ജോലിയും വലിച്ചെറിഞ്ഞ് വോട്ടുചെയ്യാനെത്തിയ ഒരു പതിനെട്ടുകാരൻ
text_fieldsചാവക്കാട് മുനിസിപ്പാലിറ്റിയിൽ ആദ്യ തെരഞ്ഞെടുപ്പ് നടന്നത് 1979 ലാണ്. ഞങ്ങളുടെയൊക്കെ ഗുരുവായ സഖാവ് കെ.ടി. അപ്പുക്കുട്ടനും കോൺഗ്രസിലെ മച്ചിങ്ങൽ ഭരതൻ എന്ന ബേബിയേട്ടനും തമ്മിലെ മത്സരത്തിന് വീറും വാശിയുമേറും. കക്ഷിഭേദമേന്യ സഖാവ് കെ.ടിക്ക് വോട്ട് ലഭിക്കുമെന്ന് കരുതിയ തെരഞ്ഞെടുപ്പിൽ അദ്ദേഹം തോറ്റു. ആൻറണി കോൺഗ്രസ് എന്ന രാഷ്ട്രീയ കക്ഷിക്ക് ഞങ്ങളുടെ നാട്ടിൽ ജനങ്ങൾക്കിടയിൽ വലിയ വേരോട്ടമില്ലെന്ന് ആ തെരഞ്ഞെടുപ്പ് തെളിയിച്ചു. അതുവരെയുള്ള വിശ്വാസങ്ങളിൽ നിന്ന് രാഷ്ട്രീയം എങ്ങനെ വേർതിരിഞ്ഞ് നിൽക്കുന്നുവെന്നും മനസ്സിലാക്കാനായി. എല്ലാം രാഷ്ട്രീയത്തിനു വിധേയമാണ്. വ്യക്തികൾക്ക് യാതൊരു പ്രസക്തിയും ഇല്ല. കെ.ടിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് വേണ്ടിയുള്ള ജോലിയും കളഞ്ഞ് അന്നത്തെ മദ്രാസിൽ നിന്ന് നാട്ടിലേക്ക് തിരിച്ചുവരുമ്പോൾ നാടൊട്ടുക്ക് ചുവന്ന കൊടികൾ കൊണ്ട് നിറഞ്ഞിരുന്നു.
ആദ്യമായി 18 വയസ്സ് തികഞ്ഞവർക്ക് വോട്ടവകാശം കിട്ടിയതിന്റെ ആവേശം യുവാക്കളിൽ പ്രകടമായിരുന്നു. ഡിഗ്രിക്ക് പഠിക്കുന്ന എസ്.എഫ്.ഐക്കാരനും കെ.എസ്.യുക്കാരനും കോളജ് രാഷ്ട്രീയത്തിനപ്പുറം ജനാധിപത്യത്തിന്റെ ഗോദയിലിറങ്ങിയ നാളുകൾ. അതിന്റെ ആവേശം എല്ലായിടത്തും ദ്യശ്യമായിരുന്നു. വോട്ട് ചെയ്യാമെന്ന ആഗ്രഹത്തിൽ വന്ന എനിക്ക് 18 തികയാൻ ആറുമാസം കൂടി കഴിയണമായിരുന്നു. വോട്ട് ചേർക്കാൻ താലൂക്ക് ഓഫിസിൽ ചെന്നപ്പോൾ അവിടെ എതിർപാർട്ടിക്കാർ സർട്ടിഫിക്കറ്റു കോപ്പിയുമായാണ് എതിരേറ്റത്. റേഷൻ കാർഡും ജാതകവുമൊന്നും തുണയായില്ല. അതുവരെ തോളിൽ കൈയിട്ട് നടന്നവർ പരസ്പരം പോർവിളിച്ച് അപേക്ഷകൾ തള്ളിക്കുന്നത് വല്ലാത്തൊരു ഹ്യദയവേദനയായി. കാലങ്ങൾ പിന്നീട് എത്രയോ കഴിഞ്ഞു. പ്രവാസതിരക്കിൽ രണ്ട് പ്രാവശ്യമാണ് വോട്ട് ചെയ്യാൻ അവസരം ലഭിച്ചത്. അതിനിടയിൽ 1980ൽ ബോംബെയിൽ വോട്ട് ചെയ്യാൻ അവസരമുണ്ടായി. ജനതാപാർട്ടിയുടെ കലപ്പയേന്തിയ കർഷകനു ഞങ്ങൾ എല്ലാവരും കൂടി വോട്ട് ചെയ്തു.
മലയാളി ഗാങ്ങിൽ കോൺഗ്രസ് വിരുദ്ധഗ്രൂപ്പ സജീവമായിരുന്ന കാലം. ബോംബെ മലയാളികൾക്കിടയിൽ കോൺഗ്രസ് രാഷ്ട്രീയം അത്ര സജീവമായി ചർച്ച ചെയ്യുന്നത് ആ കാലത്ത് ശ്രദ്ധയിൽപെട്ടിരുന്നില്ല. എന്നാൽ ഇടതു രാഷ്ട്രീയം വളരെ സജീവമായിരുന്നു. ഇ.എം.എസ്, ഇമ്പിച്ചിബാവ തുടങ്ങിയവർ ബോംബെയിൽ വന്ന് ഇടതുപക്ഷ രാഷ്ട്രീയത്തിന് ശക്തി പകർന്നിരുന്ന ഒരു കാലമായിരുന്നു അത്. കൂടാതെ കമ്പനികളിൽ സി.ഐ.ടി.യു പ്രവർത്തനങ്ങളും ശക്തമായിരുന്നു. ഗൾഫിലെത്തിയപ്പോൾ സ്ഥിതി വളരെ വ്യത്യസ്തമായിരുന്നു. ഇവിടെ എല്ലാ രാഷ്ട്രീയക്കാരും വളരെ ശക്തരായിരുന്നു. പ്രത്യേകിച്ച് ഖത്തർ കെ.എം.സി.സി. അവർ വളരെ ഗ്രാസ് റൂട്ടിൽ പോലും രാഷ്ട്രീയപ്രവർത്തനം സംഘടിപ്പിച്ചിരുന്നു. ആദ്യകാലങ്ങളിൽ തെരഞ്ഞെടുപ്പ് സമയത്ത് നാട്ടിലേക്ക് വോട്ടർമാരെ അയക്കുന്ന പരിപാടി പോലും കെ.എം.സി.സി ആസൂത്രണം ചെയ്തിരുന്നുവെന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്.
വളരെ മൗനമായാണ് മറ്റു രാഷ്ട്രീയ സംഘടനകൾ പ്രവർത്തിച്ചിരുന്നത്. സംസ്കൃതി രൂപവത്കൃതമായത് 1999 ലാണ്. അല്പമൊക്കെ പരസ്യമായി രാഷ്ട്രീയ വിശദീകരണയോഗങ്ങളും പ്രവർത്തനങ്ങളും ആരംഭിച്ചത് രണ്ടായിരത്തിനുശേഷമാണ്. എന്നാൽ പരസ്പരമുള്ള സൗഹൃദവും ധാരണയും മറ്റു ജി.സി.സി രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നു ഖത്തറിൽ. അതുകൊണ്ട് ഇവിടെ പരസ്പര വെല്ലുവിളികളോ പ്രയാസങ്ങളോ ആർക്കും അനുഭവപ്പെട്ടിട്ടിട്ടില്ല. ആരും ആരെയും ഉപദ്രവിച്ചില്ല. ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും ഞാൻ എന്റെ പ്രായം ഓർക്കും. അടുത്ത തെരഞ്ഞെടുപ്പ് ആവുമ്പോഴേക്കും അഞ്ചു വയസ്സ് കൂടുമല്ലോ എന്ന് ഖേദിക്കും. പിന്നെ ചിന്തിക്കും അപ്പോഴേക്കും സഖാവ് വി.എസിനു എത്ര വയസ്സാവുമെന്ന്. നാട്ടിലെ രാഷ്ട്രീയക്കാരുടെ ആവേശം അത്രയും ശക്തമാണല്ലോ. ആ സാമൂഹിക കാഴ്ചപ്പാടിന്റെ സ്പിരിറ്റ് ആണല്ലോ പ്രവാസികളുടേയും രാഷ്ട്രീയം. 1979ൽ വോട്ട് ചെയ്യാനുള്ള ആവേശത്തിൽ കഷ്ടപ്പെട്ട് കിട്ടിയ ജോലി വേണ്ടെന്ന് വെച്ച് നാട്ടിലേക്ക് തിരിച്ച ആ യുവ രക്തത്തിന്റെ ആവേശമാണ് എല്ലാ കാലത്തും പ്രവാസികൾക്ക്. അവിടെ ശരി തെറ്റുകളുടെ അന്വേഷണങ്ങളില്ല. അന്ന് പശ്ചിമഘട്ടം പിന്നിട്ട് പാലക്കാട് എത്തുമ്പോൾ കണ്ട ആ കൊടിതോരണങ്ങളുടെ ചുവപ്പ് ഓരോ തെരഞ്ഞെടുപ്പുകാലത്തും മനസ്സിലിങ്ങനെ അലയടിക്കും. പതിനെട്ടുകാരന്റെ ആവേശം ഇപ്പോഴും അടങ്ങിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

