പ്രാദേശിക ഫാം ഫ്രഷ് പച്ചക്കറികൾ നാളെ മുതൽ ലഭ്യമാകും
text_fieldsഅബ്ദുറഹ്മാൻ ഹസൻ അൽ സുലൈതി
ദോഹ: രാജ്യത്തെ പ്രാദേശിക ഫാമുകളിൽനിന്നുള്ള ഫ്രഷ് പച്ചക്കറികൾ വ്യാഴാഴ്ച മുതൽ ലഭ്യമാകുമെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. അൽ മസ്റൂഅ, അൽവക്റ, അൽഖോർ-ദഖീറ, അൽ ശമാൽ, അൽ ശീഹാനിയ എന്നീ അഞ്ച് ചന്തകളിലാണ് പച്ചക്കറികളുടെ വിൽപന നടക്കുക.
തയാറെടുപ്പുകളെല്ലാം അന്തിമഘട്ടത്തിലെത്തിയതായി ജനറൽ സൂപ്പർവൈസർ അബ്ദുറഹ്മാൻ ഹസൻ അൽ സുലൈതി പറഞ്ഞു.വരുന്ന കാർഷിക സീസണിൽ കാർഷികോൽപന്നങ്ങൾ വിൽക്കുന്നതിനായുള്ള തയാറെടുപ്പുകളുടെ ഭാഗമായാണിത്. ഫ്രഷ് പച്ചക്കറികളുടെ വിതരണത്തിനായി 150 പ്രാദേശിക ഫാമുകൾ തയാറായിട്ടുണ്ട്.
ചന്തകളുടെ നിർമാണം
ഫാമുകളുടെ എണ്ണം വർധിക്കുമെന്നാണ് പ്രതീക്ഷ. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ ഏഴു മുതൽ വൈകീട്ട് നാലു വരെയാണ് കാർഷിക ചന്തകളുടെ പ്രവർത്തന സമയം. പ്രാദേശികമായി ഉൽപാദിപ്പിക്കപ്പെട്ട മുന്തിയ ഇനം പച്ചക്കറികൾ ഇടനിലക്കാരില്ലാതെ ന്യായവിലയ്ക്ക് ഉപഭോക്താക്കളിലേക്കെത്തിക്കുകയാണ് ശൈത്യകാല ചന്തകളിലൂടെ ലക്ഷ്യമിടുന്നത്. പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന പച്ചക്കറികളുടെ 31 ശതമാനവും മന്ത്രാലയം അനുവദിച്ച് നൽകിയ ചന്തകളിലൂടെയും മറ്റുമാണ് വിൽപന നടത്തുന്നത്. ഇതിൽ 11 ശതമാനം ഉൽപന്നങ്ങളും ശൈത്യകാല വിപണികളിലൂടെയാണ്. ഉപഭോക്താക്കളെ ആകർഷിക്കുന്നതിന് ന്യായവിലയിൽ പച്ചക്കറികൾ വിൽക്കുന്നതിന് ഫാം ഉടമകൾക്ക് മന്ത്രാലയത്തിെൻറ പൂർണപിന്തുണയുണ്ട്.
മന്ത്രാലയത്തിെൻറ പിന്തുണയോടെ പച്ചക്കറി ഉൽപാദനം വർധിപ്പിക്കാനായെന്ന് കർഷകരും ഫാം ഉടമകളും പറയുന്നു. വിപണിയിലെ ആവശ്യങ്ങൾക്കനുസരിച്ചാണ് പച്ചക്കറി ഉൽപാദിപ്പിക്കുന്നത്. പച്ചക്കറി വിത്തുകളും വളവും മറ്റു കാർഷികോപകരണങ്ങളും അനുബന്ധ സാധനങ്ങളും സൗജന്യമായാണ് കർഷകർക്ക് ലഭിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.