ലിറ്റിൽ ചാമ്പ്യൻസ് 'സ്പീക്കപ്'
text_fieldsദോഹ: 'ഗൾഫ് മാധ്യമം' ഒരുക്കുന്ന കൗമാരപ്രതിഭകളുടെ പ്രസംഗമത്സരമായ 'സ്പീക്കപ് ഖത്തറിലേക്ക്' നാളുകൾ എണ്ണി കാത്തിരിക്കുകയാണ് മത്സരാർഥികൾ.
എല്ലാ കോണുകളിൽനിന്ന് അറിവുകൾ തേടി, വാക്കുകൾക്ക് മുനകൂട്ടി, വേദിയിൽ തീപ്പൊരി ചിതറാൻ തയാറെടുക്കുകയാണ് ഫൈനലിസ്റ്റുകൾ. ജൂൈല 23ന് നടക്കുന്ന ഫൈനൽ റൗണ്ടിൽ മാറ്റുരക്കുന്ന വിദ്യാർഥികളെ തിങ്കളാഴ്ച മുതൽ പരിചയപ്പെടാം.
സ്നേഹ ടോം
ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിലെ 11ാം ക്ലാസ് വിദ്യാർഥിനിയാണ് സ്നേഹ ടോം. സീനിയർ ഇംഗ്ലീഷ്-മലയാളം വിഭാഗങ്ങളിൽ ഫൈനൽ റൗണ്ടിന് ഒരുങ്ങുകയാണ് എറണാകുളം മലയാറ്റൂരിൽനിന്നുള്ള കൊച്ചുമിടുക്കി. 'സ്പീക്കപ് ഖത്തർ' അവസാന റൗണ്ടിലേക്ക് രണ്ട് വിഭാഗങ്ങളിലും യോഗ്യത നേടിയതിൻെറ സന്തോഷത്തിലാണിവർ.
ആദ്യ റൗണ്ടിനേക്കാൾ ആകാംക്ഷയിലാണിപ്പോൾ. പക്ഷേ, ആത്മവിശ്വാസം വർധിച്ചിട്ടുണ്ട്. പുസ്തകങ്ങളും ഇൻറർനെറ്റിൽനിന്നുള്ള ലേഖനങ്ങളും വിഡിയോകളുമായി ഫൈനലിനായുള്ള ഒരുക്കത്തിലാണ്. മത്സരത്തെ കൂടുതൽ ഗൗരവത്തോടെ സമീപിക്കാൻ കഴിഞ്ഞ ദിവസത്തെ പരിശീലനം സഹായിച്ചു.
അഷ്കർ മുഹമ്മദ് നിജാസ്
എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ 10ാം ക്ലാസ് വിദ്യാർഥിയാണ് അഷ്കർ മുഹമ്മദ്. ഇൻറർനാഷനൽ സ്പീച് കോമ്പിറ്റീഷനിലും ടോസ്റ്റ്മാസ്റ്റർ മത്സരങ്ങളിലുമെല്ലാം പങ്കെടുത്ത അനുഭവസമ്പത്തുമായാണ് കൗമാരപ്രതിഭ 'ഗൾഫ് മാധ്യമം' സ്പീക്കപ് ഫൈനലിന് ഒരുങ്ങുന്നത്. ഇംഗ്ലീഷ്-മലയാളം വിഭാഗങ്ങളിൽ മത്സരിക്കുന്നുണ്ട്.
ഏറെ ആത്മവിശ്വാസത്തോടെയാണ് ഫൈനലിന് തയാറെടുക്കുന്നത്. പത്രങ്ങളിലും ഇൻറർനെറ്റിൽനിന്ന് കണ്ടെത്തുന്ന ലേഖനങ്ങളെയും ആശ്രയിച്ചുള്ള ഒരുക്കത്തിലാണ്. ഒപ്പം കാമറക്ക് മുന്നിൽ സംസാരിക്കുന്നത് പരിശീലിക്കുകയും ചെയ്യുന്നു.
ഷാഹിന ഹാഷിം
ഖത്തർ ഐഡിയിൽ ഇന്ത്യൻ സ്കൂളിൽ 11ാം ക്ലാസ് വിദ്യാർഥിനിയാണ് ഷാഹിന ഹാഷിം. മലപ്പുറം പൊന്നാനി സ്വദേശി. സീനിയർ മലയാള വിഭാഗത്തിൽ മത്സരിക്കുന്നു.
മദ്റസതലത്തിൽ പ്രസംഗ മത്സരങ്ങളിൽ നേടിയ വിജയങ്ങളുടെ ആത്മവിശ്വാസത്തോടെയാണ് ഷാഹിന സ്പീക്കപ് ഖത്തർ ഫൈനൽ റൗണ്ടിന് ഒരുങ്ങുന്നത്. പുസ്തകങ്ങളും ലേഖനങ്ങളും വായിച്ച് കുറിപ്പുകൾ തയാറാക്കിയും ഇൻറർനെറ്റിൽനിന്ന് പ്രധാന പോയൻറുകൾ കണ്ടെത്തിയുമാണ് ഒരുക്കം. മകളുടെ തയാറെടുപ്പിന് പിന്തുണയുമായി ഉമ്മയും കൂടെയുണ്ട്.
ജോൺ പോൾ ലോറൻസ്
എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ 11 ാം ക്ലാസുകാരനാണ് ജോൺ പോൾ. സീനിയർ വിഭാഗം മലയാളം, ഇംഗ്ലീഷ് പ്രസംഗ മത്സരങ്ങൾക്കായി ഒരുങ്ങുന്നു.
ഇൻറർ സ്കൂൾതല പ്രസംഗമത്സരങ്ങളിലും ഡിബേറ്റുകളിലും നേരത്തെതന്നെ മികച്ച നേട്ടങ്ങൾ കൊയ്ത കൗമാരക്കാരൻ സ്പീക്കപ് ഖത്തറിൻെറ ഫൈനൽ റൗണ്ടിലെത്തിയ സന്തോഷത്തിലാണ്.
മികച്ച ജഡ്ജിങ് പാനലിനു മുന്നിൽ ഫൈനൽ റൗണ്ടിനായി തയാറെടുക്കുകയാണ് തൃശൂർ പാവറട്ടി സ്വദേശിയായ ജോൺ പോൾ.
തീർഥ അരവിന്ദ്
േമാഡേൺ ഇന്ത്യൻ സ്കൂളിൽ 11ാം ക്ലാസ് വിദ്യാർഥിനിയാണ് തീർഥ. തൃശൂർ മണ്ണുത്തി സ്വദേശി. സീനിയർ മലയാള വിഭാഗത്തിൽ മത്സരിക്കുന്നു. സ്കൂൾ തലത്തിൽതന്നെ മത്സരപരിചയവുമായാണ് കൗമരക്കാരി സ്പീക്കപ് ഖത്തർ ഫൈനൽ റൗണ്ടിന് ഒരുങ്ങുന്നത്.
പുസ്തകങ്ങളും ലേഖനങ്ങളുമെല്ലാം സമാഹരിച്ചാണ് അവസാനവട്ട തയാറെടുപ്പ്. കൂട്ടിന് അമ്മയുമുണ്ട്. വർക്ഷോപ് കൂടി കഴിഞ്ഞതോടെ വലിയ മത്സരങ്ങളിൽ പങ്കെടുക്കാനും വിശാലമായ സദസ്സിന് മുന്നിൽ സംസാരിക്കാനുമുള്ള ഊർജം ലഭിച്ചെന്ന് തീർഥ പറയുന്നു.
ഷെസ ഫാത്തിമ
എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ് ഷെസ ഫാത്തിമ. കോഴിക്കോട് തിക്കോടി ചിങ്ങപുരം സ്വദേശി.സീനിയർ മലയാള വിഭാഗത്തിൽ മത്സരിക്കുന്നു. വിവിധ റൗണ്ടുകൾ കടന്ന് ഫൈനൽ റൗണ്ടിലെത്തിയ ആവേശത്തിലാണ് ഈ കൗമാരക്കാരി.
പ്രഗത്ഭരായ ജഡ്ജസുകൾ അണിനിരക്കുന്ന മത്സരത്തിൽ നന്നായി വിഷയം അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. പുസ്തകങ്ങളും ഇൻറർനെറ്റിൽനിന്നുള്ള ലേഖനങ്ങളും പ്രസംഗങ്ങളും ഉപയോഗപ്പെടുത്തി കുറിപ്പ് തയാറാക്കിയാണ് തയാറെടുപ്പ്. പരിശീലന ക്യാമ്പിലെ അനുഭവം ആത്മവിശ്വാസം പകർന്നതായും ഷെസ പറയുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

