എൽ.എൻ.ജി സമ്മേളനം: ആതിഥേയത്വം ഏറ്റുവാങ്ങി ഖത്തർ
text_fieldsദോഹ: ദ്രവീകൃത പ്രകൃതിവാതക ഉൽപാദകരുടെയും വിതരണക്കാരുടെയും ലോകത്തെ ഏറ്റവും വലിയ സംഗമത്തിന് 2026ൽ ഖത്തർ വേദിയാകും. കാനഡയിലെ വാൻകുവറിൽ 20ാമത് എൽ.എൻ.ജി അന്താരാഷ്ട്ര സമ്മേളനവും പ്രദർശനവും സമാപിച്ചതിനു പിന്നാലെയാണ് മൂന്നുവർഷം കഴിഞ്ഞ് നടക്കുന്ന അടുത്ത സമ്മേളനത്തിന്റെ വേദിയായി ഖത്തറിനെ പ്രഖ്യാപിച്ചത്. ലോകത്തെ ഏറ്റവും പ്രബലരായ എൽ.എൻ.ജി രാഷ്ട്രങ്ങളുടെയും വിതരണക്കാരുടെയും കമ്പനികളുടെയുമെല്ലാം അന്താരാഷ്ട്ര ഒത്തുചേരലാണ് ഈ സമ്മേളനം. പ്രകൃതിവാതക ഉൽപാദനത്തിൽ ഖത്തറിന്റെ ഏറ്റവും സുപ്രധാനമായ നോർത്ത് ഫീൽഡ് പദ്ധതിയുടെ കമീഷനിങ് നടക്കുന്ന അതേ വർഷം തന്നെയാണ് സമ്മേളനത്തിന് ഖത്തർ വേദിയാകുന്നതും. അന്താരാഷ്ട്ര എൽ.എൻ.ജി വിപണിയിൽ ഖത്തർ ഏറ്റവും വലിയ ശക്തിയായി മാറുന്ന പദ്ധതികൂടിയാണ് നോർത്ത് ഫീൽഡ്.
വാൻകൂവറിൽ നടന്ന ചടങ്ങിൽ അടുത്ത സമ്മേളനത്തിന്റെ ആതിഥേയത്വം ഖത്തറിന് കൈമാറി. ഖത്തർ എനർജി പബ്ലിക് റിലേഷൻസ് ആൻഡ് കമ്യൂണിക്കേഷൻസ് മാനേജർ ലുൽവ ഖലിൽ സലാത് ചടങ്ങിൽ പങ്കെടുത്തു. 2026ൽ എൽ.എൻ.ജി ലോകത്തെ ഖത്തറിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് അവർ പറഞ്ഞു. ഏറ്റവും ഫലപ്രദമായ ചർച്ചകളും, എത്രത്തോളം മികച്ച രീതിയിൽ ലോകത്തിന്റെ എൽ.എൻ.ജി ആവശ്യം നിറവേറ്റാൻ കഴിയും, ഊർജത്തിന്റെ തുല്യമായ വിതരണവും കൂടുതൽ ഊർജ സുരക്ഷയും ഉറപ്പാക്കാം എന്നതിലെല്ലാം ഫലപ്രദമായ ചർച്ചകളും തീരുമാനങ്ങളും സമ്മേളനത്തിൽ ഉണ്ടാകട്ടെ എന്നും അവർ ആശംസിച്ചു. ഓരോ മൂന്നുവർഷത്തിലുമായി നടക്കുന്ന എൽ.എൻ.ജി സമ്മേളനം ഈ മേഖലയിലെ പുതിയ ഗവേഷണവും വികസനവും സംബന്ധിച്ച വിവിധ വിഷയങ്ങളാൽ ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

