കൗമാര മാമാങ്കത്തിന് ലോഗോ തയാർ
text_fieldsദോഹ: ഖത്തർ വേദിയൊരുക്കുന്ന ഫിഫ അണ്ടർ 17 കൗമാര ലോകകപ്പിന്റെ ഔദ്യോഗിക ലോഗോ പുറത്തിറക്കി. ടൂർണമെന്റിന്റെ പേര് സൂചിപ്പിക്കുന്ന പോലെ U-17 എന്ന മാതൃകയിൽ ബഹുവർണങ്ങളോടെയാണ് ഭാവിതാരങ്ങൾ മാറ്റുരക്കുന്ന വിശ്വമേളയുടെ ലോഗോ തയാറാക്കിയത്. ലോകകപ്പിലെ ജേതാക്കൾക്കായി സമ്മാനിക്കുന്ന ട്രോഫിയുടെ മാതൃകയും ലോഗോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നവംബർ മൂന്ന് മുതൽ 27 വരെയാണ് കാൽപന്തു ലോകത്തെ 48 ടീമുകൾ മാറ്റുരക്കുന്ന അണ്ടർ 17 ലോകകപ്പിന് ഖത്തർ വേദിയൊരുക്കുന്നത്. ഇതാദ്യമായി 48 രാജ്യങ്ങൾ കൗമാര ലോകകപ്പിലും പങ്കെടുക്കുന്നു. രണ്ടുവർഷത്തിൽ ഒരിക്കൽ എന്ന നിലയിൽ നടന്ന മേള 2025 മുതൽ വാർഷിക ടൂർണമെന്റായി ഖത്തറിൽ നടക്കും. 2029 വരെയുള്ള ലോകകപ്പിനായി ഖത്തറിനെ സ്ഥിര വേദിയായി ഫിഫ പ്രഖ്യാപിച്ചിരുന്നു.
ഫിഫ അണ്ടർ 17 ലോകകപ്പിന്റെ ബ്രാൻഡ് ലോഞ്ചിൽ അഭിമാനകരമായ ചുവടുവെപ്പാണെന്ന് ടൂർണമെന്റ് പ്രാദേശിക കമ്മിറ്റി ചെയർമാനും ഖത്തർ കായിക യുവജന മന്ത്രിയുമായ ശൈഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹമ്മദ് ആൽഥാനി പറഞ്ഞു. അടുത്ത അഞ്ച് വർഷത്തേക്ക് ഖത്തറിന്റെ ഫുട്ബാൾ കലണ്ടറിൽ സുപ്രധാന ടൂർണമെന്റാണിത്. ഈ പതിറ്റാണ്ടിന്റെ തുടക്കംമുതൽ ഖത്തർ ലോകോത്തര കായികമേളകൾക്ക് വേദിയാവുകയാണ്. അതിന്റെ തുടർച്ചയായി യുവ കായിക മേളകളിലേക്കുള്ള സ്വാഭാവിക ചുവടുവെപ്പാണിത്. കായികരംഗത്തെ യുവജന വികസനത്തിനായുള്ള ദീർഘകാല പദ്ധതികളുടെ തുടക്കവുമാണിത് -അദ്ദേഹം പറഞ്ഞു. ചരിത്രത്തിലെ ആദ്യ 48 ടീം ലോകകപ്പിലേക്ക് ലോകമെമ്പാടുമുള്ള അണ്ടർ 17 ടീമുകളെ സ്വാഗതം ചെയ്യുന്നതായും അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളും സ്റ്റേഡിയങ്ങളും നൽകുന്ന അനുഭവം അവരുടെ ഫുട്ബാൾ കരിയറിൽ കൂടുതൽ നിർണായകമായി മാറുമെന്നു ശൈഖ് ഹമ് ബിൻ ഖലീഫ പറഞ്ഞു.
ഗ്രൂപ് നറുക്കെടുപ്പ് മേയ് 25ന്
അണ്ടർ 17 ലോകകപ്പിന് യോഗ്യത നേടിയ ടീമുകളുടെ ഗ്രൂപ് റൗണ്ട് നറുക്കെടുപ്പ് മേയ് 25ന് ദോഹയിൽ നടക്കും. ടൂർണമെന്റിന് യോഗ്യത നേടിയ 48 ടീമുകൾ ഏതെല്ലാം ടീമുകൾ ആർക്കെതിരെ കളത്തിലിറങ്ങുമെന്ന് നറുക്കെടുപ്പിലൂടെ ഉറപ്പിക്കാം. ടൂർണമെന്റിൽമാറ്റുരക്കുന്ന ടീമുകളെല്ലാം ഇതിനകം യോഗ്യത ഉറപ്പാക്കിക്കഴിഞ്ഞു. ഏഷ്യയിൽനിന്നും ആതിഥേയരായ ഖത്തറിനു പുറമെ, അയൽകാരായ സൗദി അറേബ്യ, യു.എ.ഇ ഉൾപ്പെടെ ഒമ്പത് ടീമുകളാണുള്ളത്. അർജന്റീന, ബ്രസീൽ, യൂറോപ്പിൽനിന്ന് പോർചുഗൽ, ജർമനി, ഫ്രാൻസ്, ഇംഗ്ലണ്ട് തുടങ്ങിയ ടീമുകളും യോഗ്യരായെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

