എ.ഐ യുഗത്തിൽ ആജീവനാന്തം പഠനം: കെയർ ദോഹ കാമ്പയിൻ
text_fieldsസെമിനാറിന് ഡേറ്റ സയൻസ് അനലിറ്റിക്സ് വിദഗ്ധൻ
ഇ. അർഷാദ് നേതൃത്വം
നൽകുന്നു
ദോഹ: നിർമിത ബുദ്ധിയുടെ വെല്ലുവിളികളെയും സാധ്യതകളെയും കുറിച്ച് ചർച്ച ചെയ്യാനും പുതിയ കാലഘട്ടത്തിനനുസരിച്ച് പ്രഫഷനലുകളെ സജ്ജരാക്കാനുമായി കരിയർ അസിസ്റ്റന്റ്സ് റിസർച്ച് ആൻഡ് എജുക്കേഷൻ (കെയർ) സംഘടിപ്പിച്ച ‘എ.ഐ യുഗത്തിൽ ആജീവനാന്തം പഠനം’ എന്ന വിജ്ഞാന കാമ്പയിൻ ശ്രദ്ധേയമായി. ഒക്ടോബർ 10ന് ആരംഭിച്ച് നവംബർ ഒന്നിന് സമാപിച്ചു. കാമ്പയിനിൽ ഖത്തറിലെ വിദ്യാർഥികളും വിവിധ മേഖലകളിൽനിന്നുള്ള വിദഗ്ധരുമായി നിരവധി പേർ പങ്കെടുത്തു.
കരിയർ അസിസ്റ്റന്റ്സ് റിസർച്ച് ആൻഡ് എജുക്കേഷൻ (കെയർ) സംഘടിപ്പിച്ച ‘എ.ഐ യുഗത്തിൽ ആജീവനാന്തം പഠനം’ എന്ന വിജ്ഞാന കാമ്പയിൻ പരിപാടിയിൽ പങ്കെടുത്തവർ
വിവിധ വിഷയങ്ങളിൽ സെഷനുകൾ, വർക്ക്ഷോപ്പുകൾ, കരിയർ കഫേ, പാനൽ ചർച്ചകൾ എന്നിവ സംഘടിപ്പിച്ചു. യൂത്ത് ഫോറം പ്രസിഡന്റ് ബിൻഷാദ് പുനത്തിൽ ഉദ്ഘാടനം നിർവഹിച്ചു. കാമ്പയിനിന്റെ ആദ്യ സെഷനിൽ ഡോ. മുഹമ്മദ് ഷാക്കിർ ‘എ.ഐ യുഗത്തിൽ ആജീവനാന്തം പഠനത്തിന്റെ പ്രാധാന്യം’ എന്ന വിഷയത്തിൽ സംസാരിച്ചു. എച്ച്.ആർ ആൻഡ് അഡ്മിൻ മേഖലയിൽ നടത്തിയ സെഷന് ഡോ. താജ് അലുവ നേതൃത്വം നൽകി.
‘ജോലിസ്ഥലത്ത് എ.ഐ: അഡ്മിൻ, എച്ച്.ആർ ജോലികളിലെ തയാറെടുപ്പ്’ എന്ന വിഷയത്തിൽ അഡ്മിൻ, ഹ്യൂമൻ റിസോഴ്സസ് ജോലികളിൽ എ.ഐ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് സംസാരിച്ചു. സംരംഭകത്വം പ്രമേയത്തിൽ DIETUREന്റെ ഫൗണ്ടറും സി.ഇ.ഒയുമായ നുവൈദ് പോക്കർ സെഷൻ നടത്തി. ഫിനാൻസ് മേഖലക്കായി നടത്തിയ വർക്ക്ഷോപ്പിൽ സൽമാൻ പി. ബാവ, അബ്ദുൽ റഊഫ് എന്നിവർ ക്ലാസെടുത്തു. എ.ഐയുടെ സഹായത്തോടെ പ്രതിമാസ, വാർഷിക ക്ലോസിങ്, എം.ഐ.എസ് റിപ്പോർട്ടിങ് എന്നിവ എങ്ങനെ കാര്യക്ഷമമാക്കാം എന്നതിനെക്കുറിച്ച് പ്രായോഗിക പരിശീലനം നൽകി. എൻജിനീയറിങ് വിഭാഗങ്ങൾക്കായുള്ള സെഷനിൽ, കരിയർ ഗ്രോത്ത് സ്ട്രാറ്റജിസ്റ്റായ അലി അജ്മൽ കുഴിക്കാട്ടത്തൊടി സംസാരിച്ചു. ഖത്തർ സുസ്ഥിരതാവാരത്തിന്റെ ഭാഗമായി നടന്ന സമാപന സെഷന് ഡേറ്റ സയൻസ് അനലിറ്റിക്സ് വിദഗ്ധൻ ഇ. അർഷാദ് നേതൃത്വം നൽകി. അഹമ്മദ് അൻവർ, അബ്ദുറഹീം, ഷംസീർ, മുഹ്സിൻ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

