വോട്ടാവേശത്തിൽ നേരത്തേയെത്തി ചെന്നിത്തലയുടെ ഉസ്മാൻ
text_fieldsപ്രവാസ ലോകത്തും നാട്ടിലും സുപരിചിതനാണ് ഖത്തർ ഇൻകാസ് മുതിർന്ന നേതാവും കോൺഗ്രസ് പ്രവർത്തകനുമായ നാദാപുരം പാറക്കടവ് സ്വദേശിയായ കെ.കെ. ഉസ്മാൻ. കോവിഡ് കാലത്ത് ഗൾഫ് നാടുകളിലെ പ്രവാസികളുടെ സ്ഥിതിഗതികളറിയാൻ പ്രതിപക്ഷനേതാവായിരുന്ന രമേശ് ചെന്നിത്തല ഫോൺവിളിച്ചു ചോദിച്ച് താരമായ ഉസ്മാന് തെരഞ്ഞെടുപ്പെന്നാൽ മറ്റൊരു പെരുന്നാളാണ്. നാട്ടിൽ വോട്ടവകാശത്തിനുള്ള പ്രായം തികയും മുമ്പേ 1974ൽ പ്രവാസിയായ ഇദ്ദേഹം മിക്കവാറും തെരഞ്ഞെടുപ്പുകൾക്കായി നാട്ടിൽ പറന്നെത്തുകയാണ് പതിവ്. ഇത്തവണയും ആ പതിവ് തെറ്റിയില്ല. ഏപ്രിൽ 26ന് നടക്കുന്ന വോട്ടെടുപ്പിന്, ഒരാഴ്ച മുമ്പുതന്നെ ദോഹയിൽനിന്നും വിമാനം കയറി നാട്ടിലെത്തി. വോട്ടു ചെയ്യുക, എന്നതിനപ്പുറം സ്വന്തം പഞ്ചായത്തും പരിസരങ്ങളും ഉൾപ്പെടെ മേഖലയിൽ പ്രചാരണ പ്രവർത്തനങ്ങളിലും സജീവമായുണ്ടാകും. വോട്ടു ചേർക്കലുകൾ, ബൂത്ത്, മണ്ഡലം തല കൺവെൻഷനുകൾ, വീടുകയറി പ്രചാരണം, സ്ഥാനാർഥി പര്യടനം മുതൽ തെരഞ്ഞെടുപ്പ് ദിവസവും സജീവമായിരിക്കും.
തെരഞ്ഞെടുപ്പ് കാഹളം മുഴങ്ങുമ്പോൾ 1977ലെ ആദ്യവോട്ടാണ് ഓർമയിലെത്തുന്നതെന്ന് ഉസ്മാൻ പറയുന്നു. ‘ഖത്തറിലെത്തി മൂന്നു വർഷം കഴിഞ്ഞ്, ആദ്യമായി നാട്ടിലേക്ക് മടങ്ങിയത് ഒരു തെരഞ്ഞെടുപ്പ് കാലത്തായിരുന്നു. കേരള നിയമസഭയിലേക്കും ലോക്സഭയിലേക്കുമായി നടന്ന 1977ലെ തെരഞ്ഞെടുപ്പ്. 21 വയസ്സ് തികഞ്ഞ്, വോട്ടവകാശം ലഭിച്ചതിന്റെ ആവേശത്തിലായിരുന്നു ആ യാത്ര. നാട്ടിലെത്തി പ്രചാരണത്തിലും വോട്ടുപിടിത്തത്തിലുമെല്ലാം സജീവമായി. സി.പി.ഐയും കോൺഗ്രസും, കേരള കോൺഗ്രസും മുസ്ലിംലീഗും സഖ്യമായ ഐക്യമുന്നണിക്കു വേണ്ടി സി.പി.ഐ നേതാവ് കാന്തലോട്ട് കുഞ്ഞമ്പുവായിരുന്നു ഞങ്ങളുടെ സ്ഥാനാർഥി. മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ച അദ്ദേഹം ലീഡർ കെ. കരുണാകരൻ മന്ത്രിസഭയിൽ വനം മന്ത്രിയുമായി. എന്റെ ആദ്യ വോട്ടും അദ്ദേഹത്തിനായിരുന്നു. ഒപ്പം തന്നെ ലോക്സഭയിലേക്ക് കോൺഗ്രസ് സ്ഥാനാർഥിയായി കെ.പി. ഉണ്ണികൃഷ്ണനും ആ വർഷം മത്സര രംഗത്തുണ്ടായിരുന്നു. അങ്ങനെ ആദ്യ വോട്ട്, ഇരട്ട വോട്ടായി രേഖപ്പെടുത്താനും രണ്ടുപേരും വിജയിക്കുന്നത് കാണാനും കഴിഞ്ഞു. പിന്നെ, വിവിധ തെരഞ്ഞെടുപ്പുകാലങ്ങളിലും നാട്ടിലെത്തി വോട്ടു രേഖപ്പെടുത്തും.’
‘തെരഞ്ഞെടുപ്പ് എന്ന് കേൾക്കുമ്പോൾ, 1960കളിലെ കുട്ടിക്കാലത്തിൽ ഓർമകൾ തുടങ്ങും. സഹോദരീ ഭർത്താവിനൊപ്പം ബന്ധുവീട് സന്ദർശനത്തിനിടയിലായിരുന്നു ആദ്യമായൊരു തെരഞ്ഞെടുപ്പ് യോഗം കാണുന്നത്. നാദാപുരം നിയമസഭ മണ്ഡലത്തിൽ മത്സരിക്കുന്ന ഹമീദലി ഷംനാടിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ ആരവം. പ്രചാരണ ജീപ്പും അനൗൺസ്മെന്റും ഉൾപ്പെടെ ബഹളമയമായ തെരഞ്ഞെടുപ്പ് ആരവം ഓർമയിൽ കയറി. കുഞ്ഞുന്നാളിലെ ആവേശം, പിന്നെ കെ.എസ്.യുവിലൂടെ വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമാക്കി. പ്രവാസിയായപ്പോൾ ഇൻകാസിന്റെ രൂപവത്കരണത്തിലും നേതൃത്വത്തിലും സജീവമാവുകയും കോൺഗ്രസ്, ലീഗ് ഉൾപ്പെടെ രാഷ്ട്രീയ നേതൃത്വവുമായി അടുത്ത ബന്ധവും നിലനിർത്താനും കഴിയുന്നു’ -തെരഞ്ഞെടുപ്പ് ഓർമകൾ ഉസ്മാൻ പങ്കുവെക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

