ഖത്തർ മുൻ അമീറിന്റെ വിയോഗത്തിൽ ലോക്സഭ അനുശോചിച്ചു
text_fieldsദോഹ / ന്യൂഡൽഹി: ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ വിയോഗത്തിൽ ലോക്സഭ അനുശോചനം രേഖപ്പെടുത്തി. പാർലമെന്റ് വർഷകാല സമ്മേളനത്തിന്റെ ആദ്യ ദിനമായ തിങ്കളാഴ്ച, സമ്മേളന നടപടികൾ ആരംഭിച്ചയുടൻ, അടുത്തിടെ അന്തരിച്ച മുൻ പാർലമെന്റ് അംഗങ്ങൾക്കും മറ്റ് പ്രമുഖ വ്യക്തികൾക്കുമൊപ്പം ശൈഖ് ഹമദിന്റെ നിര്യാണത്തിലും സ്പീക്കർ ഓം ബിർള അനുശോചനം രേഖപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരുൾപ്പെടെ ജനപ്രതിനിധികൾ സഭയിൽ സന്നിഹിതരായിരുന്നു. ആദരസൂചകമായി സഭാംഗങ്ങൾ മൗനം ആചരിച്ചു.
1995 മുതൽ 2013 വരെ ഖത്തറിന്റെ അമീറായിരുന്ന ശൈഖ് ഹമദ്, രാജ്യത്തിന്റെ ആധുനികവൽക്കരണത്തിലും വികസനത്തിലും നിർണായക പങ്കുവഹിച്ചതായി സ്പീക്കർ ഓം ബിർള അനുശോചന സന്ദേശത്തിൽ പറഞ്ഞു. ആധുനിക ഖത്തറിന്റെ വികസനത്തിന് അടിത്തറയിട്ട അദ്ദേഹം ഇന്ത്യയുമായുള്ള സൗഹൃദം ശക്തിപ്പെടുത്തുന്നതിലും വലിയ പങ്കുവഹിച്ചു. ഖത്തറിലെ ജനങ്ങളുടെയും രാജകുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ നിര്യാണത്തെ ജൂലൈ 13ന് ഇന്ത്യയിൽ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളം ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടുകയും ഔദ്യോഗിക വിനോദ പരിപാടികൾ റദ്ദാക്കുകയും ചെയ്തിരുന്നു. ഇന്ത്യൻ സർക്കാറിന്റെ അനുശോചനം നേരിട്ടറിയിക്കുന്നതിനായി കേന്ദ്ര പാർലമെന്ററിക്കാര്യ -ന്യൂനപക്ഷ ക്ഷേമ മന്ത്രി കിരൺ റിജിജു ദോഹ സന്ദർശിക്കുകയും കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെ ഫോണിൽ വിളിച്ച് അനുശോചനം അറിയിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

