എൽ.എൻ.ജി ഉൽപാദനം പ്രതിവർഷം 160 ദശലക്ഷം ടണ്ണായി ഉയർത്തും -അൽ കഅ്ബി
text_fieldsഖത്തർ എനർജിയിൽ ദീർഘകാലം സേവനമനുഷ്ഠിച്ച ജീവനക്കാരെ ആദരിക്കുന്ന ചടങ്ങിൽ നിന്ന്
ദോഹ: പ്രാദേശിക, അന്തർദേശീയ എൽ.എൻ.ജി ഉൽപാദനശേഷി പ്രതിവർഷം 160 ദശലക്ഷം ടണ്ണായി ഉയർത്താൻ ലക്ഷ്യമിട്ടുള്ള സുപ്രധാന പദ്ധതികൾ ഖത്തർ എനർജി സമീപഭാവിയിൽ ആരംഭിക്കുമെന്ന് ഊർജകാര്യ സഹമന്ത്രിയും ഖത്തർ എനർജി പ്രസിഡന്റും സി.ഇ.ഒയുമായ സഅദ് ഷെരീദ അൽ കഅ്ബി.
ഊർജ ഉൽപാദനരംഗത്തെ വമ്പന്മാരായ ഖത്തർ എനർജിയിൽ ദീർഘകാലം സേവനമനുഷ്ഠിച്ച ജീവനക്കാരെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റാസ് ലഫാനിലും മിസൈദിലുമുള്ള രണ്ടാമത്തെയും മൂന്നാമത്തെയും സൗരോർജ പ്ലാന്റുകൾ പ്രവർത്തനമാരംഭിക്കുന്നതിലൂടെ ശുദ്ധമായ വായുവും വെള്ളവും നൽകാനുള്ള ഖത്തറിന്റെ പാരിസ്ഥിതിക, സുസ്ഥിര ആവശ്യങ്ങളെ ഖത്തർ എനർജി പിന്തുണക്കുന്നുവെന്നും അൽ കഅ്ബി കൂട്ടിച്ചേർത്തു.
30, 35, 40 വർഷങ്ങളായി ഖത്തർ എനർജിയിൽ സേവനമനുഷ്ഠിക്കുന്ന നിരവധി പേരെയാണ് മന്ത്രി ആദരിച്ചത്. ഇവരിൽ 40 വർഷം സേവനമനുഷ്ഠിച്ച മൂന്നു ജീവനക്കാരും ഉൾപ്പെടും.
ഖത്തർ ജനറൽ പെട്രോളിയം കോർപറേഷനിൽനിന്ന് ഖത്തർ പെട്രോളിയത്തിലേക്കും പിന്നീട് ലോകത്തിലെ ഏറ്റവും മികച്ച ഊർജ കമ്പനികളിലൊന്നായ ഖത്തർ എനർജിയുടെ അത്ഭുതകരമായ യാത്രയിൽ കൂടെനിൽക്കുകയും പിന്തുണക്കുകയും ചെയ്തവരെ അഭിനന്ദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ചെറിയ ദേശീയ എണ്ണക്കമ്പനിയിൽനിന്ന് ആഗോള തലത്തിൽ പ്രമുഖ എൽ.എൻ.ജി കമ്പനിയായി ഖത്തർ എനർജിയെ മാറ്റുന്നതിലും ലോകത്തിലെ ഏറ്റവും വലിയ എൽ.എൻ.ജി, അമോണിയ, യൂറിയ, ഹീലിയം എന്നിവയുടെ കയറ്റുമതിക്കാരായി ഖത്തർ എനർജിയെ വളർത്തുന്നതിലും ജീവനക്കാർ വലിയ പങ്കുവഹിച്ചതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

