ദോഹ: ലോകത്തിലെ പ്രമുഖ നൃത്ത ദ്വയങ്ങൾ ഈ മാസം 28ന് ഖത്തറിലെത്തുന്നു. മാർസെലോ ഗ്വാർഡിയോള, ജ്യോർജിയ മാർഷിയോറി എന്നിവരുൾപ്പെടുന്ന ലോസ് ഗ്വാർഡിയോളയാണ് ഈ മാസം പരിപാടി അവതരിപ്പിക്കുന്നതിനായി ഖത്തറിലെത്തുന്നത്. ഇത് മൂന്നാം തവണയാണ് ലോസ് ഗ്വാർഡിയോള ഖത്തർ സന്ദർശിക്കുന്നത്.കതാറ ഡ്രാമ തിയറ്ററിൽ ആഗസ്റ്റ് 28ന് വൈകീട്ട് എട്ട് മണിക്കാണ് പ്രദർശനം. കതാറ കൾച്ചറൽ വില്ലേജിെൻറയും അർജൻറീന എംബസിയുടെയും സഹകരണത്തോടെ ടാങ്കോ പാഷനാണ് ലോസ് ഗ്വാർഡിയോളയുടെ പരിപാടി സംഘടിപ്പിക്കുന്നത്. അർജൻറീനയുമായും ഉറുഗ്വായുമായും ബന്ധപ്പെട്ട് കിടക്കുന്ന ടാങ്കോ നൃത്തം യുനെസ്കോയുടെ പട്ടികയിൽ ഇടംപിടിച്ചതും ലോകത്തിലെ ഏറ്റവും സ്വാധീനമുള്ളതും ജനപ്രിയവുമായ നൃത്തമായാണ് അറിയപ്പെടുന്നത്. മൂകാഭിനയത്തിലൂടെയും നൃത്തത്തിലൂടെയും കഥകളവതരിപ്പിക്കുന്നതാണ് ലോസ് ഗ്വാർഡിയോളയുടെ രീതി.
ടോങ്കോ നൃത്തം സംബന്ധിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനും നൃത്തത്തിെൻറ സൗന്ദര്യവും സംസ്കാരവും അറിയുന്നതിനുമായി പരിപാടി ദർശിക്കുന്നതിന് നിരവധി വിദേശികൾ എത്തിച്ചേരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് ടാങ്കോ പാഷൻ ദോഹ സ്ഥാപകൻ അനിൽകുമാർ പറഞ്ഞു. അർജൻറീന, ബ്രസീൽ, ചിലി, ഡെൻമാർക്ക്, ഇംഗ്ലണ്ട്, ഫ്രാൻസ്, ഇറ്റലി, ഖത്തർ, റഷ്യ, സ്ലൊവീനിയ, സ്പെയിൻ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ ഇതിന് മുമ്പ് ലോസ് ഗ്വാർഡിയോള പരിപാടികളവതരിപ്പിച്ച് കാണികളെ കൈയിലെടുത്തിട്ടുണ്ട്. കതാറയിൽ നടക്കുന്ന പരിപാടിക്ക് 250, 350 റിയാലാണ് ടിക്കറ്റ് നിരക്ക്. ക്യൂ ടിക്കറ്റ്സിൽ ടിക്കറ്റ് ലഭ്യമാണ്.