ആകാശത്തും ഇനി സ്പോർട്സ് ലൈവ്
text_fieldsഖത്തർ എയർവേസും സ്പോർട്സ് 24ഉം ഓൺബോർഡ് ലൈവ് ബ്രോഡ്കാസ്റ്റിങ് കരാറിൽ
ഒപ്പുവെച്ചപ്പോൾ
ദോഹ: ആകാശ യാത്രയിലും മുടക്കമില്ലാത്ത കളിയാവേശം ഉറപ്പാക്കി ഖത്തർഎയർവേസ്. സ്റ്റാർലിങ്കും, ആഗോള സ്പോർട്സ് മാർക്കറ്റിങ് ഏജൻസിയായ ഐ.എം.ജിയുമായി സഹകരിച്ചാണ് ഖത്തർ എയർവേസിലെ യാത്രക്കാർക്ക് 35,000 അടിക്ക് മുകളിൽ പറക്കുമ്പോഴും തത്സമയ സ്പോർട്സ് സ്ട്രീമിങ് ഉറപ്പാക്കിക്കൊണ്ട് വ്യോമയാന മേഖലയിലെ നിർണായക ചുവടുവെപ്പ് കുറിച്ചത്. ഇതുവഴി, ഖത്തർ എയർവേസ് യാത്രക്കാർക്ക് സ്പോർട്സ് 24, സ്പോർട്സ് എക്സ്ട്രാ ചാനലുകളിലൂടെ ലോകത്തിന്റെ ഏത് കോണിലുള്ള കായികമേളകളും ആകാശ ഉയരത്തിലും ആസ്വദിക്കാനാവും. സ്റ്റാർലിങ്കുമായി സഹകരിച്ച് ആകാശയാത്രയിൽ സ്പോർട്സ് 24 വഴി തത്സമയ സ്പോർട്സ് സ്ട്രീമിങ് ഉറപ്പാക്കുന്ന എയർലൈൻസ് എന്ന റെക്കോഡും ഖത്തർ എയർവേസ് കുറിച്ചു.
എയർലൈൻ, ക്രൂസ് യാത്രക്കാർക്ക് സ്പോർട്സ് സ്ട്രീമിങ് ലഭ്യമാക്കുന്ന ലോകത്തെ ഏക പ്ലാറ്റ്ഫോമാണ് സ്പോർട്സ് 24. യാത്രക്കാർക്ക് മൊബൈൽ ഫോൺ, ടാബ്, ലാപ്ടോപ് എന്നിവ ഉപയോഗിച്ചുതന്നെ വിമാനയാത്രയിൽ വിവിധ കായിക മത്സരങ്ങൾ കാണാൻ കഴിയും. യുവേഫ ചാമ്പ്യൻസ് ലീഗ്, ഫോർമുല വൺ, ക്ലബ് ലോകകപ്പ്, എൻ.ബി.എ, റഗ്ബി ലീഗ്, മോട്ടോ ജി.പി തുടങ്ങിയ ആഗോള കായിക മാമാങ്കങ്ങളെ സ്പോർട്സ് 24 കാഴ്ചക്കാർക്ക് സമ്മാനിക്കും.
ഐ.എം.ജിയുമായുള്ള പങ്കാളിത്തത്തിലൂടെ വിമാന യാത്ര ഖത്തർ എയർവേസ് വീണ്ടും പുനർനിർവചിക്കുകയാണെന്ന് ഖത്തർ എയർവേസ് ഗ്രൂപ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ എൻജി. ബദർ മുഹമ്മദ് അൽ മീർ പറഞ്ഞു.
സ്റ്റാർലിങ്കിന്റെ അതിവേഗ കണക്ടിവിറ്റിയും തത്സമയ സ്പോർട്സ് സ്ട്രീമിങ്ങും സംയോജിപ്പിച്ച് അവതരിപ്പിക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര എയർലൈനായി ഖത്തർ എയർവേസ് മാറുകയാണ്. ലോകത്തിലെവിടെയിരുന്നും കായികാസ്വാദനമെന്ന അനുഭവത്തിലേക്ക് യാത്രക്കാരെ സ്വാഗതം ചെയ്യുന്നു. ഫുട്ബാൾ ആരാധകർ മുതൽ ടെന്നീസ് പ്രേമികൾ വരെയുള്ളവർക്ക് 35,000 അടി ഉയരത്തിലെ യാത്രയിലും മികച്ച കായിക നിമിഷങ്ങൾ ഒരുനിമിഷം പോലും നഷ്ടപ്പെടില്ലെന്ന് ഉറപ്പു വരുത്തുകയാണ് ഈ ചുവടുവെപ്പ് -ബദർ മുഹമ്മദ് അൽ മീർ പറഞ്ഞു.
യാത്രക്കാർക്ക് അതിവേഗ ഇന്റർനെറ്റ് വാഗ്ദാനം നൽകുന്ന മിന മേഖലയിലെ ഏക എയർലൈൻസായ ഖത്തർ എയർവേസ്, ലോകത്തെ ഏറ്റവും മികച്ച എയർലൈൻ ഇന്റർനെറ്റും ഉറപ്പു നൽകുന്നുണ്ട്. നിലവിൽ ബോയിങ് 777, എയർബസ് എ 350 വിമാനങ്ങളിൽ സേവനം ആരംഭിച്ചു കഴിഞ്ഞു. സ്റ്റാർലിങ്ക് സേവനമുള്ള വിമാനത്തിലെ യാത്രക്കാർക്ക് ക്യു.ആർ കോഡ് സ്കാൻ ചെയ്തുകൊണ്ട് സ്പോർട്സ് 24 വെബ് സ്ട്രീമിങ് കാഴ്ചകളിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാനാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

