്ച് പുതിയൊരു പാട്ട് പിറക്കുന്നതും അത് കാലാതീതമായി തുടരുന്നതും.