പെൺ വിദ്യാഭ്യാസ മുന്നേറ്റം അടയാളപ്പെടുത്തി ലിവാൻ
text_fieldsലിവൻ ഡിസൈൻ സ്റ്റുഡിയോയുടെ വിദ്യാഭ്യാസ പ്രദർശനം സാമൂഹിക-കുടുംബകാര്യ മന്ത്രി മർയം ബിൻത് അലി ബിൻ നാസർ അൽ മിസ്നദ് ഉദ്ഘാടനം ചെയ്തപ്പോൾ
ദോഹ: രാജ്യത്തെ സ്ത്രീ വിദ്യാഭ്യാസത്തിന്റെ ചരിത്രം പറയുന്ന പ്രദർശനത്തിന് ലിവാൻ സ്റ്റുഡിയോ-ലാബിൽ തുടക്കമായി. ‘ഭാവിയെ ആഘോഷിക്കാൻ ഭൂതകാലത്തെ ആദരിക്കൂ: ഖത്തറിന്റെ വിദ്യാഭ്യാസ പ്രദർശനം’ എന്ന തലക്കെട്ടിൽ സാമൂഹിക വികസന, കുടുംബകാര്യ മന്ത്രി മർയം ബിൻത് അലി ബിൻ നാസർ അൽ മിസ്നദ് പ്രദർശനം ഉദ്ഘാടനം ചെയ്തു. അംന അൽ ജൈദ ഹാളിലാണ് ഖത്തറിലെ സ്ത്രീ വിദ്യാഭ്യാസ ചരിത്രവും നേട്ടങ്ങളും പരാമർശിക്കുന്ന സ്ഥിരം പ്രദർശനം സംഘടിപ്പിക്കുന്നത്.
വിർജീനിയ കോമൺവെൽത്ത് യൂനിവേഴ്സിറ്റി ഓഫ് സ്കൂൾ ഓഫ് ആർട്സ് ഖത്തറിന്റെ (വി.സി.യു-ഖത്തർ) സഹകരണത്തോടെ സംഘടിപ്പിക്കുന്ന പ്രദർശനത്തിൽ, ഖത്തറിലെ പെൺ വിദ്യാഭ്യാസത്തിനായി പ്രവർത്തിക്കുകയും ആദ്യ വനിത സ്കൂളായ ബനാത്ത് അൽ ദോഹയുടെ സ്ഥാപകയും ആദ്യ പ്രിൻസിപ്പലുമായിരുന്ന അംന അൽ ജൈദയുടെ ജീവിതവും പരിശ്രമവുമെല്ലാം പ്രദർശിപ്പിക്കുന്നുണ്ട്. ബനാത്ത് അൽ ദോഹ പിന്നീട് ഉമ്മുൽ മുഅ്മിനീൻ പ്രൈമറി സ്കൂളെന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.
1938 മുതൽ 2006 വരെ ഖത്തറിലെ സ്ത്രീവിദ്യാഭ്യാസം, ഒന്നിലധികം തലമുറകളിലെ സ്ത്രീകളിൽ ഈ സ്കൂൾ ചെലുത്തിയ സ്വാധീനം എന്നിവ പ്രദർശനത്തിൽ ചൂണ്ടിക്കാട്ടുന്നു.
പ്രദർശനം കാണാനെത്തുന്നവർക്ക് സ്കൂളിന്റെ പൂർവവിദ്യാർഥികളുടെ നേട്ടങ്ങൾ അടുത്തറിയാനും അതിന്റെ ഉത്ഭവം മുതൽ ലിവാനിലേക്കുള്ള രൂപാന്തരം വരെയുള്ള മാറ്റത്തിന് സാക്ഷ്യം വഹിക്കാനുമുള്ള അവസരം ലഭിക്കും. വി.സി.യു ആർട്സ് ഖത്തറിലെ എക്സിബിഷൻ ഡിസൈൻ ക്ലാസിൽനിന്നുള്ള ഒരു പ്രോജക്ടിന്റെ പരിസമാപ്തിയാണ് ലിവാനിലെ പ്രദർശനം.
ഫാക്കൽറ്റി അംഗങ്ങളും വിദ്യാർഥികളുമായ ഫാത്തിമ ബദർ അൽ സിദ്ദിഖി, കൽതം ഈസ്സ അൽ ഫഖ്റൂ, ആദില ഹയാതി, അംന അൽഹുമൈദി, ഹുമൈറ നജ്ദാൻ, മർയം അൽ മജീദ്, സൈനബ് അൽ സഫർ, ഹനിൻ ദർവീഷ്, അയാഹ് എൽ ഫിഹൈൽ, ലുൽവ ആൽഥാനി, ഇസ്രാ മഹ്ജൂബ് എന്നിവരാണ് പ്രദർശനത്തിന്റെ അണിയറയിൽ പ്രവർത്തിച്ച പ്രധാനികൾ.
ഖത്തറിലെ വിദ്യാഭ്യാസമേഖലക്ക് ആദരവ് അർപ്പിക്കുന്ന ഈ പ്രദർശനത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും എല്ലാ പൂർവവിദ്യാർഥികളെയും അവരുടെ അമൂല്യമായ ഓർമകൾ വീണ്ടും സജീവമാക്കാനും ആഘോഷിക്കാനും പ്രദർശനം പ്രോത്സാഹിപ്പിക്കുമെന്നും എക്സിബിഷനുകളുടെ ആക്ടിങ് ഡെപ്യൂട്ടി സി.ഇ.ഒയും ഖത്തർ മ്യൂസിയത്തിലെ സെൻട്രൽ എക്സിബിഷൻസ് ഡയറക്ടറുമായ ശൈഖ റീം ആൽഥാനി ഖത്തർ വാർത്ത ഏജൻസിയോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

