തലയെടുപ്പോടെ പുതുവർഷത്തിലേക്ക്...
text_fieldsദോഹ: ലോകകപ്പ് ഫുട്ബാൾ എന്ന ആഗോള കായിക മാമാങ്കത്തെ ഖത്തർ ഏറ്റവും ഭംഗിയായി ലോകത്തിന് സമർപ്പിച്ചതിന്റെ തലയെടുപ്പുമായാണ് 2023 പുതുവർഷം പിറന്നത്. 2022 നവംബർ-ഡിസംബർ മാസങ്ങളിലായി ഖത്തർ വേദിയായ ലോകകപ്പ് ഫുട്ബാളിലേക്കായിരുന്നു ഈ നാട് കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെ കാലമായി ഒരുങ്ങിയത്. അടിസ്ഥാന സൗകര്യ വികസനങ്ങൾ ഉൾപ്പെടെ വമ്പൻ തയാറെടുപ്പുകൾക്കൊടുവിൽ സംഘാടനവും ആതിഥേയത്വവും കൊണ്ട് ഖത്തർ അതുല്യമാക്കിയ ലോകകപ്പ് ഒരു വർഷം മുമ്പ് കൊടിയിറങ്ങി. ഖത്തർ എന്ന ബ്രാൻഡ് എല്ലാ ഭൂഖണ്ഡങ്ങളിലേക്കും അടയാളപ്പെടുത്താൻ ലോകകപ്പിലൂടെ കഴിഞ്ഞുവെങ്കിൽ, പുതിയ കുതിപ്പിലേക്കുള്ള തുടക്കമായിരുന്നു 2023. നയതന്ത്ര, കായിക, ടൂറിസ്റ്റ്, വാണിജ്യ ഭൂപടങ്ങളിൽ ശ്രദ്ധേയമായ നേട്ടങ്ങളോടെയാണ് ഈ വർഷം അവസാനിക്കുന്നത്. കടന്നുപോകുന്ന വർഷം ഒറ്റനോട്ടത്തിൽ...
ഡിപ്ലോമാറ്റിക് ലീഡർ
ലോകരാജ്യങ്ങൾക്കിടയിൽ നയതന്ത്ര മികവും രാഷ്ട്രീയ ഇടപെടലുകളുംകൊണ്ട് എന്നും ശ്രദ്ധേയമാണ് ഖത്തർ. ഭൂമിശാസ്ത്രപരമായി ചെറുതെങ്കിലും പ്രവർത്തന വൈപുല്യത്താൽ എന്നും ലോകത്തിന്റെ നായകപദവിയിൽതന്നെയാണെന്ന് ഈ നാട് വീണ്ടും അടയാളപ്പെടുത്തുന്നു. നയതന്ത്ര മികവിൽ ഖത്തർ ഏറെ ശ്രദ്ധേയമായ ചുവടുവെപ്പുകൾ നടത്തിയ വർഷമാണ് 2023. അതിലൊന്നായ ഗസ്സയിലെ ഇടപെടൽ ഈ പുതുവർഷ പിറവിയിലും തുടരുന്നു. ഒക്ടോബർ ഏഴിന് ആരംഭിച്ച ആക്രമണങ്ങൾക്കും പിന്നാലെ ഗസ്സക്കു വേണ്ടി ആഗോളവേദിയിൽ ആദ്യ ശബ്ദമായി ഖത്തർ മാറി.
പിന്നാലെ, മധ്യസ്ഥ ദൗത്യങ്ങൾക്ക് തുടക്കം കുറിക്കാനും കഴിഞ്ഞു. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെയും പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയുടെയും നേതൃത്വത്തിൽ നടത്തിയ ഇടപെടലുകളുടെ ഫലമായിരുന്നു നവംബർ 26 മുതലുള്ള ഒരാഴ്ചത്തെ താൽക്കാലിക വെടിനിർത്തൽ.
ഗസ്സയിൽ സമാധാന സ്ഥാപന ശ്രമങ്ങൾക്കൊപ്പം മാനുഷിക സഹായമെത്തിക്കുന്നതിലും ഖത്തർ മുന്നിൽ നിന്നു. മൂന്നുമാസം തികയാനിരിക്കുന്ന ആക്രമണ സംഭവങ്ങൾക്കിടെ ഇതിനകം 54 വിമാനങ്ങളിലായി 1642 ടൺ ദുരിതാശ്വാസ വസ്തുക്കളാണ് ഖത്തർ ഗസ്സയിലെത്തിച്ചത്. 1500ഓളം പരിക്കേറ്റവരെ ദോഹയിലെത്തിച്ചു ചികിത്സ നൽകാനും 3000ത്തിലേറെ അനാഥകളുടെ സംരക്ഷണവും നിരവധി പേർക്ക് വിദ്യഭ്യാസ സ്കോളർഷിപ്പുകളും വിദ്യാഭ്യാസ-പുനർനിർമാണ പദ്ധതികളും ഖത്തർ പ്രഖ്യാപിച്ചു കഴിഞ്ഞു.
2021ൽ അഫ്ഗാനിലെ സമാധാനപാലനത്തിനായുള്ള ഇടപെടലുകളും വിവിധ രാജ്യക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചുമായിരുന്നു ഖത്തർ കൈയടി നേടിയത്. ഛാഢിലെ സംഘർഷങ്ങൾക്ക് അയവുവരുത്തി സൈനിക സർക്കാറും വിമത കക്ഷികളും തമ്മിൽ നടന്ന സമാധാന കരാറിന് 2022ലാണ് ദോഹ സാക്ഷ്യം വഹിച്ചത്.
യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിൽ ശക്തമായി ഇടപെട്ട ഖത്തർ ഇത്തവണ കുട്ടികളുടെ മോചനങ്ങൾക്ക് മധ്യസ്ഥത വഹിച്ചു. രണ്ടു ഘട്ടങ്ങളിലായി 20ഓളം കുട്ടികളുടെ മോചനമാണ് കടന്നുപോവുന്ന വർഷത്തിൽ സാധ്യമാക്കിയത്.
അന്താരാഷ്ട്ര വിഷയങ്ങൾ ചർച്ച ചെയ്ത ദോഹ ഫോറത്തിന്റെ 21ാമത് എഡിഷന് ഡിസംബർ 10, 11 തീയതികളിൽ ദോഹ സാക്ഷിയായി. യു.എൻ സെക്രട്ടറി ജനറൽ ഉൾപ്പെടെ വിവിധ ലോകനേതാക്കൾ പങ്കെടുത്തു.
അഞ്ചു വർഷത്തെ ഇടവേളക്കു ശേഷം സൗദിക്ക് പുറത്തുനടന്ന ആദ്യ ഗൾഫ് സഹകരണ കൗൺസിൽ ഉച്ചകോടിക്കും ദോഹ ആതിഥേയത്വം വഹിച്ചു. ഗസ്സയിലെ ഇസ്രായേൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ലോകം ഏറെ ശ്രദ്ധയോടെ വീക്ഷിച്ച ഉച്ചകോടി, ഇസ്രായേലിനും നിസ്സംഗരായ ലോക രാഷ്ട്രങ്ങൾക്കും ശക്തമായ താക്കീതായി മാറി.
ദോഹയിൽ നടന്ന ജി.സി.സി ഉച്ചകോടിയിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സംസാരിക്കുന്നു
എക്സ്പോ മുതൽ മോട്ടോർ ഷോ വരെ
ലോകകപ്പിനു പിന്നാലെ 2023ൽ ഖത്തർ വേദിയായത് ഒരുപിടി ആഘോഷങ്ങൾക്കാണ്. ദേശീയ-അന്തർ ദേശീയ വമ്പൻ മേളകൾക്ക് രാജ്യം ആതിഥ്യമൊരുക്കി. അവയിൽ ഏറ്റവും പ്രധാനമാണ് ഒക്ടോബർ രണ്ടിന് അൽ ബിദ പാർക്കിൽ തുടക്കം കുറിച്ച ദോഹ അന്താരാഷ്ട്ര ഹോർട്ടികൾചറൽ എക്സ്പോ. മാർച്ച് 28 വരെ നീണ്ടുനിൽക്കുന്ന എക്സ്പോ ആദ്യമായാണ് മധ്യപൂർവേഷ്യയിൽ എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. കൃഷിയും പരിസ്ഥിതി സംരക്ഷണവും മരുഭൂവത്കരണത്തിനെതിരായ പോരാട്ടങ്ങളുമെല്ലാം പുതുമയോടെ അവതരിപ്പിക്കുന്ന എക്സ്പോ വേദി സന്ദർശകരെയും ആകർഷിക്കുന്നു. ഇതുവരെ 16 ലക്ഷം പേർ എക്സ്പോ സന്ദർശിച്ചുവെന്നാണ് കണക്ക്.
വാഹനപ്രേമികളുടെ ആഗോളപൂരമായ ജനീവ മോട്ടോർ ഷോ, കൈറ്റ് ബോർഡിങ് ലോകകപ്പ്, ഫോർമുല വൺ കാറോട്ട മത്സരം, ലോക ജൂഡോ ചാമ്പ്യൻഷിപ്, വേൾഡ് ചാലഞ്ചർ കപ്പ് വോളിബാൾ മേള തുടങ്ങി അന്താരാഷ്ട്ര ശ്രദ്ധേയമായ പരിപാടികൾക്കും ഖത്തർ വേദിയായി.
ദോഹ എക്സ്പോയുടെ ഉദ്ഘാടന ചടങ്ങിൽനിന്ന്
ഊർജമായി ഖത്തർ എനർജി
ഖത്തറിന്റെ കരുത്താണ് ഖത്തർ എനർജിയെന്ന് ദേശീയ പെട്രോളിയം, പ്രകൃതിവാതക കമ്പനി. ഊർജ സഹമന്ത്രിയും സി.ഇ.ഒയുമായ സഅദ് ഷെരിദ അൽ കഅബിയുടെ നേതൃത്വത്തിൽ ലോകത്തെ ഏറ്റവും ശക്തമായ സ്ഥാപനമായി ഖത്തർ എനർജി മാറുകയാണ്. നോർത്ത് ഫീൽഡ് പദ്ധതികളുടെ വികസനത്തിന്റെ ഭാഗമായി ഖത്തറിന്റെ പ്രകൃതി വാതക ഉൽപാദനം വൻതോതിൽ ഉയരും. ഈ എൽ.എൻ.ജി വിൽപന കരാറുകളുമായി സജീവമായിരുന്നു ഖത്തർ എനർജി. വിവിധ യൂറോപ്യൻ രാജ്യങ്ങൾ, ചൈന, ദക്ഷിണ കൊറിയ, ഇന്ത്യ ഉൾപ്പെടെ ഏഷ്യൻ രാജ്യങ്ങളുമായി ദീർഘകാല വിതരണ കരാറുകളിലും 2023ൽ ഒപ്പുവെച്ചു. ഊർജ മേഖലയിലെ വിവിധ ബഹുരാഷ്ട്ര കമ്പനികളുമായി സഹകരണത്തിൽ ധാരണയിലെത്തിയതും ഈ വർഷത്തെ ശ്രദ്ധേയ നേട്ടമാണ്.
‘ഹയ്യാ’ മാറ്റിമറിച്ച സഞ്ചാരലോകം
ലോകകപ്പാനന്തരം ഖത്തറിന്റെ വിനോദസഞ്ചാര-സന്ദർശക മേഖല ഇരട്ടി വേഗത്തിൽ സജീവമായെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലോകകപ്പ് ഫുട്ബാൾ കഴിഞ്ഞതിനു പിന്നാലെ ‘ഹയ്യാ’ വിസയുടെ കാലാവധി ഒരു വർഷത്തേക്ക് ദീർഘിപ്പിച്ചത് മേഖലയിലെ തന്നെ ഏറ്റവും സുപ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി ഖത്തറിനെ മാറ്റി. ഒപ്പം അവതരിപ്പിച്ച ‘ഹയ്യാ വിത് മി’ വിസയും പിന്നാലെ ടൂറിസം മേഖല ഉണർത്തിയ വിവിധ ഹയ്യാ വിസകളും രാജ്യത്തേക്ക് സഞ്ചാരികളെ ആകർഷിക്കുന്നതായിരുന്നു. ഏറ്റവും ഒടുവിൽ, ലോകകപ്പിന്റെ ഹയ്യാ വിസ കാലാവധി ഫെബ്രുവരി 24 വരെ ദീർഘിപ്പിച്ചിരിക്കുകയാണ് അധികൃതർ. കുറഞ്ഞ ശമ്പളക്കാരായ താമസക്കാർ മുതൽ വിവിധ നിലവാരത്തിലുള്ള പ്രവാസികൾ കുടുംബസന്ദർശനത്തിനും ഹയ്യാ സജീവമായി ഉപയോഗിച്ചു.
കായികക്കരുത്ത്
ഏഷ്യൻ ഗെയിംസായിരുന്നു കടന്നുപോവുന്ന വർഷത്തിലെ പ്രധാന കായിക വിശേഷം. 2018ൽ ജകാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിൽനിന്നും കാര്യമായ മുന്നേറ്റമുണ്ടാക്കാൻ ഖത്തറിന് കഴിഞ്ഞില്ല. ഇത്തവണ നാലു സ്വർണവും ആറു വെള്ളിയും മൂന്ന് വെങ്കലവുമായി 15ാം സ്ഥാനം. 2018ലും സ്ഥാനം ഇതു തന്നെയായിരുന്നു. ജൂലൈ മാസത്തിൽ ദോഹയിൽ നടന്ന ചാലഞ്ചർ കപ്പ് വോളിബാളിൽ ഖത്തർ ഫൈനലിലെത്തി. തുർക്കിയയോടു തോറ്റ് പുറത്താവാനായിരുന്നു വിധി.
ഫുട്ബാളിൽ, കോച്ചുമാരുടെ സ്ഥാനചലനങ്ങൾക്കും സാക്ഷ്യംവഹിച്ചു. ദീർഘകാല പരിശീലകനായ ഫെലിക്സ് സാഞ്ചസ് ലോകകപ്പിനു പിന്നാലെ കഴിഞ്ഞ ജനുവരിയിലാണ് പടിയിറങ്ങിയത്. കാർലോസ് ക്വിറോസിനെ ഡിസംബർ ആദ്യവാരത്തിലും പുറത്താക്കി. ലോകകപ്പിനു പിന്നാലെ നടന്ന ഗോൾഡ് കപ്പ് ഫുട്ബാളിൽ ക്വാർട്ടർ ഫൈനലിൽ ഖത്തർ പുറത്തായി. അതേസമയം, നവംബറിൽ നടന്ന ഏഷ്യൻ കപ്പ്-ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ വിജയിച്ചു തുടങ്ങിയത് ശുഭസൂചന. ലോക അത്ലറ്റുകൾ മാറ്റുരച്ച ഡയമണ്ട് ലീഗ് സീസണിന് മേയ് മാസത്തിൽ ഖത്തറിൽ തുടക്കമായി. ഇന്ത്യയുടെ നീരജ് ചോപ്രയുടെ ജാവലിൻ സ്വർണവും യു.എസ് സ്പ്രിന്റർ ഷാ റിച്ചാർഡ്സണിന്റെ മെഡൽ നേട്ടവും ശ്രദ്ധേയമായി.
ഇന്ത്യ-ഖത്തർ
ഇന്ത്യയും ഖത്തറും തമ്മിലെ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 50ാം വർഷം കൂടിയാണ് കടന്നുപോകുന്നത്. 1973ൽ ഇരു രാജ്യങ്ങളിലുമായി എംബസികൾ സ്ഥാപിച്ച് തുടങ്ങിയ നയതന്ത്ര സൗഹൃദം ഈ വർഷം 50 തികച്ചു. ഖത്തറിലേക്കുള്ള ഇന്ത്യയുടെ പുതിയ സ്ഥാനപതിയായി വിപുൽ ചുമതലയേറ്റതും ഈ വർഷമായിരുന്നു. കോവിഡ് കാലം ഉൾപ്പെടെ മൂന്നര വർഷത്തോളം സ്ഥാനപതിയായിരുന്ന ഡോ. ദീപക് മിത്തലിന്റെ പിൻഗാമിയായാണ് ഗൾഫ് രാജ്യങ്ങളിൽ പരിചയസമ്പന്നനായ വിപുൽ ചുമതലയേറ്റത്.
ദ്രവീകൃത പ്രകൃതിവാതക ഇറക്കുമതിയില് ഇന്ത്യയും ഖത്തറും തമ്മില് പുതിയ കരാറും യാഥാർഥ്യമായി. ഇന്ത്യൻ പൊതുമേഖല സ്ഥാപനമായ ഗെയിലും ഖത്തർ എനർജിയും തമ്മിൽ 20 വർഷത്തെ കരാർ പ്രകാരം പ്രതിവര്ഷം പത്ത് ലക്ഷം മെട്രിക് ടണ് ദ്രവീകൃത പ്രകൃതി വാതകം ഇന്ത്യ ഇറക്കുമതി ചെയ്യും.
ഇന്ത്യൻ അംബാസഡർ വിപുൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്കൊപ്പം
പ്രധാനമന്ത്രിപദത്തിൽ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനി
വിദേശകാര്യ മന്ത്രി സ്ഥാനം വഹിച്ചിരുന്ന ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയെ പുതിയ പ്രധാനമന്ത്രിയായി നിയമിക്കുന്നത് മാർച്ച് ഏഴിനായിരുന്നു. മുൻ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയുടെ പിൻഗാമിയായാണ് ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയെ നിയമിച്ചത്. മികച്ച നയതന്ത്രജ്ഞൻകൂടിയായ ഇദ്ദേഹം വിദേശകാര്യ മന്ത്രി പദവും തുടർന്നു. ഒപ്പം, 31കാരനായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനിയെ രാജ്യത്തിന്റെ പുതിയ ആഭ്യന്തരമന്ത്രിയായും നിയമിച്ചു.
പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

