അവധിക്കാലത്ത് സന്ദർശകർ ഏറെ; ഹോട്ടലുകൾക്കും ചാകര
text_fieldsപെരുന്നാൾ അവധിക്കാലത്തെ കതാറയിലെ തിരക്ക്
ദോഹ: ബലിപെരുന്നാൾ അവധിയും വേനലവധിയും ഒരുമിച്ചെത്തുകയും ഗൾഫ് നാടുകളിൽനിന്നും വിവിധ ജി.സി.സികളിൽനിന്നും സന്ദർശകർ ഒഴുകുകയും ചെയ്തതോടെ ഖത്തറിലെ ഹോട്ടൽ ബുക്കിങ്ങിൽ വൻ കുതിപ്പ്. സീസണിൽ നേട്ടം കൊയ്യാൻ ഹോട്ടലുകൾ ആകർഷകമായ ഓഫറുകളും പ്രഖ്യാപിച്ചിരുന്നു. ഈദ് അവധി കാരണം ഹോട്ടൽ റിസർവേഷനിൽ വലിയ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഹിൽട്ടൺ എംബസി സ്യൂട്ട് ഡ്യൂട്ടി മാനേജർ നദീൻ ഫഖ്റെദീൻ പറഞ്ഞു.
ഈദ് അവധിക്കാലത്ത് കുടുംബങ്ങൾക്കും ദമ്പതികൾക്കുമായി പ്രത്യേക പാക്കേജുകളാണ് തയാറാക്കിയതെന്നും വലിയ പ്രതികരണമാണ് ഇതിന് ലഭിച്ചതെന്നും വിശദീകരിച്ചു. ജിം, നീന്തൽക്കുളം ഉൾപ്പെടെ ഒരു രാത്രിക്ക് 500 മുതൽ 700 റിയാൽ വരെയായിരുന്നു ശരാശരി നിരക്കെന്നും നദീൻ പ്രാദേശിക ദിനപത്രത്തോട് സംസാരിക്കവെ വ്യക്തമാക്കി.
സ്റ്റേക്കേഷൻ എന്നറിയപ്പെടുന്ന കുറഞ്ഞ സമയത്തേക്കുള്ള ഹോട്ടൽ താമസത്തിന് ഖത്തറിൽ ആവശ്യക്കാരേറിവരുന്ന സാഹചര്യമാണുള്ളത്. വിദേശയാത്ര ചെയ്യാത്തവർക്ക് ഏറെ പ്രയോജനം ലഭിക്കുന്ന സ്റ്റേക്കേഷൻ പാക്കേജുകളാണ് വിവിധ ഹോട്ടലുകൾ വാഗ്ദാനം ചെയ്യുന്നത്.
ദോഹയെ 2023ലെ അറബ് ടൂറിസം തലസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടത് രാജ്യത്തേക്ക് അറബ്, വിദേശ സന്ദർശകരെ കൂടുതൽ ആകർഷിക്കാൻ ഇടയാക്കിയിട്ടുണ്ട്. ആഗോള വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ഖത്തറിന്റെ സ്ഥാനം ഊട്ടിയുറപ്പിക്കുന്നതിലെ പ്രധാന നാഴികക്കല്ലു കൂടിയായിരുന്നു ഈ തെരഞ്ഞെടുപ്പ്.
ജൂൺ 27 മുതൽ റൂമുകൾക്ക് ആവശ്യക്കാർ കൂടിയെന്നും സൗദി അറേബ്യ, ദുബൈ, ബഹ്റൈൻ തുടങ്ങി ജി.സി.സി രാജ്യങ്ങളിൽ നിന്നെല്ലാം സന്ദർശകർ ഇവിടെയെത്തിയതായും സറായ പാലസ് ഹോട്ടൽ ഫ്രണ്ട് ഓഫിസ് സൂപ്പർവൈസർ ജാസ്മിൻ ഡൊമിംഗോ പറഞ്ഞു.
ഏഷ്യ, ആഫ്രിക്ക രാജ്യങ്ങളിൽ നിന്നുള്ള ഖത്തറിലെ താമസക്കാരിൽനിന്നും നിരവധി അതിഥികളുണ്ടായിരുന്നതായും രാജ്യത്തെ ആതിഥ്യമര്യാദയും സുരക്ഷിതമായ അന്തരീക്ഷവും ഇഷ്ടപ്പെടുന്നവരാണ് ഇവിടെയെത്തുന്നവരെന്നും ജാസ്മിൻ കൂട്ടിച്ചേർത്തു. ഖത്തറിന്റെ സുരക്ഷയും സമാധാനവും സുരക്ഷിതത്വവും രാജ്യത്തേക്ക് സന്ദർശിക്കാനെത്തുന്നവരിൽ വർധനയുണ്ടാക്കിയതായും അവർ സൂചിപ്പിച്ചു.
സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിലെ ഖത്തറിന്റെ ഉയർന്ന റാങ്കും വിനോദ സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും രാജ്യത്തെ ലോകമെമ്പാടുമുള്ള സന്ദർശകരുടെ പ്രിയപ്പെട്ട ഫാമിലി ടൂറിസം കേന്ദ്രമാക്കി മാറ്റിയിട്ടുണ്ട്.
വിവിധ ജി.സി.സി രാജ്യങ്ങളിൽ നിന്നായി പെരുന്നാൾ അവധിക്കാലത്ത് സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദർശിക്കാൻ മലയാളികൾ ഉൾപ്പെടെ നിരവധി പേരാണ് ഖത്തറിലെത്തിയത്. ലോകകപ്പ് മത്സരങ്ങൾക്കു വേദിയായ സ്റ്റേഡിയങ്ങളും വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളുമെല്ലാം അവരെ ഏറെ ആകർഷിക്കുന്നു.
ഇനിയും ഖത്തർ സന്ദർശിക്കാൻ എത്തുമെന്നു പറഞ്ഞാണ് സൗദിയിൽ നിന്നെത്തിയ മലയാളിയായ ഷാജഹാനും കുടുംബവും മടങ്ങുന്നത്. ഖത്തറിലെ സുരക്ഷിതത്വവും സമാധാനവും അടിസ്ഥാന സൗകര്യങ്ങളും ആരെയും ആകർഷിക്കുന്നതാണെന്നും യാത്രാസൗകര്യങ്ങളും മികച്ചതാണെന്നും ഷാജഹാൻ ‘ഗൾഫ് മാധ്യമ’ത്തോട് പ്രതികരിച്ചു. പ്രതീക്ഷിച്ചതിലേറെയാണ് ഖത്തർ നൽകിയതെന്നും രണ്ടു ദിവസത്തെ സന്ദർശനം നാലു ദിവസത്തേക്ക് നീട്ടിയതായും അവർ പറഞ്ഞു.
ഹോട്ടലുകളുടെ സ്റ്റേക്കേഷൻ ഓഫറുകൾ പ്രയോജനപ്പെട്ടത് ഈ അവധിക്കാലത്താണെന്നും വിദേശയാത്രക്കു പകരം ഇവിടെത്തന്നെ കുടുംബത്തോടൊപ്പം എല്ലാ സൗകര്യങ്ങളോടെയും കഴിച്ചുകൂട്ടിയെന്നും ദീർഘകാലമായി ഖത്തറിൽ താമസിക്കുന്ന നാൻസി പറഞ്ഞു.
അന്താരാഷ്ട്രതലത്തിൽ പ്രസിദ്ധമായ ഇവന്റുകൾക്ക് ആതിഥേയത്വം വഹിക്കുന്നതിലൂടെയും അന്താരാഷ്ട്ര കായിക ചാമ്പ്യൻഷിപ്പുകൾക്ക് വേദിയാകുന്നതിലൂടെയും ഖത്തർ സന്ദർശകരുടെ പ്രിയപ്പെട്ട രാജ്യമായി മാറിക്കൊണ്ടിരിക്കുകയാണ്.
2030ഓടെ പ്രതിവർഷം ആറു ദശലക്ഷം സന്ദർശകരെയാണ് ഖത്തർ പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

