‘ലിറ്റിൽ എംപ്ലോയി’; രക്ഷിതാക്കളുടെ ഒഫിസുകൾ സന്ദർശിച്ച് കുട്ടികൾ
text_fieldsഖത്തർ കരിയർ ഡെവലപ്മെന്റ് സെന്റർ സംഘടിപ്പിച്ച ‘ലിറ്റിൽ എംപ്ലോയി’ പരിപാടിയിൽ ഖത്തർ മ്യൂസിയംസിലെ ജീവനക്കാരുടെ മക്കൾ
ദോഹ: കുട്ടികൾക്ക് അവരുടെ രക്ഷിതാക്കളോടൊപ്പം ജോലിസ്ഥലം സന്ദർശിക്കാനും തൊഴിൽ അന്തരീക്ഷം മനസ്സിലാക്കാനും അതുവഴി ജീവനക്കാരും അവരുടെ കുടുംബങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും അവസരമൊരുക്കി ഖത്തർ ഫൗണ്ടേഷൻ.
ഖത്തർ കരിയർ ഡെവലപ്മെന്റ് സെന്റർ സംഘടിപ്പിച്ച അഞ്ചാമത് ‘ലിറ്റിൽ എംപ്ലോയി’ പരിപാടിയിൽ ഖത്തർ മ്യൂസിയംസിലെ ജീവനക്കാരുടെ മക്കൾ പങ്കെടുത്തു. ഒരു ദിവസം നീണ്ടുനിന്ന പരിപാടിയിൽ ജീവനക്കാരുടെ 35 മക്കൾക്ക് ജോലി നിരീക്ഷണത്തിനും പ്രായോഗിക പഠനത്തിനുമുള്ള അവസരങ്ങൾ ലഭിച്ചു.
കുട്ടികൾ അവരുടെ മാതാപിതാക്കൾക്കൊപ്പം മ്യൂസിയത്തിന്റെ വിവിധ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. പ്രദർശനങ്ങൾ ഒരുക്കുന്നതും മ്യൂസിയത്തിലെ വസ്തുക്കൾ സംരക്ഷിക്കുന്നതും സന്ദർശകരെ സേവിക്കുന്നതുമെല്ലാം എങ്ങനെയാണെന്ന് കുട്ടികൾ നേരിൽ കണ്ടു മനസ്സിലാക്കി. മാതാപിതാക്കളുടെ തൊഴിലിടങ്ങൾ അടുത്തറിയുകയും തൊഴിൽ അന്തരീക്ഷം മനസ്സിലാക്കുകയും ചെയ്തു. ഇത്തരം പരിപാടികൾ യുവതലമുറയെ പ്രചോദിപ്പിക്കാനും ചെറുപ്രായത്തിൽതന്നെ തൊഴിൽ സംസ്കാരം വളർത്തിയെടുക്കാനും സഹായകരമാകുന്നതാണ്.
കുട്ടികളുടെ കരിയർ വികസിപ്പിക്കുന്നതിൽ കുടുംബങ്ങൾക്കുള്ള പ്രാധാന്യവും ഇത്തരം പരിപാടിയിലൂടെ ഉറപ്പാക്കപ്പെടുന്നു. കരിയർ അവബോധം ചെറുപ്രായത്തിൽതന്നെ തുടങ്ങണമെന്ന് ഖത്തർ മ്യൂസിയംസ് സി.ഇ.ഒ മുഹമ്മദ് സാദ് അൽ റുമൈഹി പറഞ്ഞു. ഞങ്ങളുടെ പ്രവർത്തന ഇടങ്ങൾ തുറന്നു നൽകുന്നതിലൂടെ യുവതലമുറക്ക് മ്യൂസിയങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാട് നൽകാൻ സാധിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

