ഒഴുകും പുസ്തകമേള ഖത്തറിലേക്ക്...
text_fieldsദോഹ: കടലോളങ്ങളിൽ ഒഴുകിയൊഴുകി ലോകത്തിലെ ഏറ്റവും വലിയ ഒഴുകും പുസ്തകമേളയായ ‘ലോഗോസ് ഹോപ്’ 25 മുതൽ ദോഹ തീരത്ത് നങ്കൂരമിടുന്നു. 15 ദിവസത്തോളം നീണ്ട ബഹ്റൈനിലെ മേളയും കഴിഞ്ഞാണ് ഒഴുകും പസ്തതകമേള ദോഹയിലെത്തുന്നത്.ഖത്തറിലെത്തുന്ന ഈ കപ്പൽ പുസ്തകച്ചന്ത ജൂലൈ രണ്ടു വരെ ഓൾഡ് ദോഹ തുറമുഖത്ത് വായനക്കാർക്കും സന്ദർശകർക്കുമായി തുറന്നിടും.
5000ത്തിലേറെ പുസ്തകങ്ങളാണ് ലോഗോസ് ഹോപ് കപ്പല്‍ പുസ്തകശാലയില്‍ ഒരുക്കിയിട്ടുള്ളത്. ഇംഗ്ലീഷ്, അറബിക് ഭാഷകളില്‍ ലോകോത്തര എഴുത്തുകാരുടെ നോവലുകള്‍, ചരിത്രം, സംസ്കാരം, മതം, രാഷ്ട്രീയം, ശാസ്ത്രം, കല തുടങ്ങി ബൃഹദ് വിജ്ഞാനശേഖരം ഉള്‍ക്കൊള്ളിച്ചാണ് പുസ്തക പ്രദര്‍ശനം. ഇത് മൂന്നാം തവണയാണ് പുസ്തകങ്ങളുടെ ശേഖരവുമായി ലോഗോസ് ദോഹ തീരത്തെത്തുന്നത്. 2011 ഫെബ്രുവരി-മാർച്ചിലായിരുന്നു കന്നിയാത്ര. 2013 ഒക്ടോബറിൽ വീണ്ടും എത്തി. 65ലേറെ രാജ്യങ്ങളില്‍ നിന്നുള്ള സന്നദ്ധപ്രവര്‍ത്തകരാണ് പുസ്തകമേളയുടെ ഭാഗമായി കപ്പലില്‍ ഉള്ളത്. റുമേനിയക്കാരനായ ലോനറ്റ് വ്ലോദ് ആണ് കപ്പലിന്റെ ക്യാപ്റ്റൻ. ഏഴുവര്‍ഷമായി ഭാര്യക്കും മക്കള്‍ക്കുമൊപ്പം അദ്ദേഹം കപ്പലിലാണ് കഴിഞ്ഞുവരുന്നത്.
ലോഗോസ് ഹോപ് കപ്പലിനുള്ളിലെ പുസ്തകശാല
ജൂലൈ രണ്ടുവരെ ദോഹ തീരത്ത് തുടരുന്ന കപ്പലിൽ വൈകീട്ട് നാല് മുതൽ രാത്രി പത്തുവരെ സന്ദർശകർക്ക് പ്രവേശനം അനുവദിക്കും. വെള്ളിയാഴ്ചകളിൽ വൈകുന്നേരം അഞ്ച് മുതൽ രാത്രി 11വരെയാണ്. ഞായറാഴ്ച അവധിയായിരിക്കും.കുട്ടികള്‍ക്കായുള്ള വിനോദ പരിപാടികളും സാംസ്കാരിക പരിപാടികളും കപ്പലില്‍ ഒരുക്കിയിട്ടുണ്ട്. അഞ്ച് റിയാലാണ് പ്രവേശന ടിക്കറ്റ്.
‘അറിവിന്റെ കടൽകൊട്ടാരം’ 2005ൽ കപ്പൽ കമീഷൻ ചെയ്തതുമുതൽ 132,619 നോട്ടിക്കൽ മൈൽ യാത്ര ചെയ്യുകയും 77 രാജ്യങ്ങൾ സന്ദർശിക്കുകയും ചെയ്തിട്ടുണ്ട്. 132.5 മീറ്റർ നീളമുള്ളതാണ് കപ്പൽ. 9.34 ദശലക്ഷം സന്ദർശകർ ഇതുവരെ ലോഗോസ് ഹോപ് സന്ദർശിച്ചതായാണ് കണക്ക്. 10 ദശലക്ഷത്തിലധികം പുസ്തകങ്ങൾ വിൽക്കുകയും ചെയ്തു.
ജിബൂതി, സൗദി അറേബ്യ, ജോർഡൻ, ഈജിപ്ത്, ലെബനൻ, ഇറാഖ്, റാസൽഖൈമ, ദുബൈ, അബൂദബി, ബഹ്റൈൻ എന്നിവിടങ്ങളിൽ പുസ്തക പ്രദർശനം നടത്തിയതിനുശേഷമാണ് കപ്പൽ ഖത്തറിലെത്തുന്നത്. തുടർന്ന് കുവൈത്ത്, ഒമാൻ എന്നീ രാജ്യങ്ങളും സന്ദർശിക്കും. സന്നദ്ധ സംഘടനകളും സ്പോൺസർമാരും നൽകുന്ന തുകയുപയോഗിച്ചാണ് കപ്പൽ ലോകം ചുറ്റുന്നത്. പുസ്തകവിൽപനയിലൂടെയുള്ള വരുമാനം തുച്ഛമാണ്.
കപ്പലിലെ നാവികരടക്കമുള്ളവർ സന്നദ്ധപ്രവർത്തകരാണ്. രണ്ടുവർഷമാണ് സാധാരണ അവർ കപ്പലിലുണ്ടാകുക. കുടുംബാംഗങ്ങളും അവരോടൊപ്പമുണ്ടാകും. ഇവരുടെ സുഹൃത്തുക്കളും മറ്റുമാണ് ഇവരെ സ്പോൺസർ ചെയ്യുക. വിജ്ഞാനത്തിന്റെ വെളിച്ചം ലോകമെമ്പാടും വ്യാപിപ്പിക്കുക എന്ന ലക്ഷ്യമാണ് ദൗത്യത്തിനുള്ളത്. നങ്കൂരമിടുന്ന തുറമുഖങ്ങളിലെ ജനങ്ങളുമായി സംവദിക്കാനും അവർക്കാവശ്യമായ വിവരങ്ങളും വിജ്ഞാനവും കൈമാറ്റം ചെയ്യുവാനും കപ്പലിലുള്ളവർ സജ്ജമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

